കൊറോണക്കാലത്ത് വിദേശരാജ്യങ്ങളില്‍ അകപ്പെട്ടുപോയ നാട്ടുകാരെ തിരികെ കൊണ്ടുവരാന്‍ ധൈര്യപൂര്‍വം മുന്നിട്ടിറങ്ങിയവര്‍. പൈലറ്റുമാർ അടക്കമുള്ള വിമാന ജീവനക്കാരാണ് ആ പോരാളികള്‍. പലരും ആളുകളെ തിരിച്ചെത്തിച്ച ശേഷം രോഗബാധിതരാവുകയും നിരീക്ഷണത്തിലാവുകയുമെല്ലാം ചെയ്തു. സ്വന്തം ജീവന് വരെ ആപത്തുണ്ടാകാം എന്നറിഞ്ഞിട്ടും മുന്നിട്ടിറങ്ങിയവരാണ് പലരും. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്​സ്ബുക്ക് പേജിലൂടെ അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് എയർ ഇന്ത്യയിൽ വനിതാപൈലറ്റായ സ്വാതി റാവല്‍. ഇറ്റലിയിൽ അകപ്പെട്ട 263 വിദ്യാർഥികളെയാണ്  സ്വാതി തിരിച്ചെത്തിച്ചത്. സ്വാതിയുടെയും സംഘത്തിന്റെയും ധീരമായ പ്രവൃത്തി അന്ന് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.  

ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന്

മാര്‍ച്ച് 20 ന് എന്റെ ടീമിന് ഒരു സന്ദേശം കിട്ടി. കൊറോണക്കാലത്ത് റോമില്‍ കുടുങ്ങിയ 263 ഇന്ത്യക്കാരെ തിരിച്ച് ഡല്‍ഹിയിലെത്തിക്കാന്‍ ഉടനെ വിമാനം പുറപ്പടണമെന്നായിരുന്നു സന്ദേശം. എനിക്ക് ആ ആവശ്യത്തോട് യെസ് പറയാന്‍ അഞ്ച് സെക്കന്‍ഡ് മാത്രമാണ് വേണ്ടിവന്നത്. 

ഞാന്‍ ആകെ ചിന്തിച്ചത് അഞ്ച് വയസ്സുകാരന്‍ മകനെ പറ്റിയും പതിനെട്ട് മാസമായ മകളെ പറ്റിയും മാത്രമായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്, മകള്‍ക്ക് സുഖമില്ലാതായപ്പോള്‍ ഞാന്‍ ഫ്‌ളൈയിങ് ഡ്യൂട്ടിയിലായിരുന്നു. ആ സമയം മുഴുവനും അവള്‍ക്കരികില്‍ എത്താനാവാതെ ടെന്‍ഷനടിച്ചു. 

പക്ഷേ, വീട്ടിലെത്താനാകാതെ കുടുംബത്തെ കാണാനാകാതെ ഒരു പ്രതീക്ഷയുമില്ലാതെ കാത്തിരിക്കുന്ന 263 ഇന്ത്യക്കാരെ പറ്റിയുള്ള ചിന്ത എല്ലാ ടെന്‍ഷനെയും മായ്ക്കുന്നതായിരുന്നു. എല്ലാ ധൈര്യവും കൂട്ടിപ്പിടിച്ച് പോകാന്‍ ഞാന്‍ സമ്മതം മൂളി. 

അടുത്തദിവസം തന്നെ വിമാനം പുറപ്പെട്ടു. കുട്ടികള്‍ക്ക് ഉമ്മയൊക്കെ നല്‍കി സമാധാനിപ്പിച്ചിട്ടാണ് ഞാന്‍ പോകാനിറങ്ങിയത്. അന്നത്തെ വൈകുന്നേരം എന്റെ ജീവിതത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഒന്നായിരുന്നു. ആദ്യമായാണ് ഒരു യാത്രക്കാരന്‍ പോലുമില്ലാതെ ഒരു വിമാനം പറത്തുന്നത്. എട്ട് മണിക്കൂര്‍ യാത്രയില്‍ നിശബ്ദത മാത്രം.

