കൊറോണയെ തുരത്താന്‍ മിക്ക രാജ്യങ്ങളും പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ വന്നതോടെ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള പല ആഘോഷപരിപാടികളും പലരും മാറ്റിവെക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടയില്‍ ആളും ആരവവുമില്ലാതെ ലളിതമായി വിവാഹം കഴിക്കുന്നവരുമുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും ഒരു വിവാഹമാണ്.
കൊറോണക്കാലത്ത് ബ്രിട്ടനില്‍ വിവാഹിതരായ ഒരു ഡോക്ടറും നഴ്‌സുമാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. ഇവരുടെ കല്ല്യാണം നടന്നതാകട്ടെ ഇരുവരും ജോലി ചെയ്യുന്ന ആശുപത്രിയിലും. അയര്‍ലന്‍ഡ് സ്വദേശിയായ ജാന്‍ ടിപ്പിങ്ങും ശ്രീലങ്കന്‍ സ്വദേശിയായ അണ്ണാളന്‍ നവരത്‌നവുമാണ് കഥയിലെ താരങ്ങള്‍.
സെന്റ് തോമസ് ആശുപത്രിയിലെ ജീവനക്കാരായ ഇരുവരും അവിടുത്തെ ചാപ്പലില്‍ വച്ചാണ് വിവാഹിതരായത്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഓണ്‍ലൈനിലൂടെ ഇരുവരുടെയും വിവാഹ ചടങ്ങുകളില്‍ പങ്കാളികളാവുകയും ചെയ്തു.
രണ്ടാഴ്ച്ചയ്ക്കുള്ളിലാണ് വിവാഹിതരാകാന്‍ തീരുമാനിച്ചതെന്ന് ആംബുലന്‍സ് എമര്‍ജന്‍സി നഴ്‌സായ ടിപ്പിങ്ങും ഡോക്ടറായ നവരത്‌നവും പറയുന്നു. വിവാഹ വസ്ത്രമോ വിവാഹ മോതിരമോ ഒന്നും തയ്യാറായിരുന്നില്ല. പിന്നെ പെട്ടെന്നായിരുന്നു എല്ലാം ഒരുക്കിയത്. കഴിഞ്ഞ ആറുവര്‍ഷമായി സെന്റ് തോമസ് ആശുപത്രിയിലെ നഴ്‌സാണ് ടിപ്പിങ്, ഒരുവര്‍ഷത്തോളമായി നവരത്‌നം അവിടെ ഡോക്ടറായി ജോലി ചെയ്യുന്നു.
തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തു വച്ചുതന്നെ വിവാഹിതരാവാന്‍ കഴിഞ്ഞത് സ്വപ്‌നതുല്യമായി തോന്നുന്നുവെന്ന് ടിപ്പിങ് പറയുന്നു. അതിന് സൗകര്യങ്ങളൊരുക്കിയ ആശുപത്രി അധികൃതരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് നവരത്‌നവും പറയുന്നു.
Content Highlights: Doctor And Nurse Get Married At Hospital Amid COVID-19 Crisis