കാസര്‍ക്കോട്ട് അമ്മ ചോരകുഞ്ഞിന്റെ കഴുത്തില്‍ ഇയര്‍ഫോണ്‍ വയര്‍ മുറുക്കി കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് നമ്മളെല്ലാം. ആ സ്ത്രീയെ രാക്ഷസിയെന്നും ദുഷ്ടയെന്നും ശാപവാക്കു കൊണ്ട് മൂടുന്നവരെയുമാണ് സോഷ്യല്‍ മീഡിയയില്‍ ആ വാര്‍ത്തയുടെ കമന്റ് ബോക്‌സുകളില്‍ കണ്ടത്. പ്രസവാനന്തര വിഷാദത്തെ പറ്റിയും ഇന്നും സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത സ്വന്തം ശരീരത്തെ പറ്റിയും ചിലര്‍ മാത്രം സംസാരിക്കുന്നതും കണ്ടു. സ്വയം തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ത്രീ ശരീരങ്ങള്‍ ഏല്‍ക്കേണ്ടി വരുന്ന മുറിവുകളെ പറ്റിയാണ് ആരോഗ്യപ്രവര്‍ത്തകയായ ദേവു കൃഷ്ണ തന്റെ ഫെസ്ബുക്ക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്

ഫെസ്ബുക്ക് കുറിപ്പില്‍ നിന്ന്

രണ്ടു സ്ത്രീകളുടെ കഥ പറയാം, ഒരാള്‍ അവരുടെ വിവാഹദിവസം ആര്‍ത്തവം ആയ വ്യക്തിയാണ്. പരിപാവനമായ ഒന്നെന്നു പറയപ്പെടുന്ന വിവാഹത്തില്‍ വധുവിന്റെ ഇത്തരം കണ്ടിഷന്‍ ഒക്കെ അനലൈസ് ചെയ്തതിനു ശേഷമാണു മുഹൂര്‍ത്തം കുറിക്കുന്നത്. പക്ഷേ ഇവിടെ മറിച്ചു സംഭവിച്ചു. ആ ദിവസം തന്നെ അവര്‍ക്ക് പീരിഡ്‌സ് ആയി. അശുഭമായി കണക്കാക്കിയാലോ, ഭാഗ്യംകെട്ടവള്‍ എന്ന പേര് വീണേക്കാമോ എന്നൊക്കെയുള്ള ഭയത്താല്‍ അവരിത് വളരെ അടുത്ത ചുരുക്കം ചിലരോട് മാത്രേ പറഞ്ഞുള്ളു. അവര്‍ ഏതായാലും ഇനി വിവാഹത്തിന് തയ്യാറാകൂ എന്ന്  ഉപദേശിക്കുകയും  ചെയ്തു. അങ്ങനെ ആ വിവാഹം നടന്നു. പക്കാ അരേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നും, വധൂവരന്മാര്‍ തമ്മില്‍ യാതൊരു തരത്തിലുള്ള പേര്‍സണല്‍ അറ്റാച്‌മെന്റ്സും ഇല്ലായിരുന്നുവെന്നുമോര്‍ക്കണം. ആദ്യരാത്രി.. വരന്റെ പക്ഷം ചേര്‍ന്ന് പറഞ്ഞാല്‍ 'കാര്യങ്ങളൊക്കെ വളരെ മംഗളമായി നടന്നു' പക്ഷേ ആ സ്ത്രീക്ക് അന്നേ ദിവസം പീരിഡ്‌സ് ആയിരുന്നുവെന്നോ,  അവര്‍ പാഡ് ഉപയോഗിച്ചിരുന്നുവെന്നോ, ശാരീരിക ബുദ്ധിമുട്ടുകള്‍  ഉണ്ടായിരുന്നുവെന്നോ അയാളറിഞ്ഞില്ല.. മറിച്ചു ചിന്തിച്ചാല്‍ അതൊന്നും അറിയാനുള്ള നേരം അയാള്‍ക്കുണ്ടായിരുന്നിരിക്കില്ല..ന്താല്ലേ.. 
    
