ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സ് വിവാഹിതയാകാന്‍ പോവുകയാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ നയേല്‍ നാസറിനേയാണ് ജെന്നിഫര്‍ വിവാഹം കഴിക്കുന്നത്. ഇക്കാര്യം അറിയിച്ച് ജെന്നിഫര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഈജിപ്തില്‍ നിന്നുള്ള കോടീശ്വരന്‍ നയേലിനൊപ്പമുള്ള ചിത്രം സഹിതമാണ് ജെന്നിഫര്‍ പോസ്റ്റ് ചെയ്തത്. '' നയേല്‍ നാസര്‍, നീ സമാനതകളില്ലാത്ത മനുഷ്യനാണ്. സ്‌നേഹിച്ചും പഠിച്ചും കളിച്ചുമൊക്കെ ഇനിയുള്ള ജീവിതം ഒന്നിച്ചു തുഴയാന്‍ കാത്തിരിക്കുകയാണ് ഞാന്‍. ''- മനോഹരമായ മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരയില്‍ ചേര്‍ന്നിരിക്കുന്ന തങ്ങളുടെ ചിത്രം പങ്കുവച്ചാണ് ജെന്നിഫര്‍ ഇങ്ങനെ കുറിച്ചത്.
അധികം വൈകാതെ തന്നെ ജെന്നിഫറിന്റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. മകള്‍ വിവാഹക്കാര്യം പ്രഖ്യാപിച്ചതറിഞ്ഞ അച്ഛന്‍ ബില്‍ഗേറ്റ്‌സും പോസ്റ്റിനു താഴെ കമന്റുമായെത്തി. ''ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍'' എന്നാണ് ബില്‍ഗേറ്റ്‌സ് കുറിച്ചത്. ബില്‍ഗേറ്റ്‌സിന്റെ ഭാര്യയും ജെന്നിഫറിന്റെ അമ്മയുമായ മെലിന്‍ഡ ഗേറ്റ്‌സും ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തി.
ഇരുപത്തിയൊമ്പതുകാരനായ നാസര്‍ കുതിരസവാരിക്കാരനുമാണ്, 2020ലെ ഒളിമ്പിക്‌സില്‍ ഈജിപ്തിനെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങുകയാണ്. ജെന്നിഫറും കുതിരസവാരി ഏറെ ഇഷ്ടപ്പെടുന്നയാളാണ്. ന്യൂയോര്‍ക്കിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ജെന്നിഫര്‍ നിരവധി പ്രൊഫഷണല്‍ കുതിരസവാരിയിലും പങ്കെടുത്തിട്ടുണ്ട്.
Content Highlights: Bill Gates' Daughter Announces Engagement