ല്യാണം എന്നു പറഞ്ഞാല്‍ പോക്കറ്റെപ്പോള്‍ കാലിയായി എന്ന് ചോദിച്ചാല്‍ മതി. തൊട്ടതിനും, പിടിച്ചതിനുമെല്ലാം കാശു പോകുന്ന ഏര്‍പ്പാട്. പണ്ടൊക്കെ കല്യാണ നിശ്ചയമെന്ന ചടങ്ങേ ഉണ്ടായിരുന്നില്ല. പെണ്ണ് കാണാന്‍ വന്ന എല്ലാം കൊണ്ടും യോജിച്ചാല്‍ അനുയോജ്യമായ ഒരു ദിവസം കണ്ടെത്തി താലികെട്ട്. ഒപ്പം പ്രിയപ്പെട്ടവര്‍ക്ക് സദ്യയും. പതിയെ റിസപ്ഷന്‍ എന്ന പരിപാടി വന്നു. കല്യാണം കഴിഞ്ഞ് വൈകീട്ടുള്ള ചായ സല്‍ക്കാരം.

ഇന്നാണെങ്കിലോ...ഉത്തരേന്ത്യന്‍ രീതി  പിന്തുടര്‍ന്ന് കല്യാണം ഉറപ്പിച്ച അന്ന് മുതല്‍ ഇങ്ങോട്ട് എത്രയെത്ര ആഘോഷങ്ങള്‍.മഞ്ഞള്‍ കല്യാണമെന്നറിയപെടുന്ന ഹല്‍ദി,വീട്ടുകാര്‍ ആടിപ്പാടി തകര്‍ത്താഘോഷിക്കുന്ന സംഗീത്, മൈലാഞ്ചി കല്യാണം, റിസപ്ഷന്‍ തന്നെ എത്ര മാറിപ്പോയി. ഇതിനെല്ലാം വരുന്ന ചിലവോ..?
ഒരല്പം ധൂര്‍ത്തൊഴിവാക്കിയാല്‍, ഒന്ന് ചിന്തിച്ചു പ്ലാന്‍ ചെയ്താല്‍ അനാവശ്യ ചെലവുകള്‍ വരുത്താതെ നമ്മുടെ കൊക്കിലൊതുങ്ങുന്ന രീതിയില്‍ അടിപൊളിയായി ഇത്തരം ആഘോഷങ്ങള്‍ നടത്താനാകും.

വേദി : പരിപാടി നടത്താനുദ്ദേശിക്കുന്ന വേദി തീരുമാനിക്കുമ്പോള്‍ എത്രയാളുകളുണ്ടാകുമെന്നും എന്തോക്കെയാണ് വേണ്ട സൗകര്യങ്ങളെന്നും ഒരു ധാരണ വേണം. വീട്ടുകാര്‍ മാത്രമുണ്ടാകുന്ന ഇത്തരം ചടങ്ങുകള്‍ ലക്ഷങ്ങള്‍ മുടക്കി ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നതിന് പകരം  വീട്ടില്‍ തന്നെ വച്ച്  നടത്തിയാല്‍ എത്ര ലാഭമാണ്.
 
അലങ്കാരം : പൂക്കള്‍ക്കൊക്കെ റോക്കറ്റ് പോലെയാണ് വിലകയറുന്നത്. മുല്ലപ്പൂ ഒക്കെയാണെങ്കില്‍ പറയുകയും വേണ്ട.ഹല്‍ദി പോലുള്ള ചടങ്ങുകള്‍ക്ക് മഞ്ഞ നിറമാണ് ഹൈലൈറ്.അതുകൊണ്ട് തന്നെ കുറച്ചു മഞ്ഞ തുണികള്‍ കൊണ്ടും, പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ കൊണ്ടുള്ള മഞ്ഞ തോരണങ്ങള്‍ കൊണ്ടും വേദി അലങ്കരിക്കാന്‍ സാധിക്കും. വേണേല്‍ കുറച്ചു എല്‍ഇഡി ബള്‍ബുകളും ആകാം. നമ്മള്‍ ചായ കുടിക്കാന്‍ ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകളില്‍ മെഴുകുതിരികള്‍ തെളിച്ചു വച്ച് നോക്കൂ..ഗ്ലാസ്സുകള്‍ക്കു നിറം നല്‍കിയും വേറിട്ട അലങ്കാരങ്ങള്‍ നല്‍കാം.