രണ്ടാമത്തെ സ്ത്രീ, അവരും വിവാഹിതയാണ്, രണ്ടു കുട്ടികളുടെ അമ്മയുമാണ് പക്ഷേ ഇനിയും പ്രസവം നിര്‍ത്തിയിട്ടില്ല. അക്കാരണം കൊണ്ട് തന്നെ രണ്ടില്‍ കൂടുതല്‍ തവണ പില്‍സ്/ഗുളിക കഴിച്ചുള്ള അബോര്‍ഷന് വിധേയയായിട്ടുണ്ട്. എത്ര പേര്‍ക്ക് അറിയുമെന്ന് അറിയില്ല അത്തരം കണ്ടിഷനില്‍ അതി ഭീകരമായ നടുവേദനയും അടി വയറു വേദനയും അനുഭവപ്പെടാറുണ്ട്. ഒപ്പം തന്നെ അമിതമായ രക്തസ്രാവവും (അതായത് മണിക്കൂറില്‍ രണ്ടില്‍ കൂടുതലെന്ന കണക്കിന് പാഡ് മാറ്റേണ്ട അവസ്ഥ). ഒന്നാലോചിച്ചു നോക്കൂ അമിതമായ രക്തസ്രാവത്തോടൊപ്പം നടുവേദനയും അടിവയറുവേദനയും തളര്‍ത്തുന്ന ഒരു സ്ത്രീയുടെ അവസ്ഥ. ഒരുമാതിരി പെരുപ്പ് പോലൊരു വേദനയാണെന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു 'ന്തിനാണ് നിങ്ങളീ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നത്, ഏതേലും തരത്തിലുള്ള മുന്‍കരുതലുകള്‍ എടുത്തൂടെ? 'അവരുടെ മറുപടി എന്നെ ഞെട്ടിച്ചു 'മുന്‍കരുതല്‍ എടുത്തു ചെയ്യുന്ന സെക്‌സിനോട് പുള്ളിക്കാരന് താല്പര്യമില്ല'..ഇരുവരുടെയും താല്പര്യങ്ങള്‍ ഒരുപോലെ മാനിക്കപ്പെടേണ്ട, ശാരീരിക അവസ്ഥ പരിഗണിക്കപ്പെടേണ്ട, ഇമോഷന്‍സ് കണക്കിലെടുക്കപ്പെടേണ്ട സെക്‌സ് പോലെ ഒന്നില്‍ സ്വന്തം താല്പര്യങ്ങള്‍ ഇണയെ അടിച്ചേല്‍പ്പിക്കുന്ന പങ്കാളി, ആ വ്യക്തിയെ തൃപ്തിപ്പെടുത്താന്‍  സ്വന്തം ആരോഗ്യം ബലികഴിക്കുന്ന മറ്റേ വ്യക്തി. കാലങ്ങളായി തുടര്‍ന്ന് വരുന്ന ഒന്നാണിത്.  

കാസര്‍ക്കോട്ട് ചോരക്കുഞ്ഞിനെ ഇയര്‍ഫോണ്‍ വയര്‍ കഴുത്തില്‍ മുറുക്കി കൊന്നെന്ന വാര്‍ത്ത കേട്ടപ്പോള്‍ ഓര്‍മ വന്നതാണീ സംഭവങ്ങള്‍. കൊലപാതകം ആരു ചെയ്താലും നീതികരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നറിയാം. പക്ഷേ ചിലപ്പോഴെങ്കിലും അതിലേക്ക് വഴി വെയ്ക്കുന്ന സാഹചര്യങ്ങളെ വിസ്മരിച്ചു കൂടാ. അമ്മയാകുക എന്നതിന് അടിസ്ഥാനപരമായ ചില പാകപ്പെടലുകള്‍ അനിവാര്യമാണ്. എല്ലാവരിലും ഒന്ന് പോലെയാകില്ല. അമ്മയാകണമെന്നു ആഗ്രഹിച്ചു അമ്മയായവരില്‍ പോലും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ വരാറുണ്ട്. ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലുകളാണ്  മുഖ്യ കാരണമായി പറയാവുന്നതെങ്കിലും, പ്രതികൂല സാഹചര്യങ്ങളും ഇത്തരം അവസ്ഥയ്ക്ക് വഴി വെക്കാറുണ്ട്. കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുക, കുഞ്ഞിനെ കൈയില്‍ എടുക്കാതിരിക്കുക തുടങ്ങി കുഞ്ഞുമായി യാതൊരു വിധത്തിലുള്ള ബോണ്ടിങ്ങും ഇല്ലാതിരിക്കുക, അമിതമായ ഉത്കണ്ഠ, ചെറിയ കാര്യങ്ങള്‍ക്കും കരയുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളായി പറയാവുന്നതാണ്. ഇതിന്റെ തന്നെ കുറച്ചൂടെ അപകടകരമായ അവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്. ഇവിടെ അമ്മ സ്വയം അപായപ്പെടുത്താനോ, കുഞ്ഞിനെ അപായപ്പെടുത്താനോ ശ്രമിക്കാറുണ്ട്.   

പറയാനുള്ളത് നിങ്ങള്‍ പുരുഷന്മാരോടാണ് കണ്‍സെന്റ് അഥവാ അനുവാദം എന്നതിന് ഭീകരമായ അര്‍ത്ഥമുണ്ട്. പരിഗണിക്കപ്പെടുന്നു എന്നറിയുന്നത് തന്നെ വലിയ കാര്യമാണ്. ഒരാളുടെ സുഖത്തിന്  മാത്രം ആവരുത് പരിഗണന. പരിഗണിക്കുക.. പാകപ്പെടുത്തുക.. ചേര്‍ത്ത് നിര്‍ത്തുക.. 
#notall
Nb:-ഗര്‍ഭിണികള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുക എന്നത് അവരോടൊപ്പം സഹവസിക്കുന്നവരുടെ കൂടെ കടമയാണ്. ആവശ്യമായ കൗണ്‍സിലിംഗും സേവനങ്ങളും ലഭ്യമാക്കുക എന്നത് സര്‍ക്കാരിന്റെയും സാമൂഹിക ക്ഷേമ വകുപ്പിന്റെയും ഉത്തരവാദിത്തമാണ്.

Content Highlights: Women need freedom over her body face book post