ചുവപ്പും ഗോള്‍ഡനും നിറത്തിലുള്ള പട്ടുസാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് തലയില്‍ മുല്ലപ്പൂ മാലയണിഞ്ഞ് പരമ്പരാഗത തമിഴ് വധുവായ് ചിഹാരു വിവാഹ മണ്ഡപത്തിലെത്തി. യുടോയും ഒട്ടും കുറച്ചില്ല കസവുമുണ്ടും ക്രീം കളര്‍ ഷര്‍ട്ടും അണിഞ്ഞ് ഒന്നാന്തരം തെന്നിന്ത്യന്‍ വരനായിത്തന്നെയായിരുന്നു യുടോയുടെയും വരവ്. 

2017 ഡിസംബര്‍ 31-ന് മധുര മീനാക്ഷി ക്ഷേത്രം വേദിയായത് അപൂര്‍വ്വമായ ഒരു വിവാഹ ചടങ്ങിനാണ്. ജപ്പാന്‍ സ്വദേശികളായ ചിഹാരുവിന്റെയും യുടോയുടെയും വിവാഹത്തിന്. ജപ്പാന്‍ സ്വദേശികളാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ജപ്പാനില്‍ വെച്ച് ഇരുവരുടെയും വിവാഹം കഴിഞ്ഞുവെങ്കിലും തമിഴ് ആചാര പ്രകാരം ഇരുവരും ഒരിക്കല്‍ കൂടി വിവാഹിതരാവുകയായിരുന്നു. 

അതിന് നിമിത്തമായത് ചിഹാരുവിന് തമിഴ്‌നാടിനോടുള്ള അടങ്ങാത്ത സ്‌നേഹവും. ഒരു ഭാഷാശാസ്ത്ര വിദ്യാര്‍ത്ഥിനിയായിരുന്ന ചിഹാരു ഗവേഷണങ്ങളുടെ ഭാഗമായാണ് ആദ്യമായി തമിഴ്‌നാട്ടിലെത്തുന്നത്. തമിഴ് പഠിക്കാന്‍ തുടങ്ങിയ ചിഹാരുവിന് തമിഴ് മാത്രമല്ല, തമിഴ്‌നാടും തമിഴ് സംസ്‌കാരവും ഒരുപോലെ പ്രിയപ്പെട്ടതായി. ജപ്പാനീസ് ഭാഷ പോലെ തമിഴും ചിഹാരു അനായാസമായി സംസാരിക്കും. 

തമിഴ്‌നാട്ടിലുളള ചിഹാരുവിന്റെ സുഹൃത്ത് വിനോദിനിയാണ് തമിഴ് ആചാരപ്രകാരം വിവാഹം നടത്തുന്നതിനെ കുറിച്ച് ചിഹാരുവിനോട് ആദ്യം സൂചിപ്പിക്കുന്നത്. നിര്‍ദേശം ഇഷ്ടപ്പെട്ട ചിഹാരു പിന്നെ മറ്റൊന്നും ആലോചിച്ചില്ല യോടോവിനൊപ്പം 6000 കിലോമീറ്ററുകള്‍ പിന്നിട്ട് മധുരയിലെത്തി. വിനോദിനിയും ഭര്‍ത്താവ് വെങ്കിടേഷും ചേര്‍ന്ന് വിവാഹത്തിന് വേണ്ട ഒരുക്കങ്ങളെല്ലാം നടത്തി. 

തമിഴില്‍ അച്ചടിച്ച മഞ്ഞ നിറത്തിലുള്ള ക്ഷണപത്രിക മുതല്‍, കാശി യാത്ര, കന്യാദാനം തുടങ്ങിയ പരാമ്പരാഗത ചടങ്ങുകളോടെയായിരുന്നു ഇവരുടെ വിവാഹം. 

'തമിഴുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് ഇഷ്ടമാണ്.'നല്ല ഒഴുക്കന്‍ തമിഴില്‍ ചിഹാരു പറയുന്നു. ചിഹാരുവിന്റെ സ്വപ്‌നങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി നില്‍ക്കുന്ന യുടോവും തമിഴ്‌നാടിന്റെയും സംസ്‌കാരത്തിന്റെയും ആരാധകനായി മാറിയിരിക്കുകയാണ്. ഇരുവരുടെയും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. 

Content Highlights: Wedding, Japanese Couple

Courtesy : The News Minute