വിവാഹം അങ്ങ് സ്വര്‍ഗത്തില്‍ നടക്കുന്നു എന്നാണ് പറയുക. പക്ഷേ ഇങ്ങ് കൊച്ചിയില്‍ നടക്കുമ്പോള്‍ അല്പം മുന്‍കരുതലെടുക്കുന്നത് നല്ലതാണ്. അപ്രതീക്ഷിതമായുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍ പെട്ട് ചിലപ്പോള്‍ മുഹൂര്‍ത്തത്തിന് വിവാഹമണ്ഡപത്തിലെത്താന്‍ സാധിച്ചെന്ന് വരില്ല. ട്രാഫിക് ജാമില്‍ കുരുങ്ങി സ്വന്തം വിവാഹത്തിന് എത്താന്‍ പറ്റില്ലെന്ന് കരുതിയ പാലക്കാട് സ്വദേശി രഞ്ജിത് കുമാറിനെ ഒടുവില്‍ രക്ഷിച്ചത് മെട്രോയാണ്. കൊച്ചിക്കാരുടെ സ്വന്തം മെട്രോ.

ഡിസംബര്‍ 23 നായിരുന്നു രഞ്ജിത്തിന്റെ കല്യാണം. എറണാകുളത്തായിരുന്നു വിവാഹവേദി. രഞ്ജിത്തും വീട്ടുകാരും പുലര്‍ച്ചെ ആറുമണിക്ക് തന്നെ യാത്ര ആരംഭിച്ചു. അല്പം റിലാക്‌സ്ഡ് ആയി 11 മണിയോടെ വിവാഹ മണ്ഡപത്തില്‍ എത്താമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ചാലക്കുടിയിലും അങ്കമാലിയിലും ഉണ്ടായ ഗതാഗതക്കുരുക്ക് രഞ്ജിത്തിന്റെയും വീട്ടുകാരുടെയും പ്രതീക്ഷ തെറ്റിച്ചു. ആലുവയില്‍ എത്തിയപ്പോള്‍ തന്നെ പതിനൊന്നുമണിയായി. വിവാഹത്തിന് എത്തിച്ചേരുന്ന കാര്യം സംശയമായതോടെ മറ്റുവഴികളെ കുറിച്ച് ആലോചിച്ചു. 

അതിനിടയിലാണ് ആരോ മെട്രോയില്‍ പോകുന്ന കാര്യം നിര്‍ദേശിച്ചത്. പിന്നെ വൈകിയില്ല. വരനും വീട്ടുകാരും ആലുവ മെട്രോ സ്‌റ്റേഷനിലേക്ക് കുതിച്ചു. അവിടെ ചെന്നപ്പോള്‍ ടിക്കറ്റിനായി നീണ്ട ക്യൂ. രഞ്ജിത് മടിച്ചില്ല. ഇന്നെന്റെ വിവാഹമാണെന്നും അവിടെ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും കൗണ്ടറിലുള്ളവരെ ബോധിപ്പിച്ചു. രഞ്ജിത്തിന്റെ അവസ്ഥ മനസ്സിലാക്കിയ മെട്രോ ജീവനക്കാര്‍ ഉടന്‍ തന്നെ പരിഹാരം കണ്ടു. ഒടുവില്‍ മെട്രോ കയറി വിവാഹ മണ്ഡപത്തിലേക്ക്.. ഏതായാലും മുഹൂര്‍ത്തത്തിന് തന്നെ വിവാഹം കഴിഞ്ഞു. 

മെട്രോ രക്ഷിച്ച രഞ്ജിത്തിന്റെയും ധന്യയുടെയും സിനിമാറ്റിക് സ്‌റ്റൈലിലുള്ള കല്യാണക്കഥ മെട്രോ തന്നെയാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ആശംസകള്‍ക്കൊപ്പം വിവാഹസമ്മാനമായി ഇരുവര്‍ക്കും കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡും കൊച്ചി മെട്രോ നല്‍കിയിട്ടുണ്ട്. 'ഞങ്ങള്‍ ജീവിതങ്ങളെ തൊടുന്നു എന്ന് പറയുമ്പോള്‍ അതില്‍ ഒട്ടും അതിശയോക്തി കലര്‍ത്തുന്നില്ല' എന്ന വാചകത്തോടെയാണ് രഞ്ജിത്തിന്റെയും ധന്യയുടെയും കല്യാണക്കഥ മെട്രോ അവതരിപ്പിച്ചിരിക്കുന്നത്. 

Content Highlights: Kochi Metro, Renjith Dhanya Wedding, My Kochi Metro