കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഇപ്പോള്‍ നിത്യസംഭവങ്ങളാവുകയാണ്. ബാല്യത്തില്‍ മനസ്സില്‍ പതിയുന്ന അത്തരം ക്രൂരമായ അനുഭവങ്ങള്‍ പിന്നീടുള്ള ജീവിതത്തെയാകെ ബാധിക്കാറുണ്ട്. കുട്ടികള്‍ക്ക് ഏറെ പരിചിതരായ ആളുകളാവും മിക്കപ്പോഴും വില്ലന്‍മാര്‍. ബാല്യത്തില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ വേദന ഇപ്പോഴും വേട്ടയാടുന്നതിനെപറ്റി തുറന്നു പറയുകയാണ് മുംബൈ സ്വദേശിനിയായ ഡോക്ടര്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക്ക് പേജിലൂടെ

ഫെയ്സ്ബുക്ക് കുറിപ്പില്‍ നിന്ന് 

ഞാന്‍ കിന്റര്‍ഗാര്‍ഡനില്‍ പഠിക്കുന്ന കാലം. അവിടെ വച്ചാണ് 55 വയസ്സുള്ള അയാലെ ഞാന്‍ കണ്ടുമുട്ടുന്നത്. കാക്കു എന്നായിരുന്നു കുട്ടികള്‍ അയാലെ വിളിച്ചിരുന്നത്. കോണ്‍വെന്റിലെ തോട്ടം സൂക്ഷിപ്പുകാരനായിരുന്നു അയാള്‍. എപ്പോള്‍ എന്നെ കണ്ടാലും അയാള്‍ സ്‌നേഹത്തോടെ കവിളില്‍ നുള്ളും. ഞാന്‍ ഒരു പാവക്കുട്ടിയെ പോലെയായിരുന്നു അയാള്‍ക്ക്. ' നീ ഇവിടുത്തെ ഏറ്റവും സുന്ദരിയായ പാവക്കുട്ടിയാണ്, ഈ പൂക്കളെപ്പോലെ' അയാള്‍ പറയും. 

എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ കിട്ടുന്ന അവസരമൊന്നും അയാള്‍ പാഴാക്കിയിരുന്നില്ല. അതിന് വേണ്ടി തന്നെ കുറച്ച് ചോക്ലേറ്റ്  കൈയില്‍ കരുതും. ഒരു ദിവസം അയാള്‍ എന്നോട് പറഞ്ഞു, ' എന്റെ മുറിയില്‍ നിറയെ പാവകളും ചോക്ലേറ്റുമുണ്ട് അവിടേക്ക് വരുന്നോ..' ആ ദിവസത്തെ പറ്റി എനിക്ക് കൃത്യമായ ഓര്‍മയുണ്ട്. ഞാന്‍ അയാളുടെ മുറിയില്‍ പോയി. അയാളെന്നെ മടിയിലിരുത്തി, എന്റെ കൈകളുംകാലുകളും സ്വതന്ത്രമാക്കാന്‍ പറ്റാത്തവിധം അയാള്‍ പിടിച്ചുവച്ചിരുന്നു, എനിക്ക് ശ്വാസം മുട്ടുന്ന വിധം അയാള്‍ എന്നെ ഞെരിച്ചമര്‍ത്തി. ഞാന്‍ കരഞ്ഞുകൊണ്ട് വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൂടുതല്‍ ചോക്ലേറ്റ് തരാമെന്ന വാഗ്ദാനത്തോടെ അയാള്‍ എന്നെ ശക്തിയായി കെട്ടിപ്പിടിച്ചു. പിന്നീട് ഇത് പതിവായി. അയാളെ കാണുമ്പോഴെ എനിക്കറിയാമായിരുന്നു എന്താണ് സംഭവിക്കുക എന്ന്. ചിലപ്പോള്‍ അയാള്‍ എന്നെ കിടക്കയില്‍ കിടത്തി. ശരീരം മുഴുവന്‍ ചുംബിക്കാന്‍ തുടങ്ങും, എന്റെ നെഞ്ചിലും തുടകള്‍ക്കിടയിലും വിരലോടിക്കും. മാസങ്ങളോളം ഇത് തുടര്‍ന്നു. 

