സ്വന്ത്വം സ്വത്വത്തെ വെളിപ്പെടുത്താനാകാതെ കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതം ജീവിച്ചുതീർക്കുന്ന നിരവധി ട്രാൻസ് വ്യക്തികളുണ്ട്. ഇഷ്ടമില്ലാത്ത ഉടലുകളിൽ ഉള്ളിൽ മറ്റൊരു വ്യക്തിയായി ജീവിക്കുന്നവർ. പലപ്പോഴും സമൂഹത്തെയും വ്യവസ്ഥയെയുമൊക്കെ ഭയന്നാണ് അവരിലേറെയും തുറന്നുപറച്ചിൽ നടത്താത്തത്. എന്നാൽ കാലമെത്ര വൈകിയാലും അവനവനെ സ്വീകരിക്കാനുള്ള അവസരം കളയരുതെന്ന് വ്യക്തമാക്കുന്ന ഒരു ട്രാൻസ് വനിതയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് നിഷിക എന്ന ട്രാൻസ് വുമൺ ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ‌ തുറന്നുപറയുന്നത്. 

ഇന്ന് രാജ്യത്തെ ആദ്യത്തെ ട്രാൻസ്ജെൻ‍ഡർ ടെന്നീസ് കോച്ചാണ് നിഷിക. പക്ഷേ അതിലേക്കെല്ലാം എത്തുംമുമ്പ് നരകയാതന അനുഭവിച്ച കാലത്തെക്കുറിച്ചും നിഷികയ്ക്ക് പറയാനുണ്ട്. ജെൻഡർ ഏതാണെന്നുപോലും തിരിച്ചറിയാതെ, അതു തുറന്നുപറയാനാകാതെ നീക്കിയ കാലത്തേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷിക. ബൈസെക്ഷ്വലാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് പ്രണയിച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ നാൽപ്പതുകളിലാണ് തന്റെ ശരീരവും മനസ്സും രണ്ടു ധ്രുവങ്ങളിലാണ് ജീവിക്കുന്നതെന്ന് നിഷിക തിരിച്ചറിയുന്നത്. തുടർന്ന് അത് പങ്കാളിയോടും ലോകത്തോടും വിളിച്ചു പറഞ്ഞതിനേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷിക.

കുറിപ്പിലേക്ക്... 

ആൺകുട്ടിയായാണ് ഞാൻ ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ ഞാനൊരു ആൺകുട്ടിയല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. പെൺകുട്ടികളുടെ കൂട്ടാണ് എനിക്ക് ഏറെ സുരക്ഷിതത്വം നൽകിയിരുന്നത്, അവരിലൊരാളാണ് ഞാനെന്ന് തോന്നിയിരുന്നു. പെൺകുട്ടികളെപ്പോലെ വസ്ത്രം ചെയ്യാനും നഖത്തിൽ ചായം പൂശാനും സുന്ദരിയാവാനുമൊക്കെ ഞാനിഷ്ടപ്പെട്ടു. പക്ഷേ ഒരു ദിവസം എന്റെ ഒരു ആന്റി ഇത് കണ്ടുപിടിക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. ആൺകുട്ടികളുടെ സ്കൂളിൽ ചേർത്താണ് അവർ പകരംവീട്ടിയത്. അതോടെ ഞാനൊരു കൂടിലേക്ക് ഒതുങ്ങുകയായിരുന്നു. 

സ്കൂളിൽ കളിയാക്കപ്പെടുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കപ്പെടുകയുമൊക്കെ ചെയ്തിരുന്നു. എഴുന്നേൽക്കണമെന്നേ തോന്നാത്ത പ്രഭാതങ്ങൾ ഉണ്ടായിരുന്നു അന്നൊക്കെ. എന്റെ ജെൻ‍ഡറിൽ ആശയക്കുഴപ്പത്തിലാവുകയും പലപ്പോഴും നിരാശ തോന്നുകയും ചെയ്തു. പരീക്ഷകളിൽ പരാജയപ്പെടാൻ തുടങ്ങി. അച്ഛൻ അദ്ദേഹത്തിന്റെ വിജയങ്ങളുമായി താരതമ്യം ചെയ്യുമായിരുന്നു. എനിക്ക് ഞാൻ ചെറുതാകുന്നതുപോലെ തോന്നി. 

കോളേജിലേക്ക് പോകുന്ന കാലമായപ്പോഴേക്കും അമിത ഉത്കണ്ഠയും പെട്ടെന്നുള്ള ദേഷ്യവുമൊക്കെ എന്റെ കൂട്ടായിരുന്നു. എന്റെ വ്യക്തിത്വം കണ്ടെത്താനാകാതെ ഞാൻ നിരാശയിലാണ്ടിരുന്നു. അതിനിടെ കുടുംബത്തിൽ നിന്ന് വിവാഹിതനാകാനുള്ള നിർബന്ധവും കൂടിവന്നു. ഞാൻ ബൈസെക്ഷ്വൽ ആണെന്നാണ് എനിക്ക് തോന്നിയിരുന്നത്. കാരണം ഞാൻ ആൺകുട്ടികളെയും പെൺകുട്ടികളെയും പ്രണയിച്ചിരുന്നു. മുപ്പതാം വയസ്സിലാണ് ഞാൻ അവളെ ഞാൻ ഒരു സുഹൃത്തുവഴി കണ്ടുമുട്ടുന്നത്. അതുവരെ അനുഭവിച്ചിട്ടില്ലാത്തൊരു വൈകാരികബന്ധം അവളുമായുണ്ടായി. ഞങ്ങൾ ആത്മാർഥ സുഹൃത്തുക്കളായി. 

