കേരളത്തില്‍ ആദ്യമായാണ് ആദിവാസി വിഭാഗത്തില്‍ നിന്നും ഒരു കലക്ടര്‍ ഉണ്ടാകുന്നത്. അതും പെണ്‍കുട്ടി. ശ്രീധന്യ എന്ന പേര് ഒരു പക്ഷേ ആദിവാസി വിഭാഗങ്ങള്‍ക്ക് മാത്രമല്ല നമ്മുടെ നാട്ടിലെ സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനമാണ്. പഠനത്തിനും ജോലിക്കുമപ്പുറം വിവാഹമാണ് സ്ത്രീയുടെ ജീവിത്തില്‍ വലുത് എന്ന് കരുതുന്ന നമ്മുടെ സമൂഹത്തെ ചോദ്യം ചെയ്യുകയാണ് സന്ദീപ് ദാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റിരിക്കുന്നു. ഈ അവസരത്തില്‍ നമ്മുടെ നാട്ടിലെ അച്ഛനമ്മമാരോട് ചിലതെല്ലാം പറയണമെന്ന് തോന്നുന്നു.

നിങ്ങളുടെ മകള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ 'ധനം' വിദ്യാഭ്യാസമാണ്. ഈ വസ്തുത അംഗീകരിച്ചാല്‍ അവളുടെ ജീവിതത്തില്‍ വിസ്മയങ്ങള്‍ സംഭവിക്കും.

കൂലിപ്പണിക്കാരായ സുരേഷിന്റെയും കമലയുടെയും മൂന്നുമക്കളില്‍ മൂത്തവളാണ് ശ്രീധന്യ. ആദ്യ പ്രസവത്തില്‍ പെണ്‍കുഞ്ഞ് ജനിക്കുന്നത് ചില ദമ്പതിമാര്‍ക്ക് രസിക്കാറില്ല. രണ്ടാമത്തെ കുഞ്ഞ് ആണാവുന്നതിനുവേണ്ടി അവര്‍ വഴിപാടുകള്‍ നേരും.

എന്നാല്‍ ശ്രീധന്യയുടെ മാതാപിതാക്കള്‍ ആ രീതിയിലല്ല ചിന്തിച്ചത്. തങ്ങള്‍ക്ക് ജനിച്ച പെണ്‍കുട്ടിയെ അവര്‍ അഭിമാനത്തോടെയാണ് വളര്‍ത്തിയത്.

കൂലിപ്പണിക്കാരുടെ മക്കളും അതേ ജോലി ചെയ്യുന്ന കാഴ്ച്ച ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ കമലയും സുരേഷും മകളെ പഠിക്കാനാണ് പറഞ്ഞുവിട്ടത്. പ്രാഥമികവിദ്യാഭ്യാസം മാത്രം നേടാനല്ല. പത്താം ക്ലാസ് കൊണ്ടോ ഡിഗ്രി കൊണ്ടോ തൃപ്തിപ്പെടാനുമല്ല. ശ്രീധന്യയ്ക്ക് ആഗ്രഹമുള്ളിടത്തോളം പഠിക്കാന്‍!

പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ശ്രീധന്യ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നു. സിവില്‍ സര്‍വ്വീസ് എന്ന മോഹം മനസ്സില്‍ കയറിക്കൂടിയതോടെ ആ തൊഴില്‍ ഉപേക്ഷിച്ചു. സുരേഷും കമലയും അതിനെ എതിര്‍ത്തില്ല. ''ഇത്രയൊക്കെ പഠിച്ചത് പോരേ? ' എന്ന് ചോദിച്ചില്ല. ഉള്ള ജോലി കളയുന്നത് മണ്ടത്തരമാണെന്ന് വാദിച്ചില്ല.

കേരളത്തില്‍ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു കലക്ടറുണ്ടാവുന്നത്. ''നിങ്ങളെപ്പോലുള്ളവര്‍ക്ക് സിവില്‍ സര്‍വ്വീസൊന്നും നേടാനാവില്ല'' എന്ന ഉപദേശം ശ്രീധന്യ ധാരാളം കേട്ടിട്ടുണ്ടാവും. ആദ്യ ശ്രമത്തില്‍ പരാജയം നേരിട്ടപ്പോള്‍ കുത്തുവാക്കുകളുടെ ശക്തി കൂടിയിട്ടുമുണ്ടാവും. പക്ഷേ സുരേഷും കമലയും മകളോടൊപ്പം ഉറച്ചുനിന്നു. രണ്ടാമത്തെ ശ്രമത്തില്‍ ശ്രീധന്യ ലക്ഷ്യം ഭേദിക്കുകയും ചെയ്തു.

