മൈസൂരു: ജീവിതത്തിൽ ആദ്യമായി സ്നേഹിച്ചവളെ ജീവിതപങ്കാളിയാക്കാൻ പെൺവീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് ചിക്കണ്ണയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ, നീണ്ട 35 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അതേ സ്ത്രീയെ വിവാഹം ചെയ്യാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് 65-കാരനായ ചിക്കണ്ണയിപ്പോൾ. മാണ്ഡ്യയിലെ മേലുകോട്ടയിലാണ് അപൂർവ വിവാഹം നടന്നത്.

35 വർഷങ്ങൾക്കുമുമ്പ് ഹാസനിലെ ഹോളെനർസിപുരിൽനിന്ന് മൈസൂരുവിലെത്തിയതാണ് ചിക്കണ്ണ. കൂലിത്തൊഴിൽ ചെയ്തിരുന്ന ചിക്കണ്ണ അമ്മായിയുടെ മകൾ ജയമ്മയുമായി പ്രണയത്തിലായി. എന്നാൽ, ചിക്കണ്ണയെക്കാൾ സാമ്പത്തികസ്ഥിതിയുള്ള മറ്റൊരാളുമായി ജയമ്മയെ വീട്ടുകാർ വിവാഹം ചെയ്തയച്ചു. ഇതോടെ വിവാഹം കഴിക്കാതെ തുടരുകയായിരുന്നു ചിക്കണ്ണ. 

എന്നാൽ, ജയമ്മയുടെ വിവാഹജീവിതം സുഖകരമായിരുന്നില്ല. ഏതാനും മാസങ്ങൾക്കകം ഭർത്താവ് അവരെ ഉപേക്ഷിച്ചുപോയി. ഇതോടെ ഒറ്റയ്ക്ക് കഴിയുകയായിരുന്നു ജയമ്മ. അടുത്തിടെ ചിക്കണ്ണയും ജയമ്മയും അവിചാരിതമായി കണ്ടുമുട്ടിയതോടെയാണ് വിവാഹത്തിലേക്കുള്ള വഴിത്തിരിവായത്. തുടർന്ന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു.

Content Highlights: elderly man ties the knot with ex lover , love marriages