രാളുടെ നിറമോ രൂപമോ ശാരീരിക പ്രത്യേകതകളോ അല്ല അയാളുടെ സൗന്ദര്യം നിർണയിക്കുന്ന ഘടകം. അവനവനിലുള്ള ആത്മവിശ്വാസമാണ് ഏറ്റവും പ്രധാനവും. ബോഡിപോസിറ്റിവിറ്റിയെക്കുറിച്ച് നിരന്തരം കുറിപ്പുകൾ പങ്കുവെക്കപ്പെടുന്ന കാലമാണിത്. ഇപ്പോഴിതാ ​ഗായിക കാവ്യ അജിതും സമാനമായൊരു സന്ദേശം പങ്കുവെക്കുകയാണ്. സ്വന്തം മുടിയിഴകളിലും കാടുപോലെ വളരുന്ന പുരികത്തിലുമൊക്കെ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്ന താൻ ഇപ്പോൾ അവയിൽ അഭിമാനിക്കുകയാണെന്ന് പറയുകയാണ് കാവ്യ. 

കട്ടിയായി വളരുന്ന പുരികം ഒതുക്കി ചുരുണ്ട മുടിയിഴകൾ നീട്ടിയ കാലത്തെക്കുറിച്ച് പങ്കുവെക്കുകയാണ് കാവ്യ. അതിൽ നിന്ന് ഇന്നത്തെ കാവ്യയിലേക്കുള്ള മാറ്റത്തെക്കുറിച്ചും കുറിക്കുന്നുണ്ട്. ഒപ്പം ഇരുകാലത്തെയും ചിത്രങ്ങളും കാവ്യ പങ്കുവെക്കപ്പെടുന്നുണ്ട്. 

പെൻസിലുപോലെ കട്ടികുറഞ്ഞ പുരികവും നീളൻ മുടിയും കൂളാണെന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു എന്നുപറഞ്ഞാണ് കാവ്യ കുറിപ്പ് ആരംഭിക്കുന്നത്. കട്ടിയോടെ കാടുപോലെ വളരുന്ന പുരികവും ചുരുളൻ മുടിയുമൊക്കെ ഒരുകാലത്ത് ആശങ്കപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് അവ എന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നവയാണ്. അവസാനമായി പുരികം ത്രെഡ് ചെയ്തത് 2018ലാണ്. ചുരുളൻ മുടികളെ ഞാൻ സ്നേഹിക്കാനും തുടങ്ങി.- കാവ്യ കുറിക്കുന്നു. 

'പെർഫെക്റ്റ്' ആവാൻ ശ്രമിക്കുക എന്നത് വെറുമൊരു മിഥ്യാധാരണയാണ്. കാരണം മറ്റൊരാളുടെ കാഴ്ചയിലെ പെർഫെക്റ്റ് നിങ്ങൾക്ക് പെർഫെക്റ്റ് ആയിരിക്കണമെന്നില്ല. നിങ്ങളുടെ സ്വാഭാവികമായ പെർഫെക്റ്റ് എന്തെന്ന് കണ്ടുപിടിക്കൂ, അതിനെ പുണരൂ. കാരണം പ്രകൃത്യാലുള്ളതാണ് മനോഹരവും സ്പെഷലും അതാണ് നിങ്ങൾ എന്നും കാവ്യ കുറിക്കുന്നു. 

Content Highlights: kavya ajith body positivity post body positivity movement, kavya ajith songs