വിവാഹത്തിന് ഒരുങ്ങുന്ന പെണ്‍കുട്ടികളുടെ മനസില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് അതിസുന്ദരിയായി വിവാഹവേദിയിലെത്തിയ ഭാവനയുടെ രൂപമാണ്.  ഭാവനയുടേതുപോലെ  സിംപിള്‍ ആന്റ് എലഗന്റ്  ലുക്കാണ്  വിവാഹത്തിനൊരുങ്ങുന്ന ഓരോ പെണ്‍കുട്ടിയും ഇപ്പോള്‍ സ്വപ്നം കാണുന്നത്. ഭാവനയുടെ ആ സൗന്ദര്യത്തിന് പിന്നിലെ കൈകള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റേതാണ്.  വിവാഹ ദിനത്തില്‍ അതിസുന്ദരി ആകുവാന്‍ എല്ലാ പെണ്‍കുട്ടികള്‍ക്കും സാധിക്കുമെന്നാണ്  രഞ്ജു പറയുന്നത്.  ഇതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന്  രഞ്ജു പറയുന്നു.

വിവാഹത്തിന് മൂന്നുമാസം  മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങുന്നതാണ് നല്ലത്. ചര്‍മം മെച്ചപ്പെടുത്താനും, വണ്ണം കൂട്ടുകയോ കുറക്കുകയോ ചെയ്യാനും ഒപ്പം മാനസികമായി ഒരുങ്ങാനും ഈ സമയം സഹായിക്കും. സുന്ദരിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് രണ്ട് കാര്യങ്ങളാണ്. നന്നായി ഉറങ്ങുക, നന്നായി വെള്ളം കുടിക്കുക. ഇവ രണ്ടും ശ്രദ്ധിച്ചാല്‍ മാത്രം മതി ചര്‍മത്തില്‍ കൃത്യമായ വ്യത്യാസങ്ങള്‍  മനസിലാക്കാന്‍ സാധിക്കും. 

തക്കാളി നീരില്‍ അരിപ്പൊടി ചേര്‍ത്ത് മുഖത്തും കഴുത്തിലും 20 മിനിറ്റ് സമയം  മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ഇത് ചര്‍മം വ്യത്തിയാക്കാന്‍ ഏറ്റവും സഹായകരമായ കാര്യമാണ്. ഇതിലൂടെ ചര്‍മത്തിലെ ഡെഡ് സ്‌കിന്‍ സെല്‍ ഒഴിവാക്കാനാവും.

Renju
Image: Facebook

വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞ് 20 മിനിട്ടോളം കണ്ണിന് മുകളില്‍ വെക്കാം. കണ്ണിന്റെ കറുപ്പ് നിറം മാറാനും കണ്ണുകള്‍ക്ക് കൂടുതല്‍ തിളക്കം ലഭിക്കാനും ഇതിലൂടെ സാധിക്കും.

പഞ്ചസാരയില്‍ അല്പം വെള്ളം ചേര്‍ത്ത് കൈകളും കാലുകളും ഉരച്ച് കഴുകാം.  മൂന്ന് ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് കൈകാലുകള്‍  വൃത്തിയാകാന്‍ സഹായിക്കും.

ഇളം ചൂടുവെള്ളത്തില്‍ ഉപ്പും ഷാമ്പുവും ചേര്‍ത്ത് കൈകാലുകള്‍ മുക്കിവെക്കാം. മൂന്ന് ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് കൈകാലുകള്‍  വ്യത്തിയാകാന്‍ സഹായിക്കും.

കല്ലില്‍ അരച്ച രക്തചന്ദനം തേനില്‍ ചാലിച്ച് മുഖത്ത് പുരട്ടുന്നത് ചര്‍മം സോഫ്റ്റാകാന്‍ സഹായിക്കും. മുഖത്തെ കറുത്തപാടുകളും പിന്നെ വിഷമിപ്പിക്കില്ല.  (രക്ത ചന്ദനം ഒരു രഹസ്യ സൗന്ദര്യ കൂട്ടാണ്. അതിനാല്‍ സാധാരണയായി രാത്രിയില്‍ മാത്രമേ രക്ത ചന്ദനം മുഖത്ത് പുരട്ടാറുള്ളു.)

കടലമാവ് തൈരില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം. ഉണങ്ങുമ്പോള്‍ ഈ മിശ്രിതം തണുത്തവെള്ളത്തില്‍ കഴുകി കളയാം. മൂന്ന് നാല് ദിവസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ എണ്ണമയം മാറാന്‍ സഹായിക്കും. 


തയ്യാറാക്കിയത് : ഫെമി അലക്‌സ്