കൊറോണ വൈറസിനെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ കൂടിച്ചേരലുകളാണ് മാറ്റിവച്ചത്. ചിലരെല്ലാം അടുത്ത ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ വീടുകളില്‍ ചെറിയതോതില്‍ കല്ല്യാണം നടത്തി. എന്തായാലും ഇനിയങ്ങോട്ട് കുറച്ചുകാലത്തേക്ക് കല്ല്യാണമായാലും ചോറൂണായാലും മാസ്‌കും കൂടിയേ തീരൂ എന്നാണ് അനുഭവങ്ങള്‍ പഠിപ്പിക്കുന്നത്. ഇത്തരത്തില്‍ വിവാഹത്തിന് വ്യത്യസ്തമായ മാസ്‌ക് ധരിച്ചെത്തിയ രണ്ടു ദമ്പതികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. 

mask

കോട്ടണ്‍ കൊണ്ടുള്ള മാസ്‌കുകളും ചിത്രത്തുന്നലുകളുള്ള മാസ്‌കുകളുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു മാസ്‌കാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഗതി വിവാഹത്തിനു വേണ്ടി പ്രത്യേകം നിര്‍മിച്ചൊരു സില്‍ക് മാസ്‌ക് ആണ്. വധുവിന്റെയും വരന്റെയും വസ്ത്രത്തോടു ചേര്‍ന്നു നില്‍ക്കും വിധത്തിലാണ് മാസ്‌കിന്റെ ഡിസൈന്‍. 

വധുവിനെ അപേക്ഷിച്ച് അല്‍പം ലളിതമാണ് വരന്റെ മാസ്‌കിലെ ഡിസൈന്‍. കീഴ്ഭാഗത്തു മാത്രമാണ് ചെറിയൊരു ഗോള്‍ഡന്‍ ഷേഡാണ് വരന്റെ മാസ്‌കിലുള്ളത്. തിളങ്ങുന്ന പട്ടുടയാടയോട് മത്സരിക്കുന്ന മാസ്‌ക് ആണ് വധുവിന്റേത്. ആസ്സമില്‍ പ്രസിദ്ധമായ 'പാറ്റ് സില്‍ക്' കൊണ്ടാണ് മാസ്‌കിന്റെ നിര്‍മാണം. മാറ്റുകൂട്ടാനായി സ്വര്‍ണ നിറത്തിലുള്ള ഡിസൈനുകളും തൊങ്ങലുകളും ഉണ്ട്. 

mask

ഡിസൈനര്‍ നന്ദിനി ബോര്‍കാകട്ടിയാണ് വ്യത്യസ്തമായ ഈ മാസ്‌കിനു പിന്നില്‍. സര്‍ജിക്കല്‍ മാസ്‌കുകള്‍ ആരോഗ്യ രംഗത്തുള്ളവര്‍ ഉപയോഗിക്കാനും ബാക്കിയുള്ളവര്‍ വ്യത്യസ്തവും ക്രിയേറ്റീവുമായ മാസ്‌കുകള്‍ ഉപയോഗിക്കാനുമാണ് ഇത്തരത്തിലൊരു മാസ്‌ക് നിര്‍മിച്ചതെന്ന് നന്ദിനി പറയുന്നു. 

Content Highlights: Assamese Couple Wears Silk Face Masks On Wedding Day