മൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലിന്റേയും പരിഹാസങ്ങളുടേയും കഥകള്‍ ഓരോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പറയാനുണ്ടാകും. സ്ത്രീയ്ക്കും പുരുഷനുമെന്ന പോലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും തുല്യാവകാശമുണ്ടെന്ന് തിരിച്ചറിയുന്നവര്‍ ഇന്നും കുറവാണ്, ഓരോ ദിവസവും ജീവിതത്തോട് പോരാടിയാണ് അവര്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ കീഴടക്കുന്നത്. അത്തരത്തില്‍ എല്ലാ പ്രതിബന്ധങ്ങളേയും മറികടന്ന് ആഗ്രഹിച്ച ജീവിതം സ്വന്തമാക്കിയ ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

മഹാരാഷ്ട്രയിലെ രാജ്ഗാവോ ഗ്രാമത്തില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍ ലളിത് സാല്‍വെയാണ് സ്ത്രീയില്‍ നിന്നും പുരുഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ അഭിമാനാര്‍ഹമായ കരിയറും ആഗ്രഹിച്ച ജീവിതവും നേടിയെടുത്തത്. 2018 വരെ ലളിതയായി ജീവിച്ച ഇദ്ദേഹം കഴിഞ്ഞ ഒരുവര്‍ഷം തൊട്ടാണ് തന്റെ അസ്ഥിത്വത്തില്‍ ജീവിക്കാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിന് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് തന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തു അദ്ദേഹം. 

നിയമത്തോടും സാഹചര്യങ്ങളോടുമൊക്കെയുള്ള നിരന്തരപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ലളിത പുരുഷനായി മാറിയത്. മുംബൈയിലെ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ 2018 മേയിലാണ് ലിംഗമാറ്റശസ്ത്രക്രിയയുടെ ആദ്യഘട്ടം നടന്നത്. രണ്ടാംഘട്ടവും മൂന്നാംഘട്ടവും കഴിഞ്ഞതോടെ തന്റെ മുപ്പതാം വയസ്സില്‍ അവര്‍ പുരുഷനായ മാറി. 

'' മൂന്നു ഘട്ടങ്ങളിലായുള്ള ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ എനിക്ക് പുനര്‍ജന്മം ലഭിച്ചു. വിവാഹത്തോടെ ഞാന്‍ സന്തോഷകരമായ പുതുജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ വിവാഹത്തില്‍ സന്തുഷ്ടരാണ്. ''- സാല്‍വെ പറയുന്നു. 

പോലീസില്‍ ഉദ്യോഗം ആരംഭിച്ചതിനു ശേഷമാണ്  ലളിത് സര്‍ജറി ചെയ്യാന്‍തീരുമാനിച്ചത്. എന്നാല്‍ പോലീസ് സേനയില്‍ സ്ത്രീക്കും പുരുഷനും വേണ്ട ഉയരവും വണ്ണവുമൊക്കെ വ്യത്യസ്തമാണെന്ന നിബന്ധനയുണ്ടെന്ന് പറഞ്ഞ് സേന അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ലളിത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഹൈക്കോടതി ലളിതിനെ മഹാരാഷ്ട്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേക്ക് അയക്കുകയും അവിടെ നിന്ന്‌ ലളിതിന് സര്‍ജറിക്കായി അവധി അനുവദിക്കുകയുമായിരുന്നു. ലിംഗമാറ്റശസ്ത്രക്രിയയോടെ ലളിതിനെ പുരുഷ പോലീസ് ആയി സ്വീകരിക്കുകയും ചെയ്തു.

Content Highlights: Female Cop Who Transformed Herself Into A Man Marries A Woman