ഇന്ത്യന്‍ വധു എന്ന് ചിന്തിക്കുമ്പോഴേ മനസ്സില്‍ നിറയുന്നത് ചുവന്ന ലെഹങ്കയില്‍ സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന വധുക്കളുടെ ചിത്രമാണ്. എന്നാല്‍ കടുംനിറങ്ങളില്‍ മാത്രമല്ല ഇളം നിറങ്ങളിലും വധു സുന്ദരിയായിരിക്കുമെന്നാണ് സബ്യസാചിയുടെ ഏറ്റവും പുതിയ ലെഹങ്ക ഡിസൈനുകള്‍ സൂചിപ്പിക്കുന്നത്. അതിന് ഏറ്റവും മികച്ച ഉദാഹരണം ദിവസങ്ങളോളം കൊണ്ടാടിയിട്ടും മതിവരാത്ത വിരുഷ്‌ക വിവാഹത്തില്‍ അനുഷ്‌ക അണിഞ്ഞ ഇളം റോസ് നിറത്തിലുള്ള ഫ്‌ലോറല്‍ ലെഹങ്ക. 

വിരുഷ്‌ക വിവാഹത്തിന്റെ അതേസമയത്ത് തന്നെയായിരുന്നു അഭിനേത്രി നഫീസ അലിയുടെ മകള്‍ പിയ സോധിയുടെ വിവാഹവും. എഗ് ബ്ലൂ നിറത്തിലുള്ള ലെഹങ്കയാണ് വിവാഹ ദിനത്തില്‍ പിയ അണിഞ്ഞത്. ഇന്‍ഡോ വിക്ടോറിയന്‍ പാറ്റേണില്‍ ഡിസൈന്‍ ചെയ്തതായിരുന്നു ലെഹങ്ക. എഗ് ബ്ലൂ നിറത്തില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള വര്‍ക്കുകളോടുകൂടിയ ലെഹങ്കയില്‍ അതിന് ചേര്‍ന്ന ആഭരണങ്ങളും ചുവന്ന നിറത്തിലുള്ള വളകളുമണിഞ്ഞ് പിയ അതീവ സുന്ദരിയായിരുന്നു. കളിക്കൂട്ടുകാരനായ കിഷ്തിജ് ഖേംകയെയാണ് പിയ വിവാഹം കഴിച്ചത്. 

സബ്യസാചി ലെഹങ്കയില്‍ കൂടുതല്‍ സുന്ദരി അനുഷ്‌കയോ പിയയോ എന്ന ചര്‍ച്ചയിലാണ് ഫാഷന്‍ ലോകം. 

Content Highlights: Pia Sodhi, Nafeesa Ali, Virushka Wedding, Sabyasachi