മുംബൈയിലെ ചുവന്ന തെരുവില്‍ നിന്ന് രക്ഷപ്പെട്ട് ജീവിതം വിജയത്തിലെത്തിച്ച പലരുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ലൈംഗികതൊഴിലാളിയായിരുന്ന അമ്മയുടെ മരണത്തോടെ രണ്ടാനച്ഛന്റെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുകയും പിന്നീട് മനസാന്നിദ്ധ്യം കൊണ്ട് അയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തം ജീവിതം കണ്ടെത്തുകയും ചെയ്ത അനുഭവം പങ്കുവയ്ക്കുകയാണ് സുംബ ഇന്‍സ്ട്രക്ടര്‍ കൂടിയായ യുവതി, ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെ.

ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന്

ഓര്‍മവച്ചകാലത്തിന് ശേഷം ഞാനെന്റെ അമ്മയെ ആദ്യമായി കാണുന്നത് എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ്. അതുവരെ ഞാന്‍ വളര്‍ന്നത് എന്റെ അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു. പെട്ടെന്ന് ഒരു ദിവസം അവര്‍ വന്നു പറഞ്ഞു, :'ഞാന്‍ നിന്നെ എന്റെ ഒപ്പം കൊണ്ടുപോകാന്‍ തീരുമാനിച്ചു.' ഒറ്റരാത്രികൊണ്ട് എന്റെ ജീവിതം മാറി മറിഞ്ഞതങ്ങനെയാണ്. കൊല്‍ക്കത്തയിലെ വീട്ടില്‍ നിന്ന് മുംബൈ മഹാനഗരത്തിലെ ഇടുങ്ങിയ വീട്ടിലേക്ക് ഞാന്‍ പറിച്ചു നടപ്പെട്ടു. അവിടെ അമ്മയും രണ്ടാനച്ഛനുമൊപ്പമായി എന്റെ ജീവിതം. 

അമ്മ എന്നോട് അപൂര്‍വമായെ സംസാരിക്കൂ. ഒരിക്കല്‍ ഞാന്‍ ചോദിച്ചു, ' അമ്മ എന്താണ് ഇത്രയും വര്‍ഷം എന്നെ തേടി വരാതിരുന്നത് എന്ന്. എന്നാല്‍ മൗനമായിരുന്നു മറുപടി. ചിലപ്പോള്‍ അമ്മ അവരുടെ പഴയകാലത്തെ പറ്റി എന്നോട് മനസ്സു തുറക്കും. അമ്മയുടെ അമ്മാവന്‍ അവരെ ചുവന്ന തെരുവില്‍ വിറ്റതാണെന്നും മറ്റും. എന്നാല്‍ അതൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കുണ്ടായിരുന്നില്ല. 

രണ്ട് മാസത്തിന് ശേഷം അമ്മ എന്നെ ഒരു ഷെല്‍റ്റര്‍ ഹോമിലാക്കി. പിന്നെ രണ്ട് വര്‍ഷത്തേക്ക് അമ്മ എന്നെ തേടി വന്നില്ല. അവിടെ നിന്ന് ഞാന്‍ സ്‌കൂളില്‍ പോയി തുടങ്ങി. എനിക്ക് പഠിക്കണമെന്നുള്ള ആഗ്രഹമൊക്കെ മനസ്സില്‍ വന്നുതുടങ്ങിയിരുന്നു. 

എന്നാല്‍ അമ്മ വീണ്ടും വന്നു. മനോഹരമായ കുടുംബം എന്ന വാഗ്ദാനത്തോടെ അമ്മയെന്നെ വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി. അന്നാണ് ഞാന്റെ സഹോദരിയെ ആദ്യമായി കാണുന്നത്. അവളും എന്നെപ്പോലെ മറ്റൊരു ഷെല്‍റ്റര്‍ ഹോമിലായിരുന്നു. എന്നാല്‍ വീട്ടില്‍ ഒരു കാര്യത്തിനും മാറ്റമുണ്ടായിരുന്നില്ല. അമ്മയും രണ്ടാനച്ഛനും എപ്പോഴും വഴക്കായിരുന്നു. അയാള്‍ അമ്മയെ അടിക്കും. അപ്പോള്‍ എല്ലാം അമ്മ എന്നെ കുറ്റപ്പെടുത്തും. നീയാണ് എന്റെ ജീവിതത്തിലെ ശാപമെന്ന് പറയും. 

ഒരു രാത്രി ജോലിക്കുപോയ അമ്മ പിന്നീട് തിരിച്ചു വന്നില്ല. ഞാന്‍ ഭയന്നു പോയി. എനിക്ക് ആകെയുള്ള കുടുംബം അമ്മയായിരുന്നു. 'അവള്‍ ഇനിവരില്ല, മരിച്ചുപോയി' എന്ന് നിര്‍വികാരതയോടെയാണ് രണ്ടാനച്ഛന്‍ പറഞ്ഞത്. 

