പ്രസവം കഴിഞ്ഞാലുടൻ സ്ത്രീകൾ നിരന്തരം ഉത്തരം കൊടുക്കാൻ നിർബന്ധിതരാകുന്ന ചില ക്ലീഷേ ചോദ്യങ്ങളുണ്ട്. കുഞ്ഞ് വെളുത്തിട്ടാണോ കറുത്തിട്ടാണോ, ആൺകുഞ്ഞാണെങ്കിൽ ഇരട്ടിച്ചിലവു വേണം, സിസേറിയനാണെങ്കിൽ വേദന അറിഞ്ഞിട്ടുണ്ടാവില്ലല്ലോ എന്നു തുടങ്ങി യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തവ. ശാരീരികവും മാനസികവുമായി പിന്തുണ വേണ്ട സമയത്ത് കേൾക്കേണ്ടി വരുന്ന ഇത്തരം ചോദ്യങ്ങൾ അമ്മമാരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുക. ഇക്കാര്യത്തിൽ ഡോ.നെൽസൺ ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. 

ഒഴിവാക്കേണ്ട പ്രസവ ഡയലോ​ഗുകൾ എന്ന പേരിലാണ് നെൽസൺ ജോസഫ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഇത്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നാൽ അതിനുള്ള മറുപടികളും അദ്ദേഹം നൽകിയിട്ടുണ്ട്. നിരവധി സ്ത്രീകളാണ് കുറിപ്പിനു കീഴെ തങ്ങൾ നേരിട്ട ചോദ്യങ്ങളാണ് ഇവയെന്നും പറയാൻ ആ​ഗ്രഹിച്ച മറുപടികൾ എന്നുമൊക്കെ കമന്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിലേക്ക്...

ഒഴിവാക്കേണ്ട പ്രസവ ഡയലോഗുകൾ. ഇനി ചോദിച്ചാൽ അതിനുള്ള മറുപടികളും :)

1. പാൽ

" അവൾക്ക് ഒട്ടും പാലില്ല "
- എന്ത്യേ, കറന്ന് വിറ്റോളാന്ന് വല്ല കരാറുമുണ്ടാരുന്നോ?

" കുഞ്ഞിനോട് സ്നേഹം ഇല്ലാത്തകൊണ്ടാ പാൽ വരാത്തേ "
- ഫ, കടക്ക് പുറത്ത്..

" ആ കൊച്ച് കിടന്ന് കരയുന്നത് കണ്ടില്ലേ? അതിന് പാല് തെകയുന്നില്ലാരിക്കും"
- തണുപ്പടിച്ചപ്പൊ കരഞ്ഞ വാവ : " താനെന്ത് തേങ്ങയാടോ ഈ പറയുന്നത്."

" മൂന്ന് മാസമായില്ലേ, ഇനി കുറുക്കൊക്കെ കൊടുക്കാം. പാല് കൊണ്ട് മാത്രം കൊച്ചിൻ്റെ വിശപ്പ് മാറുന്നുണ്ടാവില്ല "
- എന്ന് കൊച്ച് നിങ്ങളോട് പറഞ്ഞോ?

" ഈ പാല് കൊണ്ട് മാത്രം എന്താവാനാ? "
- നന്നാവാനാ

2. അമ്മ

" വണ്ണം കൂടിയല്ലോ, കുറയ്ക്കണം കേട്ടോ? "
- സൗകര്യമില്ല

" സുഖപ്രസവമല്ലാരുന്നോ? "
- ഓ, അത്ര സുഖമൊന്നുമില്ലാരുന്നു.

" സിസേറിയനല്ലാരുന്നോ? വേദന അറിഞ്ഞില്ലാരിക്കുമല്ലോ "
- യേയ്..ഡോക്ടറ് പൂവിതളോണ്ടാ കീറിയത്. അപ്പത്തന്നെ മുറിവ് കരിയുകേം ചെയ്തു..."

" പ്രസവിച്ചിട്ടും തീരെ വണ്ണം വച്ചില്ലല്ലോ? "
- അയിന്?... ഈ പ്രദേശത്തൊക്കെ വണ്ണം വയ്ക്കാനായിരുന്നോ പ്രസവം?

" പകൽ ഒറങ്ങരുത് "
- ആയ്ക്കോട്ടെ..രാത്രീ നിങ്ങൾ കൊച്ചിനെ നോക്കിത്തന്നാ മതി.

" പ്രസവിച്ച സ്ത്രീകളെ ഭർത്താവ് കാണാൻ പാടില്ല "
- ഞാൻ കണ്ണ് പൊത്തിക്കോളാം അമ്മേ.

