മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന്‍ ആകാശ് അംബാനിയുടെ വിവാഹക്ഷണക്കത്ത് പുറത്തിറങ്ങി. റോസ് ബ്ലു ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. ധീരുഭായി അംബാനി സ്‌കൂളില്‍ ഒന്നിച്ചു പഠിച്ചകാലം മുതലുള്ള ബന്ധമാണ് വിവാഹത്തില്‍ എത്തിയത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ ശ്ലോക നിലവില്‍ റോസി ബ്ലു ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ഇരുവരുടെയും വിവാഹത്തിന്റെ ആദ്യ ക്ഷണക്കത്ത് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലാണ് സമര്‍പ്പിച്ചത്. 

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി ഭാര്യ നിതാ അംബാനി ഇളയ മകന്‍ ആനന്ദ് എന്നിവരാണ് തിങ്കാളാഴ്ച ഉച്ചതിരിഞ്ഞ് ക്ഷേത്രത്തലിലെത്തി പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ക്ഷണക്കത്ത് സമര്‍പ്പിച്ചത്. മകള്‍ ഇഷയുടെ വിവാഹ ക്ഷണക്കത്തും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ മുകേഷ് അംബാനി നേരിട്ടെത്തി സമര്‍പ്പിച്ചിരുന്നു. മൂന്നു ലക്ഷത്തിലധികം വിലവരുന്നതായിരുന്നു ഇഷയുടെ ക്ഷണക്കത്ത്. 2018  ഡിസംബറിലായിരുന്നു ആകാശിന്റെ ഇരട്ട സഹോദരിയായ ഇഷയുടെ വിവാഹം. ഫെബ്രുവരി 23 മുതല്‍ 25 വരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സെന്റ് മോര്‍ട്ടിസിലാണ് ആകാശിന്റെ ബാച്ചിലര്‍ പാര്‍ട്ടി.

Content Highlights: Ambani family in  Siddhivinayak, Akash Ambani-Shloka Mehta's wedding invitation card to Lord Ganesha