പ്രതീക്ഷകളോടെ വിവാഹമണ്ഡപത്തിലേക്ക് കടക്കാനിരിക്കുകയായിരുന്നു ആ പെണ്‍കുട്ടി. എന്നാല്‍ അപ്രതീക്ഷിതമെന്നോണമാണ് ആ ദുരന്തം സംഭവിച്ചത്. വിവാഹദിനത്തില്‍ വീടിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ നിന്ന് താഴേക്ക് വീണു, പ്രതീക്ഷകളെല്ലാം പാടേ അസ്തമിച്ച ആ ദിവസം പക്ഷേ മനോഹരമായി തന്നെ അവസാനിച്ചു. കിടപ്പിലായ വധുവിന്റെ കഴുത്തില്‍ വരന്‍ മിന്നുചാര്‍ത്തി. ഇരുവരുടേയും കഥ സമൂഹമാധ്യമത്തില്‍ നിറയുകയാണ്.

ഉത്തർപ്രദേശിലെ പ്രയാഗ്​രാജിൽ നിന്നാണ് ഹൃദയം തൊടുന്ന ഈ വാര്‍ത്ത പുറത്തുവരുന്നത്. വിവാഹദിനത്തില്‍ അബദ്ധത്തില്‍ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു വധു ആരതി. തുടര്‍ന്ന് നടത്തിയ ചികിത്സയില്‍ നട്ടെല്ലിന് പരിക്കുകള്‍ ഉണ്ടെന്നും ആരതിക്ക് നടക്കാനാകില്ലെന്നും കണ്ടെത്തി. വിവാഹദിനത്തില്‍ അനങ്ങാനാകാതെ കിടപ്പിലായി ആരതി. എന്നാല്‍ ഈ സംഭവങ്ങളൊന്നും വരന്‍ അവ്‌ദേഷിനെ വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിച്ചില്ല. എന്തു തന്നെയായാലും വിവാഹം തീരുമാനിച്ച പ്രകാരം നടക്കുമെന്ന് അവ്‌ദേഷ് ഉറപ്പിച്ചു. 

അങ്ങനെയാണ് അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രി കിടക്കയില്‍ വച്ചു തന്നെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഇരുവരുടെയും കുടുംബങ്ങള്‍ കൂടി എത്തിയതോടെ ആചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. വിവാഹദിനത്തിലെ അപകടമോര്‍ത്ത് താന്‍ ആശങ്കപ്പെട്ടിരുന്നു എന്നും എന്നാല്‍ തന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടില്ലെങ്കിലും അദ്ദേഹം കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്നും ആരതി പറയുന്നു. 

അപകടത്തെ വകവെക്കാതെ വിവാഹ തീരുമാനവുമായി മുന്നോട്ടു പോയ ദമ്പതികളെ അഭിനന്ദിക്കുന്നുവെന്ന് ആരതിയെ ചികിത്സിച്ച ഡോക്ടര്‍ സച്ചിന്‍ സിങ് പറയുന്നു. ഇരുവരും വിവാഹിതരാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ അതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. 

നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രതിസന്ധിയില്‍ താങ്ങാവണമെന്ന് ഒന്നിക്കും മുമ്പേ തിരിച്ചറിഞ്ഞ ഈ ദമ്പതികളാണ് യഥാര്‍ഥ മാതൃകാ ദമ്പതികള്‍ എന്നാണ് പലരും പറയുന്നത്. 

Content Highlights: Couple praised online after getting married in hospital hours after bride injures spine