3. കുഞ്ഞ്

" ശോ...അച്ഛനെ വാർത്ത് വച്ചപോലുണ്ട്, നിൻ്റെ ഒന്നും കിട്ടിയിട്ടില്ല "
- എന്നാപ്പിന്നെ അവിടിരുന്ന് വാർത്തൂടായിരുന്നോ? പത്ത് മാസം ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നല്ലോ.

" ആങ്കുട്ട്യാ അല്ലേ?...കോളടിച്ചല്ലോ..ഡബിൾ ചിലവ് വേണം "
- അതെന്താടാ? പെണ്ണായാൽ ലഡു നിനക്ക് ഇറങ്ങില്ലേ?

" ഞാൻ ഓർത്തത് ആൺകുഞ്ഞാരിക്കും എന്നാ "
- ആരെങ്കിലും നിർബന്ധിച്ചാരുന്നോ ഓർക്കാൻ?

" പെങ്കൊച്ചാ അല്ലേ? കുടുംബം നിലനിൽക്കണേൽ ആങ്കുട്ടി ഉണ്ടാവണം "
- ഈ ടൈപ്പ് ചിന്തയുള്ള കുടുംബം നിലനിൽക്കാത്തതാ നല്ലത്.

" പെങ്കൊച്ചാ അല്ലേ...നഷ്ടാല്ലോ "
- വിൽക്കുന്നില്ല അമ്മാവാ.. കുഞ്ഞിനെ വളർത്തി പഠിപ്പിച്ച് നല്ല നിലയിലാക്കാം എന്നാ തീരുമാനം.

" കുഞ്ഞിനെ അരയ്ക്ക് താഴോട്ട് മണ്ണിനകത്തിരുത്തണം. നടു ഉറയ്ക്കാനാ "
- ന്നാ കുറച്ച് സിമൻ്റൂടെ ഇട്ടുകൊട്, ശരിക്ക് ഉറയ്ക്കട്ടെ.

" കൊച്ചിനെങ്ങനാ, നിറമൊക്കെ ഉണ്ടോ? "
- ഇല്ല ബ്ലാക്ക് ആൻഡ് വൈറ്റാ.

" കൊച്ചിനെ കുളിപ്പിക്കുമ്പൊ വേണം തല ഉരുട്ടിയെടുക്കാൻ..മൂക്കൊക്കെ വലിച്ചുഴിഞ്ഞാലേ നീളൂ. ശരിക്കൊന്ന് തിരുമ്മി കുളിപ്പിക്കണം...ഒര മരുന്നൊന്നും കൊടുത്തില്ലേ? "
- അല്ല എന്താ ഉദ്ദേശ്യം? കുഞ്ഞിനെ വളർത്താൻ തന്നെ അല്ലേ?

" ഒരു കൊച്ചൊക്കെയായില്ലേ? ഇനി ജോലിക്കൊക്കെ പോണോ? "
- മക്കളെയൊക്കെ കെട്ടിച്ചുവിട്ടതല്ലേ? ഇനി തിന്നാനൊന്നും വേണ്ടാരിക്കൂല്ലോ?

" ഡോക്ടർ അങ്ങനെ പലതും പറയും...മൈൻഡ് ചെയ്യണ്ട"
- വഴിയേ പോവുന്നവർ ഇങ്ങനെ പലതും പറയും, മൈൻഡ് ചെയ്യണ്ടെന്ന് ഡോക്ടറും പറഞ്ഞാരുന്നു.

" മൂന്ന് മാസായി, ഇനി കൊച്ചിന് കട്ടിക്കെന്നേലും തിന്നാൻ കൊടുക്കാം "
- അമ്മിക്കല്ലായാലോ?

. " ഇതൊക്കെ പ്രസവരക്ഷേടെ ഭാഗാ പെണ്ണേ "
- ഓ, ഞാൻ കരുതി എനിക്കുള്ള ശിക്ഷയാന്ന്.

" പ്രസവം നിർത്തിയോ മോളേ? "
- തുടരുമ്പൊ അറിയിക്കാം അമ്മച്ചീ..

വാൽക്കഷണം രണ്ടെണ്ണം :

" വിശേഷം ഒന്നും ആയില്ലേ? "
- ആവുമ്പൊ അറിയിക്കാം അമ്മാവാ

" അടുത്തത് എന്നാ? "
- ഇതൊരു കോമ്പറ്റീഷൻ ഐറ്റം അല്ല...

Content Highlights:  Cliche questions that women face after delivery