ദേഷ്യം വരുന്നത് മനുഷ്യസഹജമാണ്. എന്നാല്‍ ചിലര്‍ക്ക് എന്തിനും എപ്പോഴും ദേഷ്യം വരുന്ന സ്വഭാവമുണ്ട്. ഇങ്ങനെയുള്ളവരുടെ സമൂഹികജീവിതം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. തൊഴിലിടങ്ങളിലും വീട്ടിലുമൊക്കെ ഇവര്‍ നൊട്ടപ്പുള്ളികളാകാറുമുണ്ട്. ദേഷ്യം വരുന്ന നിമിഷം എന്താണ് ചെയ്യുന്നത് എന്നുപോലും ഇവര്‍ക്ക് അറിയില്ല. എന്നാല്‍ ആ ഒരു നിമിഷം കടന്നു കിട്ടിയാല്‍ ഇവര്‍ വീണ്ടും പഴയ ആളായി മാറുകയും ചെയ്യും. അങ്ങനെ ഉള്ളവര്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളുണ്ട്. ഒന്നു മനസുവച്ചാല്‍ ദേഷ്യം നിയന്ത്രിക്കാന്‍ കഴിയും.  

ദേഷ്യം തോന്നുന്ന സമയം ചിന്തകളെ മറ്റെവിടേയ്‌ക്കെങ്കിലും തിരിച്ചുവിടുക എന്നത് ഏറ്റവും ഫലപ്രധമായ മാര്‍ഗമാണ്. വ്യക്തികളോടാണ് ദേഷ്യം തോന്നുന്നത് എങ്കില്‍ ആ വ്യക്തിയെ ഒഴിവാക്കി മറ്റാരോടെങ്കിലും സംസാരിക്കാം. സാഹചര്യങ്ങളാണ് ദേഷ്യത്തിനു കാരണമെങ്കില്‍ അപ്പോള്‍ ആയിരിക്കുന്ന സ്ഥലത്തു നിന്ന് മറ്റെവിടേയ്‌ക്കെങ്കിലും മാറുക. 

ചിലുടെ പ്രവൃത്തിയോ ചില വ്യക്തികളുടെ സാന്നിധ്യമോ ദേഷ്യത്തിന് കാരണമാകുന്നുണ്ട് എങ്കില്‍ കഴിവതും നിങ്ങളുടെ വികാരം ആ വ്യക്തയോട് പ്രകടിപ്പിക്കാതിരിക്കുക. പകരം ദേഷ്യം വരുന്ന സമയം ഒരു കടലാസില്‍ വരകളിടുകയോ മനസില്‍ തോന്നുന്ന കാര്യം കുറിക്കുകയോ ചെയ്യാം. ഇതിന് സാധിച്ചില്ലെങ്കില്‍ ദേഷ്യം തീരുന്നിടം വരെ ഒരു നൂലില്‍ കെട്ടുകളിടാം. 

കടുത്ത ദേഷ്യം വരുമ്പോള്‍ നൂറുമുതല്‍ പിന്നോട്ട് എണ്ണുന്നത് ദേഷ്യം കുറയ്ക്കാന്‍ സഹായിക്കും. 

കണ്ണടച്ച് ദീര്‍ഘനിശ്വാസം എടുത്തശേഷം ബീ-കൂള്‍ എന്ന് മനസിരുത്തി പലവട്ടം ഉരുവിടുന്നത് ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും. 

ദേഷ്യം തോന്നുമ്പോള്‍ നിങ്ങളെ മനസിലാക്കുന്ന ഏറ്റവും അടുത്ത ആളുമായി സംസാരിക്കുന്നതും ദേഷ്യം നിയന്ത്രിക്കാന്‍ നല്ലതാണ്. എന്നാല്‍ ഇത് എല്ലായിപ്പോഴും പ്രയോഗികമാകണമെന്നില്ല. 

ദേഷ്യം വരുന്ന സമയം കണ്ണാടിയുടെ മുമ്പിലോ ആളില്ലാത്ത മറ്റൊരിടത്തോ നിന്ന് സ്വയം ഉറക്കെ സംസാരിക്കുന്നതും ദേഷ്യം നിയന്ത്രിക്കാന്‍ സഹായിക്കും. 

കടുത്ത ദേഷ്യം വരുമ്പോള്‍ സ്വീകരിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ മാര്‍ഗം മൗനമാണ്. ആ നിമിഷം നടത്തുന്ന അമിതവികാരപ്രകടനം പിന്നീട് സമ്മാനിക്കുക ദു:ഖവും കുറ്റബോധവുമായിരിക്കും. ദേഷ്യം ഉള്ളപ്പോള്‍ മനസിനെ നിയന്ത്രിക്കുന്നത് വിവേകമല്ല വികാരമാണെന്ന് തിരിച്ചറിയുക. ബന്ധങ്ങളും സൗഹൃദങ്ങളും നിലനിര്‍ത്താന്‍ ദേഷ്യം നിയന്ത്രിക്കുന്നത് എപ്പോഴും ഉചിതമായിരിക്കും.

Content Highlights:  how to control short temper