എന്നാല്‍ റോമില്‍ നിന്ന് ആളുകള്‍ കയറിക്കഴിഞ്ഞപ്പോള്‍ മൊത്തം അന്തരീക്ഷം തന്നെ മാറിമറിഞ്ഞു. ഒരു നിമിഷത്തേക്ക് അങ്ങനെയൊരു മഹാമാരി ഉണ്ടായിട്ടേയില്ല എന്ന് തോന്നിപ്പോയി. 

വിമാനം ഡല്‍ഹിയില്‍ ഇറങ്ങിക്കഴിഞ്ഞ് ഓരോ യാത്രക്കാരനും ഞങ്ങളോട് നന്ദി പറഞ്ഞു. ഒരു യാത്രക്കാരന്‍ പറഞ്ഞതിങ്ങനെ...' വീട്ടിലേയ്ക്ക് തിരിച്ചെത്താനാകുമെന്ന് ഒരിക്കലും കരുതിയില്ല.' കുടുംബത്തെ കാണാനുള്ള അയാളുടെ ആഗ്രഹം മൊത്തം ആ വാക്കുകളിലുണ്ടായിരുന്നു. എല്ലാത്തിനും ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് തിരിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം വീട്ടിലേയ്ക്ക് പോകുമ്പോള്‍ സ്ഥിതിഗതികള്‍ മാറിയിരുന്നു. വീട്ടിലെത്തിയപ്പോള്‍ മകന്‍ എന്നെ കെട്ടിപ്പിടിക്കാനായി ഓടി വന്നു. 'മമ്മയ്ക്ക് ഇപ്പോള്‍ മോനെ കെട്ടിപ്പിടിക്കാന്‍ പറ്റില്ല കേട്ടോ' എന്ന് പറഞ്ഞ് അവനെ വിലക്കേണ്ടി വന്നു. കുഞ്ഞുമോള്‍ കൈയിലേയ്ക്ക് കുതിക്കാന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിന് അവളെ ബലമായി എടുത്തുകൊണ്ടുപോകേണ്ടിവന്നു. അവളെന്നെ നോക്കി കരയുന്നത് കണ്ടപ്പോള്‍ ഹൃദയം തകരുകയായിരുന്നു. 

പതിനാല് ദിവസം ഐസൊലേഷനില്‍. മക്കള്‍ എന്നെ കാണുന്നുണ്ട്. മകള്‍ക്ക് എന്റെ അടുത്തുനിന്ന് മാറിനില്‍ക്കാനാവില്ല എന്ന് എനിക്കറിയാമായിരുന്നു. കിട്ടുന്ന അവസരത്തിലെല്ലാം അവളെന്റെ മുറിയില്‍ നുഴഞ്ഞ് കയറും. പിന്നെ പിന്നെ ഇതൊരു കളിയായി. അവള്‍ വരുമ്പോഴെല്ലാം ഞാന്‍ ഓടും അവളെന്നെ പിടിക്കാന്‍ പിന്നാലെയും. ഇപ്പോഴത്തെ അവസ്ഥയെ പറ്റി പറഞ്ഞു മനസിലാക്കാന്‍ ഏറ്റവും നല്ല വഴി അതായിരുന്നു.

ഐസൊലേഷന്റെ ദിനങ്ങള്‍ കഴിഞ്ഞു. ഇനി എനിക്കെന്റെ മക്കളെ ചേര്‍ത്തുപിടിക്കാം. പ്രിയപ്പെട്ടവരുടെ അടുത്തെത്താനുള്ള ആ യാത്രക്കാരുടെ വേദന എനിക്കിപ്പോള്‍ മനസിലാകുന്നുണ്ട്. കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്താനുള്ള വഴിയതാണെങ്കില്‍ ഞാന്‍ ഇനിയും തയ്യാറാണ് ബാക്കിയുള്ള എന്റെ രാജ്യക്കാരെയും നാട്ടിലെത്തിക്കാന്‍. 

Content Highlights: Woman pilot who evacuated 263 Indians from Rome during Corona Pandemic Share her experience