പ്രണയത്തിൽ നിന്ന് പിൻവാങ്ങിയതിന്റെ പകതീർക്കാൻ കൊലപാതകങ്ങളെ കൂട്ടുപിടിക്കുന്ന യുവത്വത്തെയാണ് ഇന്ന് കാണുന്നത്. തിരസ്കരണങ്ങളോടും പിൻവാങ്ങലുകളോടുമൊക്കെ ഇല്ലായ്മ ചെയ്ത് പകവീട്ടുകയാണ് പലരും. പാലായിൽ സഹപാഠി കഴുത്തറുത്ത് കൊന്ന നിഥിനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ നടി റിമ കല്ലിങ്കൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. പെൺ‌കുട്ടികൾക്ക് പ്രണയത്തിൽ നിന്ന് പിന്തിരിയാനുള്ള പൂർണ അവകാശമുണ്ടെന്നും അത് അം​ഗീകരിക്കാൻ ആൺസമൂഹം തയ്യാറാകണമെന്നും പങ്കുവെക്കുകയാണ് റിമ. 

ആൺകുട്ടികളോട് കടപ്പെട്ടിരിക്കുന്നവരല്ല പെൺകുട്ടികൾ എന്ന് ആൺകുട്ടികളെ പഠിപ്പിക്കൂ എന്നു പറഞ്ഞാണ് റിമ കുറിപ്പ് ആരംഭിക്കുന്നത്. എല്ലാ മനുഷ്യരേയും പോലെ തീരുമാനങ്ങളെടുക്കാനും അതു മാറ്റാനും സ്വന്തമായൊരു മനസ്സ് പെൺകുട്ടികൾ‌ക്കുമുണ്ടെന്നും റിമ കുറിക്കുന്നു.

ശരിയാണ്, അവർ നിങ്ങളെ മുമ്പ് പ്രണയിച്ചിട്ടുണ്ട്, ഇപ്പോൾ പ്രണയിക്കുന്നില്ല. അതല്ലെങ്കിൽ അവർ‌ നിങ്ങൾക്ക് മുൻ​ഗണന നൽകി സ്നേഹിച്ചിട്ടില്ലായിരിക്കാം. ഇവിടെയുള്ള മറ്റെല്ലാ ആൺകുട്ടികളെയും പുരുഷന്മാരെയും പോലെ ഒരു വ്യക്തി എന്ന നിലയ്ക്ക് തന്റെ തീരുമാനങ്ങൾക്കും ആ​ഗ്രഹങ്ങൾക്കും ഭാവനകൾക്കും അനുസരിച്ച് ജീവിക്കാനുള്ള എല്ലാ അവകാശവും അവൾക്കുണ്ട്.- റിമ  കുറിക്കുന്നു. 

നിരവധി പേരാണ് റിമയുടെ പോസ്റ്റിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കമന്റ് ചെയ്തത്. സ്കൂളുകളിൽ കൗൺസിലിങ്ങുകളും തെറാപ്പികളും സജീവമായാലേ ഇതിന് ഒരുപരിധിവരെ തടയിടാനാവൂ എന്ന് ചിലർ പറയുന്നു. പെൺകുട്ടികൾക്ക് കുട്ടിക്കാലം തൊട്ട് കൗൺസിലിങ് ക്ലാസുകൾ നൽകുന്നതുപോലെ ആൺകുട്ടികൾക്കും പ്രാധാന്യം കൊടുക്കണമെന്നും ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെ മാനിക്കാൻ ആൺകുട്ടികൾ പഠിക്കണമെന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: rima kallingal instagram post on pala murder case