കാന്‍സര്‍ എന്ന രോഗത്തെ തോല്‍പ്പിക്കാന്‍ മരുന്നുകളും ആത്മധൈര്യവും മാത്രം പോരാ, ഒപ്പമുള്ളവരുടെ സ്‌നേഹവും കരുതലും കൂടിയേ തീരൂ. ആത്മവിശ്വാസം കൈവിടുന്നുവെന്ന തോന്നലുണ്ടാകാതെ അവരെ ചേര്‍ത്തുപിടിച്ചു കൊണ്ടിരിക്കണം. അത്തരത്തില്‍ കാന്‍സര്‍ രോഗിയായ അനുജത്തിയെ കരുതലോടെ കാക്കുന്ന ഒരു സഹോദരിയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിരിക്കുന്ന വീഡിയോയില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന അനുജത്തിയും അവള്‍ക്കായി മുടിയും പുരികവും വടിച്ചു നീക്കിയ കാമി എന്ന ചേച്ചിയുമാണുള്ളത്. ഗാബി എന്ന തന്റെ അനുജത്തി കീമോക്കു ശേഷം മുടി പോയതോടെ ഏറെ വിഷമിച്ചിരുന്നുവെന്നും അവളെ സാന്ത്വനിപ്പിക്കാനാണ് താനും മുടിമുറിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും കാമി പറയുന്നു.
മുടി മുറിച്ചതോടെ തന്നെ കാണാന്‍ ഭംഗിയില്ലെന്ന് അനുജത്തി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഇതിലൊന്നും വലിയ കാര്യമില്ലെന്ന് അവളെ ബോധ്യപ്പെടുത്തണമായിരുന്നുവെന്ന് വീഡിയോയില്‍ കാമി പറയുന്നു. മുടിയല്ല നിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന ഘടകം. ഞാനും നിന്റെ പോലെ നടക്കാന്‍ പോവുകയാണെന്നും കാമി പറയുന്നതു കാണാം. മുടി ഷേവ് ചെയ്തു നില്‍ക്കുന്ന ചേച്ചിയെ കണ്ട ഗാബി വിതുമ്പുന്നതും അവള്‍ക്കു മുന്നില്‍ വച്ചുതന്നെ കാമി പുരികം ഷേവ് ചെയ്യുന്നതും വീഡിയോയിലുണ്ട്. ഒടുവില്‍ രണ്ടു സഹോദരിമാരും വിതുമ്പിക്കരഞ്ഞ് പരസ്പരം പുണര്‍ന്നു നില്‍ക്കുന്നുമുണ്ട്.
മുടി വെട്ടിയതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നുമുണ്ട് കാമി. '' ഇത് നിങ്ങള്‍ക്കാര്‍ക്കെങ്കിലുമോ എനിക്കോ വേണ്ടി ചെയ്യുന്നതല്ല. നിന്നെ ഞാന്‍ അത്രത്തോളം സ്‌നേഹിക്കുന്നു. നീ പൊരുതണം. മുടിയല്ല നിന്റെ അടയാളം. കഷണ്ടിയിലായിരിക്കുമ്പോഴും നീ എന്റെ സുന്ദരിയായ സഹോദരിയാണ്. നിന്റെ ഓരോ പോരാട്ടത്തിലും ഞാനും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു.''- കാമി പറയുന്നു.
വീഡിയോ വൈറലായതോടെ പ്രശസ്തരുള്‍പ്പെടെ നിരവധി പേരാണ് ഇരുവര്‍ക്കും ആശ്വാസമറിയിച്ച് കമന്റുകളുമായെത്തിയത്. നടിമാരും ഗായികമാരുമായ റിഹാനയും ജാനെറ്റ് ജാക്‌സണുമൊക്കെ ഇരുവരുടെയും പോരാട്ടത്തിന് ആശംസകള്‍ അറിയിച്ചെത്തി.
Content Highlights: girl shaves her hair for cancer patient sister