വിവാഹത്തിന് ആഭരണങ്ങളും പട്ടുടയാടകളും ധരിച്ച് പരമ്പരാഗത ശൈലിയിലെത്തുന്ന വധുമാര്‍ സ്ഥിരംകാഴ്ച്ചയാണ്. എന്നാല്‍ ഇത്തരം പഴഞ്ചന്‍ സങ്കല്‍പങ്ങളെയെല്ലാം കാറ്റില്‍ പറത്തിയ ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. സഞ്ജന റിഷി എന്ന വധുവാണ് തന്റെ വിവാഹത്തിന് ആരും കരുതാത്ത രീതിയില്‍ ഒരുങ്ങിയെത്തിയത്.
പാന്റ്‌സ്യൂട്ട് ധരിച്ചാണ് കക്ഷി വിവാഹ വേദിയിലേക്കെത്തിയത്. ഇളംനീല നിറത്തിലുള്ള പാന്റ്‌സ്യൂട്ട് ധരിച്ചു നില്‍ക്കുന്ന സഞ്ജനയുടെ ചിത്രം അധികം വൈകാതെ സമൂഹമാധ്യമത്തില്‍ വൈറലാവുകയും ചെയ്തു. മിതമായ ആഭരണങ്ങളും മേക്അപ്പുമൊക്കെ സഞ്ജനയുടെ ലുക്കിനെ വ്യത്യസ്തയാക്കി. ഇത്തരത്തില്‍ അണിഞ്ഞൊരുങ്ങാന്‍ തീരുമാനിച്ചതിനെക്കുറിച്ച് സഞ്ജന ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു.
വധുവിന്റെ രൂപം സംസ്‌കാരമോ മറ്റെന്തെങ്കിലുമോ ആയല്ല അവനവന്റെ ശരീരവും അതുകഴിഞ്ഞാല്‍ വ്യക്തിത്വവുമായാണ് യോജിക്കേണ്ടതെന്നു പറഞ്ഞാണ് സഞ്ജന കുറിപ്പ് ആരംഭിക്കുന്നത്. തന്റെ ശൈലി ഉള്‍ക്കൊള്ളുന്ന ഒരു വിവാഹവേഷം തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഒപ്പം സുസ്ഥിരതയും പ്രാദേശിക കരകൗശലത്തൊഴിലാളികളെ പിന്തുണയ്ക്കാനുമുള്ള തന്റെ ഉത്തരവാദിത്തം പാലിക്കപ്പെടുകയും ചെയ്തുവെന്ന് സഞ്ജന പറയുന്നു.
സുസ്ഥിരതയ്ക്കു വേണ്ടി ഇത്തരമൊരു പാന്റ്‌സ്യൂട്ട് ധരിച്ച് സഞ്ജന എന്തു സംഭാവന നല്‍കിയെന്നാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. ജിയാന്‍ഫ്രാങ്കോ ഫെറി ഡിസൈനേഴ്‌സിന്റെ മുമ്പുപയോഗിക്കപ്പെട്ട പാന്റ്‌സ്യൂട്ട് ആണ് സഞ്ജന തിരഞ്ഞെടുത്തത്. വിവാഹ വസ്ത്രത്തിന് പണം വാരിയെറിയുന്നതിലുള്ള താല്‍പര്യമില്ലായ്മ കൂടി ഇതിനു പിന്നിലുണ്ടായിരുന്നു.
ഇനി വസ്ത്രത്തോടൊപ്പം സഞ്ജന അണിഞ്ഞ കമ്മലുകള്‍ക്കുമുണ്ട് പ്രത്യേകത. അവ ഒരു സുഹൃത്തില്‍ നിന്നു കടംവാങ്ങിയതാണ്. പ്രത്യേകം പണികഴിപ്പിച്ച എംബ്രോയ്ഡറിയാല്‍ സമൃദ്ധമായ ശിരോവസ്ത്രവും ബാക്കിയുള്ള ആഭരണങ്ങളും മാത്രമാണ് പുതുതായുണ്ടായിരുന്നത്.
എന്തായാലും വ്യത്യസ്തമായി അണിഞ്ഞൊരുങ്ങിയ ഈ വധുവിന് സമൂഹമാധ്യമത്തില്‍ അഭിനന്ദനപ്രവാഹമാണ്.
Content Highlights: Desi bride wears blue pantsuit on wedding day Viral Photos