സ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾ ഈ നൂറ്റാണ്ടിലും ക്രൂരമായ വിമർശനങ്ങൾക്ക് ഇരയാകപ്പെടാറുണ്ട്. അതിൽ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ വ്യത്യാസമില്ല. അടുത്തിടെ ഒരു പ്രമുഖ ചാനലിലും ​ഗ്ലാമറസ് ഫോട്ടോഷൂട്ട് ചെയ്ത യുവനടിമാരെ ക്രൂരമായി ട്രോളുന്ന പരിപാടി അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ശ്രിന്ദ. അവനവനിഷ്ടമുള്ളത് ധരിക്കാനും പ്രകടിപ്പിക്കാനുമൊന്നും ആരെയും കാത്തുനിൽക്കേണ്ടതില്ലെന്നും താൻ ആർക്കുവേണ്ടിയും തന്റെ ഇഷ്ടങ്ങളെ മാറ്റിവെക്കാൻ പോകുന്നില്ലെന്നും പറയുകയാണ് ശ്രിന്ദ. ശ്രിന്ദയുടെ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും ചാനൽ പരിപാടിയിൽ വിമർശിക്കപ്പെട്ടിരുന്നു. 

ഇത് 2021 ആണെന്ന് ഓർമിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ശ്രിന്ദയുടെ കുറിപ്പ് ആരംഭിക്കുന്നത്. എല്ലാവരും ടോക്സിക് സ്വഭാവ രീതികളിൽനിന്നും കാഴ്ചപ്പാടുകളിൽ നിന്നുമൊക്കെ പിൻവാങ്ങാൻ ശ്രമിക്കുകയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും അവനവന്റെ ശരീരം സ്നേഹിക്കാൻ സജീവമായി ഇടമൊരുക്കുകയുമൊക്കെ ചെയ്യുന്ന കാലത്ത് ദുഃഖകരമെന്നു പറയട്ടെ, ഇവിടെ ചിലർ ഇരുപതിനായിരം ചുവടുകൾ പുറകിലോട്ട് പോവുകയാണെന്ന് ശ്രിന്ദ കുറിക്കുന്നു. 

പ്രസ്തുത വീഡിയോക്ക് വീണ്ടും ശ്രദ്ധ കൊടുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല. കാരണം അത് അർഹിക്കുന്നില്ല. ഒരു സ്ത്രീയോ പെൺകുട്ടിയോ ഇത്തരമൊരു സംഭാഷണം നടക്കുന്ന പരിതസ്ഥിതിയിൽ വളരണമെന്ന് താൻ ആ​ഗ്രഹിക്കുന്നില്ല. ഇത്തരം ഉള്ളടക്കങ്ങൾ ചാനലിൽ പോകുന്നതിൽ താൻ അത്ഭുതപ്പെടുന്നുവെന്നും കൂടുതൽ ഉത്തരവാദിത്വം പുലർത്തേണ്ടതാണെന്നും നടി കുറിക്കുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Srinda (@srindaa)

പ്രത്യേകിച്ച് മാറ്റത്തെ സ്വാധീനിക്കാൻ ശേഷിയുള്ള പ്ലാറ്റ്ഫോമായി നിലനിൽക്കവേ ഇത്തരം ഭയാനകമായ പിന്തിരിപ്പൻ ആശയങ്ങൾ പ്രദർശിപ്പിക്കരുതെന്നും ശ്രിന്ദ പറയുന്നു. എന്നാലേ ഈ പ്ലാറ്റ്ഫോം കാണുന്ന ചെറിയ ആൺകുട്ടികളും പെൺകുട്ടികളുമൊക്കെ സ്വന്തം ശരീരം അവനവന്റേത് മാത്രമാണെന്ന് മനസ്സിലാക്കൂ. ടിവി-മൊബൈൽ സ്ക്രീനുകളിൽ കാണുന്ന ചേട്ടന്മാരോ ചേച്ചിമാരോ ആരും അല്ല എന്താണ് ചെയ്യേണ്ടതെന്നും ധരിക്കേണ്ടതെന്നും പറയേണ്ടതെന്ന് തിരിച്ചറിയൂ. ഇതു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഇതു കേൾക്കുന്നുണ്ടെങ്കിൽ അവരോടായി, നിങ്ങൾക്ക് എന്താണോ ധരിക്കാനിഷ്ടം അതു ധരിക്കൂ, നിങ്ങളാരാണെന്ന് തുറന്നുകാട്ടൂ, എന്താണോ സന്തോഷം പകരുന്നത് അത് ചെയ്യൂ, സന്തോഷം വിതറൂ, അനുകമ്പയുള്ളവരാകൂ- ശ്രിന്ദ കുറിക്കുന്നു. 

താൻ തന്റെ ശരീരത്തെ സ്നേഹിക്കാൻ പഠിക്കുകയാണെന്നും ഫാഷൻ, സിനിമ എന്നീ പ്രിയപ്പെട്ട കലകളിലൂടെ തന്റെ അഭിപ്രായം പങ്കുവെക്കുകയാണെന്നും ശ്രിന്ദ. ആർക്കുവേണ്ടിയും താൻ സ്നേഹിക്കുന്നതോ തനിക്ക് വേണ്ടതോ നിർത്താൻ പോകുന്നില്ല. താനൊരിക്കലും ഫോട്ടോഷൂട്ട് ചെയ്യുന്നത് നിർത്താൻ പോകുന്നില്ല.- ശ്രിന്ദ പറയുന്നു. 

Content Highlights: Srindaa instagram post on photoshoot controversy