കോഴിക്കോട് അസിസ്റ്റന്റ് കലക്ടറുടെ കസേരയില്‍ ഇരിക്കുന്ന ശ്രീധന്യയ്ക്ക് മുപ്പതിനോടടുത്ത് പ്രായമുണ്ട്. നമ്മുടെ നാട്ടിലെ പറച്ചില്‍ അനുസരിച്ച് 'കെട്ടുപ്രായം കഴിഞ്ഞ,പുരനിറഞ്ഞുനില്‍ക്കുന്ന പെണ്‍കുട്ടി'. അവിടെയും ശ്രീധന്യയും കുടുംബവും ധീരത കാണിച്ചു. സ്വപ്‌നങ്ങളേക്കാള്‍ വലുതല്ല വിവാഹം എന്ന് തെളിയിച്ചുതന്നു.

ശ്രീധന്യയുടെ മോഹങ്ങള്‍ക്ക് മാതാപിതാക്കള്‍ യാതൊരു വിധ പരിധികളും സൃഷ്ടിച്ചില്ല എന്നതാണ് ശ്രദ്ധേയം. അതിന്റെ ഫലമാണ് തിളങ്ങുന്ന ഈ നേട്ടം.

സാധാരണഗതിയില്‍ ഇതാണോ നടക്കാറുള്ളത്? ഒരു പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ക്ക് മനസ്സില്‍ ആവശ്യമില്ലാത്ത ആധി സൂക്ഷിക്കുന്നവരാണ് മിക്ക മാതാപിതാക്കളും.

പല പെണ്‍കുട്ടികള്‍ക്കും ഇഷ്ടമുള്ളിടത്തോളം പഠിക്കാന്‍ സാധിക്കാറില്ല. ചിലര്‍ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വിവാഹത്തിന് സമ്മതിക്കേണ്ടിവരും. വിവാഹത്തിനുശേഷവും പഠിക്കാമല്ലോ എന്ന് വരനും അയാളുടെ വീട്ടുകാരും പറഞ്ഞേക്കാം. പക്ഷേ എല്ലായ്‌പ്പോഴും അത് സംഭവിച്ചുകൊള്ളണമെന്നില്ല.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട കാര്യം വിവാഹമാണെന്ന ധാരണയില്‍ നിന്ന് നാം ഇന്നും മുക്തരായിട്ടില്ല. നമ്മുടെ അച്ഛനമ്മമാര്‍ മകള്‍ക്കുവേണ്ടി സ്വര്‍ണ്ണം കരുതിവെയ്ക്കും. അവളുടെ വിവാഹം ആര്‍ഭാടപൂര്‍വ്വം നടത്തും. ലക്ഷക്കണക്കിന് രൂപയും കാറുമൊക്കെ സ്ത്രീധനമായി നല്‍കും.

യഥാര്‍ത്ഥത്തില്‍ മകള്‍ക്ക് ഏറ്റവും ആവശ്യമുള്ളത് ഇതെല്ലാമാണോ? ഒരിക്കലുമല്ല. കൊല്ലം സ്വദേശിനിയായ ഉത്രയുടെ വിവാഹസമയത്ത് നൂറുപവന്റെ ആഭരണങ്ങളാണ് സ്ത്രീധനമായി കൊടുത്തത്. അവസാനം അവര്‍ സ്വന്തം ഭര്‍ത്താവിന്റെ കൈകൊണ്ടുതന്നെ കൊല്ലപ്പെട്ടു.

നിങ്ങളുടെ പെണ്‍കുഞ്ഞിനെ ഒരു അമൂല്യസ്വത്തായി കണക്കാക്കണം. അവളുടെ കുഞ്ഞിക്കൈ പിടിച്ച് നടത്താന്‍ പഠിപ്പിക്കണം. സ്വന്തം ആകാശം അവള്‍ പതിയെ കണ്ടെത്തിക്കോളും. മകള്‍ പറന്നുതുടങ്ങുമ്പോള്‍ ചരട് ഉപയോഗിച്ച് ബന്ധിക്കരുത്. ആ പ്രയാണം കണ്ട് ആനന്ദിച്ചുനില്‍ക്കുക....

അവസാനം നിങ്ങള്‍ സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കൊടുമുടികള്‍ അവള്‍ കീഴടക്കും. അപ്പോള്‍ നിങ്ങളും പറക്കും....

ഉയരെ...
ഒരുപാടൊരുപാട് ഉയരെ.

Content Highlights: Sreedhanya first tribal women from kerala win civil service inspire all girls in kerala