രോഗിയായ ഭാര്യയുടെ അവസാനശ്വാസം വരെ അവള്‍ക്കൊപ്പമിരിക്കുക. പരിചരിക്കാന്‍ മറ്റാരെയും അനുവദിക്കുക പോലും ചെയ്യാതെ അവളുടെ കാര്യങ്ങള്‍ നോക്കിയും പാട്ടുപാടി ആശ്വാസം പകര്‍ന്നും എപ്പോഴും ഒപ്പമുണ്ടാവുക. അവളുടെ മരണ ശേഷം തന്റെ മരണം വരെ എന്നും അവളുടെ കല്ലറയില്‍ പോയിരിക്കുക, ആ കല്ലറക്കരുകിലായി തനിക്കുവേണ്ടിയും ആറടി മണ്ണ് വാങ്ങുക... ഹ്യൂമന്‍സ് ഓഫ് ന്യൂയോര്‍ക്ക് ഫേസ്ബുക്ക് പേജില്‍ ഒരു യുവതി തന്റെ അച്ഛനെ പറ്റി പങ്കുവച്ച് അനുഭവം ആരുടെയും കണ്ണു നനക്കും
ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്
ഞങ്ങള്‍ അഞ്ച് പെണ്‍മക്കളായിരുന്നു അദ്ദേഹത്തിന്. ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അച്ഛനെ കെട്ടിപ്പിടിച്ച് സ്‌നേഹചുംബനം നല്‍കാന്‍ ഞങ്ങള്‍ വരിവരിയായി നില്‍ക്കുന്നുണ്ടാവും. എന്നാല്‍ അച്ഛനെപ്പോഴും ആദ്യം അമ്മയ്ക്കാവും ചുംബനം നല്‍കുക. അച്ഛന്റെ ആദ്യ പ്രണയം എപ്പോഴും അമ്മയായിരുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും എല്ലാ പ്രണയവും അമ്മ തന്നെ.
ആഴ്ചയവസാനം അവധി ദിനങ്ങളില്‍ ഞങ്ങള്‍ റോഡ് ട്രിപ്പുകള്‍ക്ക് പോകും. വഴി നീളെ അച്ഛന്‍ അമ്മയ്ക്കുവേണ്ടി പാട്ടുകള്‍ പാടും. അത് ഞങ്ങള്‍ക്ക് പുത്തരിയൊന്നുമല്ല. പക്ഷേ ഞങ്ങളുടെ കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഇത്തരത്തിലൊരു ബന്ധം അസാധാരണമായിരുന്നു.
ആളുകള്‍ പാട്ടുകള്‍ പാടുന്ന കരോക്കെ പാര്‍ട്ടികള്‍ ബന്ധുക്കളൊക്കെ ഒത്തു ചേരുമ്പോള്‍ ഞങ്ങള്‍ നടത്തും. എല്ലാവരും സാധാരണ പാട്ടുകളാണ് പാടുക. അച്ഛന്‍ മാത്രം പഴയ ഹിന്ദി പ്രണയ ഗാനങ്ങള്‍ പാടും. അതും അമ്മയ്ക്കു വേണ്ടി. അമ്മ അത് ഓരോ നിമിവും ആസ്വദിക്കുന്നുമുണ്ടാവും. അമ്മ അച്ഛനിഷ്ടമുള്ള മനോഹരമായ വസ്ത്രങ്ങളണിയും, ചുവന്ന തിളങ്ങുന്ന ലിപ്സ്റ്റക്കണിയും, അച്ഛന് ഇഷ്ടമുള്ളതുപോലെ മുടികെട്ടും... സുഖമില്ലാതെ കിടക്കുമ്പോഴും അമ്മ ഇതൊന്നും മറക്കാറില്ലായിരുന്നു.