പിന്നീട് അയാളുടെ ഒപ്പമായി എന്റെ ജീവിതം. രണ്ടാനച്ഛന്‍ എന്നെ മോശമായി സ്പര്‍ശിക്കാനും പെരുമാറാനും തുടങ്ങിയതോടെ വീണ്ടും എന്റെ ജീവിതം ദുരിതത്തിലായി. ഞാന്‍ എതിര്‍ത്തപ്പോള്‍ എന്റെ കുഞ്ഞു സഹോദരിയെ ഉപദ്രവിക്കുമെന്ന ഭീക്ഷണിയായി. പിന്നെയുള്ള നാല് വര്‍ഷം എല്ലാ രാത്രിയും അയാളുടെ എല്ലാ ലൈംഗികവൈകൃതങ്ങള്‍ക്കു ഇരയാകേണ്ടി വന്നു. എനിക്ക് 15 വയസ്സുള്ളപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായി. എന്നെ ഭീക്ഷണിപ്പെടുത്തി അയാള്‍ ഗര്‍ഭഛിദ്രം ചെയ്യിച്ചു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന ഭീക്ഷണിയില്‍ ഞാനെല്ലാം സഹിച്ചു. 

പതിനാറാം വയസ്സില്‍ ഇനി ഈ ദ്രോഹങ്ങള്‍ സഹിക്കാനാവില്ല എന്നെനിക്കു മനസ്സിലായി. ഞാന്‍ വീട് വിട്ട് ഓടിപോകാന്‍ തീരുമാനിച്ചു. പക്ഷേ എവിടെ പോകണമെന്ന് എനിക്കറിയില്ലായിരുന്നു. പോലീസ് സ്റ്റേഷനിലേക്കാണ് ഞാന്‍ ആദ്യം പോയത്. എന്നാല്‍ അവര്‍ എന്റെ വാക്കുകേട്ട് മാത്രം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. തിരിച്ച് വീട്ടിലേക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു, അനിയത്തിയെ കൂടെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കിലും ഒരിക്കല്‍ അവളെ രക്ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ എനിക്കുണ്ടായിരുന്നു. 

ഒരു സുഹൃത്താണ് എന്നോട് ക്രാന്തി എന്ന സംഘടനയെ പറ്റി പറഞ്ഞത്. മുംബയിലെ ചുവന്ന തെരുവില്‍ നിന്ന് രക്ഷപ്പെടുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥലമായിരുന്നു അത്. ഞാനും അവിടെ എത്തി. അങ്ങനെയുള്ള പെണ്‍കുട്ടികള്‍ക്ക് തുടര്‍ ജീവിതത്തിനാവശ്യമായ തൊഴില്‍ പരിശീലനത്തിനും മറ്റും അവര്‍ സൗകര്യമൊരുക്കിയിരുന്നു. തുടര്‍ന്നു പഠിക്കാനും ജീവിക്കാനും ഉള്ള സഹായങ്ങള്‍ അവര്‍ നല്‍കി. എങ്കിലും പഴയ അനുഭവങ്ങള്‍ രാത്രി പേടി സ്വപ്‌നങ്ങളായി എത്തി. പലപ്പോഴും ഞാന്‍ ഉറക്കത്തില്‍ നിലവിളിച്ചു. അവരെന്നെ തെറാപ്പി സെക്ഷനുകളില്‍ ഉള്‍പ്പെടുത്തി.

ഞാന്‍ സുംബ പഠിക്കാന്‍ തുടങ്ങിയത് ഇക്കാലത്താണ്. ഞാന്‍ വീണ്ടും എന്റെ ശരീരത്തെ സ്‌നേഹിച്ചു തുടങ്ങി. അതന്റെ മനസ്സിന്റെ മുറിവുകള്‍ ഉണങ്ങാന്‍ സഹായകമായി. ലൈസന്‍സ് നേടി സുംബ ഇന്‍സ്ട്രക്ടറാകാനായി എന്റെ ശ്രമം. ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ സ്ത്രീകളെ പറ്റിയും മറ്റും ഞാന്‍ ഇക്കാലത്ത് വായിച്ചു തുടങ്ങി. സൈനാ നേവാൾ ആയിരുന്നു എന്റെ  റോള്‍മോഡല്‍. ഇതിനിടയില്‍ രണ്ടാനച്ഛന്റെ അരികില്‍ നിന്ന് സഹോദരിയെയും ഞാന്‍ രക്ഷിച്ചു. അവളും ക്രാന്തിയിലെത്തി.  

നാല് വര്‍ഷം കഴിഞ്ഞു. ഞാന്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. സ്വന്തമായി സുംബാ ക്ലാസുകള്‍ ആരംഭിച്ചു. സ്വന്തമായി ജീവിക്കാനുള്ള വരുമാനം കണ്ടെത്തിത്തുടങ്ങി. എന്നോട് മോശമായി പെരുമാറിയവരോടെല്ലാം ഇപ്പോളെനിക്ക് ക്ഷമിക്കാന്‍ കഴിയുന്നുണ്ട്. കാരണം എനിക്ക് മുന്നോട്ടു പോകണം. ജീവിതം വളരെ മനോഹരമാണെന്നും ഒരുപാട് ദൂരം പോകാനുണ്ടെന്നും ഇപ്പോളെനിക്കറിയാം.

Content Highlights: Girl found a way from red street to life share her story in humans of Bombay