ഭക്ഷണം : ഏറ്റവുമധികം ചിലവ് വരുന്ന ഒന്നാണ് ആഘോഷവേളകളിലെ ഭക്ഷണം.ആഘോഷം എന്തൊക്കെയായാലും വിഭവങ്ങള്‍ കെങ്കേമമായി എന്ന് നാട്ടുകാര്‍ പറയണം എന്ന കാര്യത്തില്‍ നമുക്കല്‍പം പിടിവാശി ഉണ്ടെന്ന് തന്നെ പറയാം. അതിന് വേണ്ടി വിഭവങ്ങളുടെ കാര്യത്തില്‍ ഒരു ധാരാളിത്തത്തിന് തന്നെ മുതിരും. ഒന്നിനും ഒരു കുറവും ഉണ്ടാകരുതെന്ന് കരുതി ആവശ്യത്തിലധികം ഉണ്ടാക്കാക്കുകയോ ഓര്‍ഡര്‍ നല്‍കുകയോ ചെയ്യും. സത്യത്തില്‍ ഇത്രയേറെ ആര്‍ഭാടത്തിന്റെ ആവശ്യമുണ്ടോ? വീട്ടുകാര്‍ മാത്രം കൂടുന്ന ഈ ആഘോഷങ്ങളില്‍ എന്തിനാ പത്തു പതിനാറ് വിഭവങ്ങള്‍. വയറു നിറയ്ക്കുന്ന എന്നാല്‍ സ്വാദിഷ്ടമായ ഒന്നോ രണ്ടോ വിഭവങ്ങള്‍ തന്നെ ധാരാളം.

വസ്ത്രം : മിക്കവാറും ഇപ്പോള്‍ കല്യാണത്തിന് കളര്‍ തീം പതിവാണ്. അതിനാല്‍ തന്നെ വീട്ടുകാര്‍ക്കെല്ലാവര്‍ക്കും കൂടി എതെങ്കിലും മൊത്തക്കച്ചവടക്കാരില്‍ നിന്നും ഒരേ രീതിയിലുള്ള വസ്ത്രം എടുക്കുകയാണെങ്കില്‍ നല്ലൊരു തുക ലാഭിക്കാം. 

ഡി ജെ : പാട്ടും നൃത്തവും ഇല്ലാതെ എന്താഘോഷം? വലിയ പൈസ മുടക്കി ഒരു ഡി.ജെ ഒക്കെ വയ്ക്കുന്നതെന്തിനാ? നിങ്ങളുടെ വീട്ടുകാര്‍ക്കിടയില്‍ തന്നെ കാണില്ലേ ഒളിഞ്ഞിരിക്കുന്ന ഗായകനും ഗായികയും നര്‍ത്തകരും.. കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിന്മാര്‍ വരെ അന്ന് പാടിയും ആടിയും തകര്‍ക്കട്ടെ. പാടാനറിയാത്തവര്‍ക്കും അവസരം കൊടുത്ത് നോക്കൂ. ചിരിച്ച് മറിയാനുള്ള വക കണ്ടെത്താനാകും. ഒരു മൈക്കും മ്യൂസിക് സിസ്റ്റവും മതി. വീട്ടുകാര്‍ ചേര്‍ന്നുള്ള ഇത്തരം കലാപരിപാടികള്‍ നല്‍കുന്ന ആനന്ദത്തിന്റെ ഏഴയലത്തു വരുമോ മറ്റെന്തും... എല്ലാത്തിനുമുപരി കുടുബാംഗങ്ങളെല്ലാ ഒന്നിച്ചു  ചേരുന്ന ഇത്തരം മുഹൂര്‍ത്തങ്ങളല്ലേ എല്ലാത്തിലും വലുത്. എന്നും ഓര്‍ത്ത് വയ്ക്കാനുള്ളത്