അമ്മയുടെ തലച്ചോറില്‍ ഒരു മുഴ വളരുന്നുണ്ടായിരുന്നു. ഓരോ ഓപ്പറേഷന് ശേഷവും അമ്മയുടെ ആരോഗ്യം മോശമായി. നടക്കാനുള്ള ശക്തിവരെ നഷ്ടമായി. കൈകാലുകളുടെ ശക്തി നഷ്ടമായത് അമ്മയെ മാനസികമായി തളര്‍ത്തി. നടക്കാന്‍ ഒരാളുടെ സഹായം വേണമെന്നതും കൈകള്‍ എപ്പോഴും വിറക്കുന്നതും അമ്മയ്ക്ക് നാണക്കേടായി തോന്നിയിരുന്നു. അതുകൊണ്ട് അച്ഛന്‍ അവരെവിടെ പോകുമ്പോഴും അമ്മയുടെ കൈയില്‍ ബലമായി പിടിച്ചു.
അമ്മ കിടപ്പായതോടെ അച്ഛന്‍ എപ്പോഴും അമ്മയുടെ അരികിലിരിക്കും. കവിളില്‍ തലോടും, സ്വന്തം നാവ് വരളും വരെ അമ്മയ്ക്കായി ഖുറാന്‍ ചൊല്ലും. ചില രാത്രികളില്‍ അച്ഛന്‍ അവിടെ ഇരുന്നു തന്നെ ഉറങ്ങിപ്പോകും. ഉണര്‍ന്നാലുടനെ വീണ്ടും ഖുറാന്‍ ചൊല്ലിത്തുടങ്ങും. അമ്മയുടെ അവസാന നിമിഷങ്ങള്‍ എത്തി. അച്ഛന്‍ കുനിഞ്ഞ് അമ്മയുടെ ചെവിയില്‍ ഇങ്ങനെ പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു. ' നീ ഒരിക്കലും ഒറ്റയ്ക്കാവില്ല, ഞാനും നിനക്കൊപ്പം വരും..' എനിക്കത് കേട്ടപ്പോള്‍ ദേഷ്യമാണ് വന്നത്. ഞങ്ങളൊന്നും അപ്പോള്‍ അച്ഛന് വേണ്ടപ്പെട്ടവരല്ലേ എന്ന കുശുമ്പ്. ഞങ്ങളെല്ലാം വളര്‍ന്ന് വിവാഹിതരായി അവരവരുടെ കുടുംബങ്ങളില്‍ ജീവിതം തുടങ്ങിയിരുന്നു. അച്ഛന് മറ്റാരും ഇനി തനിക്കില്ല എന്ന് തോന്നിയിരിക്കാം.
അമ്മയുടെ കല്ലറ സന്ദര്‍ശിക്കാന്‍ അച്ഛന്‍ എന്നും പോയിരുന്നു. ഞങ്ങള്‍ എത്ര വിലക്കിയിട്ടും അദ്ദേഹം വകവച്ചില്ല. അമ്മയുടെ കല്ലറയ്ക്ക് അരികിലായി മറ്റൊരു കല്ലറ വാങ്ങാന്‍ അച്ഛന്‍ പ്ലാനിട്ടു. ഇതിനായുള്ള നടപ്പായി പിന്നീട്. എല്ലാം റെഡിയായി കല്ലറ വാങ്ങിയതിന്റെ എഗ്രിമെന്റുമായി നീട്ടിലെത്തിയപ്പോള്‍ എന്റെ കണ്ണു തള്ളി. എന്നാല്‍ അച്ഛന്‍ വളരെ നിശബ്ദനായിരുന്നു.
അടുത്ത രണ്ട് ദിവസത്തേയ്ക്ക് അച്ഛന്‍ ആരോടും അധികം സംസാരിച്ചിരുന്നില്ല. എന്നാല്‍ മൂന്നാം ദിവസം അച്ഛന്‍ എന്റെ വീടിന് മുന്നിലെത്തി എന്നെ വിളിച്ചു, സുഖമില്ല, ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞു. അച്ഛനെ ചെരുപ്പുകളഴിക്കാന്‍ സഹായിക്കാനായി ഞാന്‍ കുനിഞ്ഞപ്പോഴേക്കും അദ്ദേഹം താഴെ വീണു. വേദന സഹിക്കാനോ എല്ലാവരെയും സങ്കടപ്പെടുത്താനോ അദ്ദേഹം നിന്നില്ല. ആംബുലന്‍സ് വന്നപ്പോഴേയ്ക്കും അച്ഛന്‍ പോയിരുന്നു.
Content Highlights: After the death of his wife, the husband bought another grave next to he grave for him ,Facebook post Humans of NewYork