കുടുംബം അവന്‍ ആണ്‍കുട്ടിയായി വളരണമെന്ന് ആഗ്രഹിക്കുമ്പോഴും താന്‍ അങ്ങനെയല്ലെന്ന് തിരിച്ചറിയുക, സ്ത്രീയാകണമെന്ന് അവരോട് പറയുക... അതോടെ പരിഹസവും ഒറ്റപ്പെടലും നേരിട്ട ജീവിതമാണ് ഡോ. ത്രിനേത്രയുടേത്. ഇപ്പോഴും സമൂഹത്തില്‍ വേര്‍തിരിവുകള്‍ അനുഭവിക്കുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍. എന്നാല്‍ സ്വയം തിരിച്ചറിഞ്ഞ് ജീവിതത്തില്‍ സന്തോഷം കണ്ടെത്തിയ തന്റെ അനുഭവം പങ്കുവയ്ക്കുയാണ് അവര്‍, ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ

ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്

കുടുംബത്തില്‍ മുഴുവന്‍ സന്തോഷം നിറച്ചായിരുന്നു എന്റെ ജനനം. വീട്ടിലെ ആദ്യത്തെ ആണ്‍കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ ബാല്യത്തില്‍ തന്നെ ആണ്‍കുട്ടിയാണെന്ന തോന്നല്‍ എനിക്കുണ്ടായിരുന്നില്ല. ഞാന്‍ എന്റെ അമ്മയുടെ സാരിയും മേക്കപ്പുമണിഞ്ഞ് വീടിനുള്ളില്‍ നടക്കും, ചെറിയ കുട്ടിയായതിനാല്‍ അതൊരു തമാശയും കൗതുകവുമായേ ആളുകള്‍ കണ്ടിരുന്നുള്ളു. എന്നാല്‍ മുതിര്‍ന്നപ്പോഴും ഞാനിത് തുടര്‍ന്നതോടെ അവര്‍ക്ക് പേടിയായി തുടങ്ങി. ഇത്തരം കളികള്‍ നിര്‍ത്താന്‍ പ്രായമായെന്ന് അവരെന്നെ ഓര്‍മിപ്പിച്ചു തുടങ്ങി. 

എനിക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് അനിയന്‍ ജനിക്കുന്നത്. എല്ലാവരും എന്നെ മൂത്ത സഹോദരനായി കാണാന്‍ തുടങ്ങിയപ്പോള്‍ എനിക്കത് ഒരു ഭാരമായാണ് തോന്നിയത്. 

ഞാന്‍ വളരെ അന്തര്‍മുഖനായിരുന്നു. എന്നാല്‍ എന്റെ അച്ഛന്‍ ആണ്‍കുട്ടികളോടുള്ള പരമ്പരാഗത വിശ്വാസങ്ങളില്‍ നിലഉറപ്പിച്ച ആളായിരുന്നു. കൗമാരമെത്തിയപ്പോള്‍ ഞാനൊരു ഒത്ത പുരുഷനായി വളരണമെന്നായി അദ്ദേഹത്തിന്റെ ആഗ്രഹം. കായികമായി അധ്വാനമുള്ള കളികളിലും മറ്റും ചേരാന്‍ അച്ഛന്‍ എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. 

സ്‌കൂള്‍ എനിക്കൊരു പേടി സ്വപ്‌നമായിരുന്നു. സ്‌കൂളില്‍ എന്നെ ഫാഗട്ട് (gay man) എന്നാണ് മറ്റ് കുട്ടികള്‍ കളിയാക്കിയിരുന്നത്. എന്നാല്‍ പുരുഷന്‍ എന്ന വിളിതന്നെ എനിക്ക് യോജിക്കുന്നില്ല എന്നെനിക്ക് തോന്നിത്തുടങ്ങി. എവിടെയോ ഒരു സ്ത്രീത്വം എനിക്കുണ്ടെന്ന് തോന്നി. പലപ്പോഴും ഞാന്‍ കരഞ്ഞുപോയിരുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ കരയാന്‍ പാടില്ല എന്ന് പറഞ്ഞ് ചുറ്റുമുള്ളവര്‍ വീണ്ടും എന്നെ പരിഹസിച്ചു. എല്ലാ രാത്രിയിലും ഞാന്‍ എല്ലാവരെയും പോലെയായിരുന്നെങ്കില്‍ എന്നോര്‍ത്ത് കരഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്നു. 

