ജീവിതത്തില്‍ മിന്നുന്ന വിജയം കാഴ്ച്ചവച്ചവര്‍ക്കെല്ലാം പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്ത കഥയും പറയാനുണ്ടാകും. ചെറിയ പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ പോലും പകച്ചുപോകുന്നവര്‍ കാണേണ്ടതാണ് ഡോ.മാളവിക അയ്യര്‍ എന്ന പെണ്‍കുട്ടിയുടെ അതിജീവനകഥ. ഇരുകൈകളും ഇല്ലെങ്കിലും മാളവിക കണ്ട സ്വപ്‌നങ്ങള്‍ അതിരുകളില്ലാത്തതായിരുന്നു. അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കറായ മാളവിക ഇന്ന് പിഎച്ച്ഡി സ്‌കോളര്‍ കൂടിയാണ്.
പതിമൂന്നാം വയസ്സിലാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് മാളവികയ്ക്ക് ഇരുകൈകളും നഷ്ടമാകുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ആ സംഭവങ്ങള്‍ വീണ്ടും ഓര്‍ത്തെടുക്കുകയാണ് മാളവിക. പിറന്നാളിനോടനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അപകടവും തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച അബദ്ധം തനിക്ക് തുണയായ കാര്യവും മാളവിക പങ്കുവച്ചത്.
'' എനിക്ക് പിറന്നാള്‍ ആശംസകള്‍. ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ള എന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ കൂടി ഇവിടെ പങ്കുവെക്കുകയാണ്. ബോബ് എന്റെ കൈകള്‍ തകര്‍ത്തപ്പോള്‍ ഡോക്ടര്‍മാര്‍ എന്റെ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടിലായിരുന്നു. അതുകൊണ്ടുതന്നെ ശസ്ത്രക്രിയയില്‍ എന്റെ വലതുകൈ തുന്നിക്കെട്ടുമ്പോള്‍ അവര്‍ക്ക് ചില അബദ്ധങ്ങള്‍ സംഭവിച്ചു. മുറിച്ചുമാറ്റിയശേഷം കൈയില്‍ ശിഷ്ടംവന്ന ഭാഗം മാംസം കൊണ്ട് മൂടാന്‍ മറന്നുപോയി എല്ലിന്റെ ഭാഗം തള്ളിനിന്നിരുന്നു. എന്റെ കൈ എവിടെയെങ്കിലും ഇടിച്ചാല്‍ വേദന കൊണ്ട് പുളയുമായിരുന്നു. പക്ഷേ ആ അബദ്ധം എനിക്ക് തുണയായി, ആ എല്ല് എന്റെ വിരല്‍ പോലെ പ്രവര്‍ത്തിച്ചു, അതിലൂടെയാണ് ഞാന്‍ ടൈപ്പ് ചെയ്തു ശീലിച്ചത്. എല്ലാ മേഘപടലങ്ങള്‍ക്കിടയിലും ഒരു വെള്ളിവരയുണ്ടാകും, എന്റെ ജീവിതം അതിനുള്ള ഉദാഹരണമാണ്. പിഎച്ച്ഡി തീസിസ് എഴുതിയത് ഞാന്‍ ആഘോഷിച്ചു, ഇപ്പോള്‍ എന്റെ അതേ അസാധാരണ വിരല്‍ ഉപയോഗിച്ച് വെബ്‌സൈറ്റും തയ്യാറാക്കി. ''- മാളവിക കുറിച്ചു.
തമിഴ്‌നാട്ടിലെ കുംഭകോണം സ്വദേശികളായ മാളവികയുടെ കുടുംബം പിന്നീട് രാജസ്ഥാനിലെ ബിക്കാനീറിലേക്ക് താമസം മാറുകയായിരുന്നു. അവിടെവച്ചാണ് ഗ്രനേഡ് പൊട്ടിത്തെറിച്ച് മാളവികയ്ക്ക് ഇരുകൈകളും നഷ്ടമാകുന്നത്. നിലത്തുകിടന്ന ഗ്രനേഡ് എന്താണെന്ന് എടുത്തു പരിശോധിക്കുന്നതിനിടയില്‍ പൊട്ടിത്തെറിക്കുക.യായിരുന്നു. ഇരുകൈകളും നഷ്ടമായതിനൊപ്പം മാളവികയുടെ കാലുകള്‍ക്കും സാരമായ പരിക്കേറ്റിരുന്നു.
തുടര്‍ന്ന് വീല്‍ചെയറിലും കൃത്രിമകൈകളിലുമൊക്കെയാണ് മാളവിക ജീവിതം പടുത്തുയര്‍ത്തിയത്. ഇന്ന് വൈകല്യങ്ങളൊന്നും മാളവികയ്ക്ക് ഒരു തടസ്സമേയല്ല, മറ്റേതു പെണ്‍കുട്ടികളെയുംപോലെ വെല്ലുവിളികള്‍ താണ്ടി സ്വപ്‌നങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുകയാണവള്‍.
Content Highlights: inspiring life of dr malvika iyer