ന്ത്യയിലെ വിവാഹങ്ങളുടെ പ്രത്യേകത അവയിലെ വൈവിധ്യമായ ആചാരങ്ങളാണ്. ചിലരാകട്ടെ സ്റ്റീരിയോടൈപ്പുകളെയെല്ലാം കാറ്റിൽപ്പറത്തി ലളിതമായ വിവാഹം സ്വീകരിക്കാറുമുണ്ട്.  വിവാഹത്തിനായി ധരിച്ച ലെഹം​ഗയുടെ പേരിൽ വാർത്തയിൽ നിറയുകയാണ് ഒരു വധു. വിവാഹവസ്ത്രത്തിൽ പ്രതിശ്രുത വരന്റെ പേരോ ഓർമകളോ ഒക്കെ തുന്നിച്ചേർക്കുന്നത് സാധാരണമാണ് ഇന്ന്. എന്നാൽ ഇവിടെ മരിച്ചുപോയ അച്ഛന്റെ ഓർമകൾ തുന്നിച്ചേർത്താണ് വധു ശ്രദ്ധിക്കപ്പെടുന്നത്.

മരിച്ചുപോയ അച്ഛന്റെ കത്ത് ലെഹം​ഗയിൽ തുന്നിച്ചേർത്താണ് ആ വധു വിവാഹ വേ​ദിയിലേക്ക് കടന്നുവന്നത്. ലെഹം​ഗയ്ക്കൊപ്പം ധരിച്ച ദുപ്പട്ടയിലാണ് അച്ഛൻ അവസാനമായി എഴുതിയ കത്തും വധു തുന്നിച്ചേർത്തത്. സുവന്യ എന്ന വധുവാണ് രാജസ്ഥാനിൽ വച്ചു നടന്ന വിവാഹത്തെ അച്ഛനോർമകൾ ചേർത്ത് സ്പെഷലാക്കിയത്. 

അമിത ആഡംബരമില്ലാതെ തിളക്കങ്ങളില്ലാതെ ലളിതമായൊരു ലെഹം​ഗയാണ് സുവന്യ വിവാഹത്തിനായി ധരിച്ചിരുന്നത്. സുവന്യയുടെ പിറന്നാളിനായി അച്ഛൻ ജീവിച്ചിരിക്കെ നൽകിയ അവസാനത്തെ കത്താണ് ലെഹം​ഗയിൽ തുന്നിച്ചേർത്തത്. അച്ഛന്റെ സാന്നിധ്യം വിവാഹ വേദിയിൽ കൊണ്ടുവരാൻ ഇതിലും മികച്ച മറ്റു വഴിയില്ലെന്ന് ആലോചിച്ചാണ് സുവന്യ ഈ തീരുമാനമെടുത്തത്. 

അച്ഛൻ കുറിച്ച കത്ത് ദുപ്പട്ടയിൽ എംബ്രോയ്ഡറി ചെയ്തെടുക്കുകയായിരുന്നു. അച്ഛൻ നൽകിയ കത്തിന്റെ ചിത്രവും സുവന്യ പങ്കുവെച്ചിരുന്നു. 2020ലെ പിറന്നാളിന് സുവന്യക്ക് അച്ഛനെഴുതിയ കത്തായിരുന്നു അത്. ഏറ്റവും അമൂല്യമായ പിറന്നാൾ സമ്മാനം എന്നു പറഞ്ഞാണ് സുവന്യ അന്ന് കത്തിന്റെ ചിത്രം പങ്കുവെച്ചത്. 

തീർന്നില്ല മറ്റൊരു പ്രത്യേകതയും സുവന്യയുടെ വിവാഹത്തിനുണ്ടായിരുന്നു. ആഭരണവിഭൂഷിതയായി നവവധു വേദിയിലേക്ക് വരുന്ന സ്ഥിരംകാഴ്ചയിൽ നിന്ന് വ്യത്യസ്തമായാണ് സുവന്യ വേദിയിലെത്തിയത്. ഉത്തരേന്ത്യൻ വിവാഹങ്ങളിലെ ആഡംബരപൂർണമായ ആഭരണങ്ങളൊന്നും സുവന്യ അണിഞ്ഞിരുന്നില്ല. കഴുത്തിൽ നേർത്തൊരു മാലയും കൈകളിൽ ഓരോ വളയുമാണ് സുവന്യ അണിഞ്ഞത്. മേക്കപ്പിലും സുവന്യ മിതത്വം പാലിച്ചിരുന്നു. മിനിമൽ മേക്കപ്പും ചെറിയ പൊട്ടും പുറകിൽ വട്ടത്തിൽ കെട്ടിയ പൂക്കളുമായതോടെ സുവന്യയുടെ മേക്കപ് പൂർണമായി.

Content Highlights: fathers letter embroidered on wedding dress, wedding outfit, indian wedding, viral wedding video