ഞാന്‍ എന്നെ തന്നെ വെറുത്തുതുടങ്ങിയ കാലം. പത്താം ക്ലാസിലെ പരീക്ഷകളൊക്കെ കഴിഞ്ഞ് ഞാന്‍ വീട്ടിലിരിക്കുകയാണ്. ഒരു ദിവസം ഞാനും അമ്മയും ടിവി കാണുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറായ ആയ ഒരാളെ കളിയാക്കുന്ന ഒരു പരിപാടി കണ്ടു. അമ്മ അത് കണ്ട് ചിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു ഞാനങ്ങനെയാണെന്ന്. എന്റെ കുടുംബം എന്നാല്‍ എന്നെ അംഗീകരിക്കാന്‍ തയ്യാറായില്ല. അവര്‍ എന്നോട് സംസാരിക്കുന്നത് തന്നെ കുറഞ്ഞു. സ്‌കൂളില്‍ അധ്യാപകര്‍ പോലും എന്നെ കളിയാക്കിത്തുടങ്ങി. പാഠഭാഗം ഉച്ചത്തില്‍ വായിക്കാന്‍ ആവശ്യപ്പെട്ടിട്ട് എന്റെ ശബ്ദത്തെ കളിയാക്കുന്നത് അവര്‍ക്കെല്ലാം രസമായിരുന്നു. ഇതില്‍ നിന്നെല്ലാം രക്ഷപ്പെടാന്‍ ഞാന്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീരിച്ചു. ഡോക്ടറാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ പുരുഷനായ ഡോക്ടറല്ല, ഒരു സ്ത്രീയാവണമെന്നായിരുന്നു എന്റെ ആഗ്രഹം.  

മെഡിക്കല്‍ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടയതോടെ എന്റെ സംഘര്‍ഷങ്ങള്‍ അല്‍പം കുറഞ്ഞു. എന്റെ ശരീരത്തെ ഞാന്‍ വെറുത്തുകൊണ്ടിരുന്നു. പലപ്പോഴും ക്രോപ്പ് ടോപ്പും സ്‌കേര്‍ട്ടും ധരിക്കുമ്പോഴാണ് എനിക്ക് ആത്മവിശ്വാസം തോന്നിയിരുന്നത്. അതെല്ലാം എന്റെ വീട്ടുകാര്‍ക്ക് നാണക്കേടായി തോന്നിയിരുന്നു.

ഒരു സാധാരണ കുടുംബത്തില്‍ വളര്‍ന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകളെ ഭയക്കുന്ന വെറുക്കുന്ന ആളായിരുന്നു ഞാന്‍. അങ്ങനെയാണ് എന്നെ വീട്ടുകാര്‍ പഠിപ്പിച്ചതും. എന്നാല്‍ അവര്‍ വെറുക്കേണ്ടവരല്ലെന്നും, ഞാനൊരു സ്ത്രീയാണെന്നും തിരിച്ചറിയാന്‍ എനിക്ക് 20 വര്‍ഷം വേണ്ടിവന്നു.

women

ഞാന്‍ എന്റെ ഫേസ്ബുക്കില്‍ പേര് മാറ്റി ത്രിനേത്ര എന്നാക്കി. അപ്പോള്‍ തന്നെ എന്റെ അമ്മയുടെ ഫേണ്‍കോള്‍. ഞാന്‍ കരുതിയത് എന്നെ ശകാരിക്കാനാവും അതെന്നാണ്. എന്നാല്‍ ഫോണ്‍ എടുത്തപ്പോഴേ അമ്മ എന്നെ വിളിച്ചത് ത്രിനേത്ര എന്നായിരുന്നു. ഞാന്‍ പൂര്‍ണമായും സ്ത്രീയാകാന്‍ തീരുമാനിച്ചത് അന്നാണ്. 

എന്റെ പ്രൊഫഷനിലെ വേര്‍തിരിവുകളെ പറ്റി ഞാനറിഞ്ഞതും അക്കാലത്താണ്. മൂക്കുത്തി ധരിച്ചതിന് എന്നെ ക്ലാസില്‍ നിന്ന് പുറത്താക്കി. സ്ത്രീകളുടെ ഹോസ്റ്റലില്‍ എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. എങ്കിലും പൂര്‍ണമായും സ്ത്രീയായി മാറാനുള്ള ചികിത്സകള്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ നിരവധി ശസ്ത്രക്രിയകള്‍. ഇപ്പോള്‍ കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ മൂടല്‍ മഞ്ഞ് മാറിയത് പോലെ ഞാനെന്നെ കാണുന്നുണ്ട്. 

ഒരുമാസം മുമ്പ് എന്റെ എംബിബിഎസ് പരീക്ഷകള്‍ കഴിഞ്ഞു. ഞാന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു തുടങ്ങി. ഒരിക്കല്‍ പരിഹസിച്ചിരുന്നവര്‍ ഡോ. ത്രിനേത്ര എന്ന് എന്നെ വിളിച്ചു തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ജീവന്‍ രക്ഷിക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ എന്തായിരുന്നു എന്നതൊന്നും അതിനെ ബാധിക്കില്ല.

Content Highlights: Karnataka’s first trans-woman doctor, Trinetra, shares her inspiring journey