"കല്ല്യാണമിങ്ങെത്തി, ഇനി ഒരു മാസം കൂടിയേയുള്ളു, എന്തൊക്കെ ചെയ്താലാ ഞാനൊന്ന് കല്ല്യാണപ്പെണ്ണായി തിളങ്ങുക."ഇങ്ങനെ ആശങ്കപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്,വിവാഹദിവസം രാജകുമാരിയെപ്പോലെ മനോഹരിയാവാന്‍ ഇന്നേ ഒരുക്കം തുടങ്ങിക്കോളൂ.

വിവാഹദിവസത്തിന് ഒരാഴ്ച മുമ്പ് മുതല്‍ ബ്യൂട്ടീഷ്യനെ കണ്ട് ഫേഷ്യലും വാക്‌സിംഗും ഒക്കെ ചെയ്താല്‍ പോരേയെന്ന് ഒരിക്കലും വിചാരിക്കരുത്. ദൈനംദിന ജീവിതത്തിന്റെ സമ്മര്‍ദങ്ങള്‍ക്കിടയില്‍ കൈകാലുകളുടെ ഭംഗിയും ചര്‍മത്തിന്റെ മിനുമിനുപ്പുമൊക്കെ അറിയാതെ തന്നെ കുറഞ്ഞിട്ടുണ്ടാവും. സൗന്ദര്യസംരക്ഷണത്തില്‍ മടിയുള്ളവരാണെങ്കില്‍ പറയുകയും വേണ്ട!

മുഖത്ത് എണ്ണമയം കൂടുതലാണെങ്കില്‍ എത്ര മേക്കപ്പ് ചെയ്താലും വിചാരിച്ച ലുക്ക് കിട്ടണമെന്നില്ല. സ്വതവേ ഫേസ്പാക്കുകളും ഫേഷ്യലും ചെയ്യാറുള്ളവരാണെങ്കിലും ഒരു അവസാന നിമിഷ തയ്യാറെടുപ്പ് എപ്പോഴും നല്ലതാണ്. പകല്‍ പുറത്തുപോകുമ്പോള്‍ മുഖത്തും കൈകാലുകളിലും കഴുത്തിലും സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടാന്‍ മറക്കേണ്ട. തണുത്ത തൈർ പുരട്ടുന്നതും നല്ലതാണ്.

BEAUTY

രാത്രി കിടക്കും മുമ്പ് കറ്റാര്‍വാഴ നീരിലിട്ട ഐസ്‌ ക്യൂബുകള്‍ കൊണ്ട് കഴുത്തും മുഖവും കൈകാലുകളും മസാജ് ചെയ്യുന്നത് നല്ലതാണ്. ചെറുപയര്‍ പൊടി, നാരങ്ങാനീര്, റോസ് വാട്ടര്‍ എന്നിവ സമാസമമെടുത്ത് യോജിപ്പിക്കുക. ഈ കൂട്ട് കൈകാലുകളിലും മുഖത്തും പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചര്‍മം തിളങ്ങാന്‍ നല്ലൊരു പായ്ക്കാണിത്.

കല്ല്യാണദിവസം മെഹന്ദിയിട്ട മൊഞ്ചുള്ള കൈകള്‍ വേണമെന്ന് നിര്‍ബന്ധമല്ലേ. എങ്കില്‍, മൂന്നോ നാലോ ദിവസം മുമ്പ് വാക്‌സ് ചെയ്ത ശേഷം കൈകളില്‍ മൈലാഞ്ചിയിടുക.

BEAUTY

കൈകാല്‍ മുട്ടുകളിലെ ചര്‍മം മൃദുവാക്കാനും വഴിയുണ്ട്. നാരങ്ങാനീർ പുരട്ടി പത്ത് മിനിറ്റ് നേരം മസാജ് ചെയ്യുക. ഒരാഴ്ച ഇത് മുടങ്ങാതെ ചെയ്യാന്‍ മറക്കരുത്.

നഖങ്ങള്‍ക്ക് നിറം കിട്ടാന്‍ ഗ്ലിസറിന്‍, റോസ് വാട്ടര്‍, ചെറുനാരങ്ങാനീർ, എന്നിവ യോജിപ്പിച്ച് തേച്ച് പിടിപ്പിക്കുക. ബദാം എണ്ണ ഉപയോഗിച്ച് നഖങ്ങള്‍ മസാജ് ചെയ്യുന്നതും നല്ലതാണ്.

മുഖക്കുരു പ്രശ്‌നമാകുന്നുണ്ടോ, കറ്റാര്‍വാഴയുടെ നീരും കക്കിരിനീരും കലര്‍ത്തിയത് ദിവസം രണ്ട് നേരം മുഖത്തുപുരട്ടുക. രണ്ട് ദിവസം കൊണ്ട് മുഖക്കുരു അപ്രത്യക്ഷമാകും.

BEAUTY

മുഖത്ത് പാടുകളുണ്ടെങ്കില്‍ എന്നും ചെറുനാരങ്ങാനീർ പുരട്ടുക. ഇരുണ്ട പാടുകള്‍ കളയാന്‍ മഞ്ഞളരച്ചിടുന്നത് നല്ലതാണ്.

പരിചരണത്തിന്റെ ഒരു മാസം മുഴുവന്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി പലഹാരങ്ങളുമൊക്കെ ഒഴിവാക്കണം. ഐസ്‌ക്രീം, മാംസാഹാരം എന്നിവയോടും തല്ക്കാലത്തേക്ക് ഗുഡ്‌ബൈ പറയാം. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.