പോകെപ്പോകെ അവൾ ഞാനുമായി പ്രണയത്തിലായി. ഞാനുമതെ, പക്ഷേ ഒരിക്കലും എന്റെ ഭൂതകാലത്തെക്കുറിച്ച് ഞാൻ അവളോട് പറഞ്ഞിരുന്നില്ല. പക്ഷേ ഞാൻ ബൈസെക്ഷ്വൽ ആണെന്നു തോന്നുന്നു എന്ന കാര്യംമാത്രം അവളോട് പറഞ്ഞു. അതിനവൾക്ക് കുഴപ്പവും ഉണ്ടായിരുന്നില്ല. അങ്ങനെ ഞങ്ങൾ വിവാഹിതരായി. 

ഒരു പുരുഷനെപ്പോലെ അഭിനയിക്കുന്നതിൽ ഞാൻ മിടുക്കനായിരുന്നു. എന്റെ ഉള്ളിൽ എന്താണെന്ന യാതൊരു ഊഹവും അവളിൽ ഉണ്ടായില്ല. കാലങ്ങളോളം ഞാൻ എന്റെ വികാരങ്ങൾ അമർത്തിവച്ചു. സമൂഹത്തിനുവേണ്ടി ഞാൻ അഭിനയിച്ചു. ഒരു ബൈക്ക് വാങ്ങുകയും എന്റെ പുരുഷത്വം കാണിക്കാൻ ജിമ്മിൽ പോയിതുടങ്ങുകയും ചെയ്തു. 

അപ്പോഴും ഭൂതകാലത്തെ മാനസികാഘാതവുമായി പൊരുത്തപ്പെടുന്നതോർത്തും അവൾ അതറിഞ്ഞാലുള്ള അവസ്ഥയോർത്തും ഭയപ്പെട്ടിരുന്നു. എനിക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല, കടത്തിൽ മുങ്ങി. പക്ഷേ ഞങ്ങൾക്കിടയിൽ പൊരുത്തക്കേടുകളും പ്രശ്നങ്ങളും വന്നു. ഞാൻ കാരണം അവൾ വിഷമിക്കുന്നത് എന്നെ തളർത്തി. മുപ്പത്തിയേഴാം വയസ്സിൽ അതിൽ നിന്നൊക്കെ ശ്രദ്ധതിരിക്കാൻ ഞാൻ ടെന്നീസ് കളിക്കാൻ തുടങ്ങുകയും ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ഞാൻ സന്തോഷത്തിലായിരുന്നില്ല, എനിക്കിങ്ങനെ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ചിന്തിച്ചു. അങ്ങനെ നാൽപത്തിമൂന്നാം വയസ്സിൽ ഒരു യാത്ര ചെയ്യാനും എന്നെതന്നെ കണ്ടെത്താനും തീരുമാനിച്ചു. ഞാനെന്നെക്കുറിച്ച് സുഹൃത്തുക്കളോട് തുറന്നുപറഞ്ഞു. ഞാൻ എങ്ങനെയായാലും അവർ എന്നെ സ്നേഹിക്കുന്നുവെന്ന് തുറന്നുപറഞ്ഞു. 

അങ്ങനെ പതിമൂന്നുവർഷത്തെ വിവാഹബന്ധത്തിനുശേഷം എന്റെ ഭാര്യയോട് ഞാൻ അക്കാര്യം തുറന്നുപറഞ്ഞു. ''ക്ഷമിക്കണം, ഞാനൊരു ട്രാൻസ് വുമണാണ്''. അവൾ തകർന്നുപോയിരുന്നു. പക്ഷേ വേദനയ്ക്കിടയിലും അവൾ പറഞ്ഞു, എല്ലാവരും അവർ ആരാണോ അവരായി ജീവിക്കാൻ അർഹരാണ് എന്ന്. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. അവളെ വേദനിപ്പിച്ചല്ലോ എന്നത് ഇപ്പോഴും എന്നെ വിഷമിപ്പിക്കാറുണ്ട്. പക്ഷേ വിവാഹബന്ധം അവസാനിപ്പിച്ചതോടെ ഞാൻ എന്റെ വ്യക്തിത്വത്തെ പുണർന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ടെന്നിസ് കോച്ചാണ് ഞാൻ. അടുത്തമാസം ലിം​ഗമാറ്റ ശസ്ത്രക്രിയ ചെയ്യാനൊരുങ്ങുകയാണ്. ആശങ്കയും ആകാംക്ഷയുമുണ്ട്. ഇപ്പോഴും ഞാൻ മുഴുവനായി ഭൂതകാലത്തെ മുറിവുകളിൽ നിന്ന് മുക്തമായിട്ടില്ല. പക്ഷേ ഞാൻ അതിലേക്ക് അടുക്കുകയാണ്. 

Content Highlights: transwoman nishica sharing her life journey