അഞ്ച് വയസ്സായിരുന്നു എനിക്കപ്പോള്‍, ഇത് ശരിയല്ല എന്ന് എനിക്ക് തോന്നിതുടങ്ങിയിരുന്നു. ഇതിനൊപ്പം ജന്മനാ ഹൃദയത്തിന് തകരാറുള്ള കുട്ടിയായിരുന്നു ഞാന്‍. എന്നാല്‍ അയാളെന്നെ ഞെരിച്ചമര്‍ത്തുമ്പോഴുള്ള വേദന അതിനേക്കാള്‍ ഭീകരമായിരുന്നു. എങ്കിലും ഇതേ പറ്റി ആരോടും പറയാന്‍ ഞാന്‍ ധൈര്യപ്പെട്ടില്ല, പറഞ്ഞാല്‍ കൊന്നു കളയുമെന്നായിരുന്നു അയാളുടെ ഭീക്ഷണി.

ഒരിക്കല്‍ ഞാന്‍ ശ്വാസമെടുക്കാന്‍ കഷ്ടപ്പെടുന്നതുകണ്ട്  എന്റെ കെയര്‍ടേക്കറായ സിസ്റ്റര്‍ നിവി ഭയന്നു പോയി. അവരെന്നെ വേഗം ഡീനിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി. എനിക്ക് കിട്ടിയ അവസരമായിരുന്നു അത്. ഞാന്‍ എന്തൊക്കെയോ വിതുമ്പി പറയുന്നുണ്ടായിരുന്നു. ഡീനിന്റെ മുറിയില്‍ കാക്കു നിന്നിരുന്നു. അയാള്‍ എന്നെ നോക്കുന്നുണ്ടായിരുന്നില്ല. എന്റെ ശരീരത്തിലെ ചുവന്ന പാടുകളിലേക്ക് ഞാന്‍ കൈചൂണ്ടി പിന്നെ അയാളുടെ നേര്‍ക്കും. അന്ന് തന്നെ അയാളെ അവിടെ നിന്ന് പുറത്താക്കി. വീണ്ടും കുറയെ വര്‍ഷങ്ങള്‍ കോണ്‍വെന്റില്‍ ചെലവഴിച്ചെങ്കിലും ഞാന്‍ ആരോടും സംസാരിക്കാതായി. മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതും ഞാന്‍ നിര്‍ത്തി. സിസ്റ്റര്‍ നവിയ്‌ക്കൊപ്പമായിരുന്നു പിന്നീട് ഒരുമാസം ഞാന്‍ ഉറങ്ങിയത്. രാത്രിയില്‍ പേടിസ്വപ്‌നങ്ങള്‍ കണ്ട് ഞാന്‍ നിലവിളിക്കുമ്പോള്‍ അവരെന്നെ അമ്മയപ്പോലെ സമാധാനിപ്പിച്ചു. 

എനിക്ക് 11 വയസ്സുള്ളപ്പോള്‍ ഞാന്‍ കോണ്‍വെന്റില്‍ നിന്ന് എന്റെ മാതാപിതാക്കളുടെ അടുത്തേക്ക് മാറി. അവരോട് ഞാന്‍ സംഭവങ്ങള്‍ പറഞ്ഞു. അവര്‍ അയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. 

ഞാന്‍ കോളേജിലെത്തി, എനിക്ക് നല്ല സുഹൃത്തുക്കളെ കിട്ടി. ആഗ്രഹിച്ചതുപോലെ എന്റെ മെഡിക്കല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഞാനൊരു ഡോക്ടറായി. എങ്കിലും ഇന്നും പഴയ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ എന്റെ കണ്ണുനിറയും. അതൊന്നും ഓര്‍മ്മിക്കാതിരിക്കാനാണ് എന്റെ ശ്രമം. കൂടുതല്‍ സമയം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചും ഒറ്റക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയും ഞാന്‍ ആ ഓര്‍മകളില്‍ നിന്ന് രക്ഷപ്പെടും. 

എനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമത്തെ പറ്റി തുറന്ന് പറയാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നാറുണ്ട്. എന്നാല്‍ അയാളെ വെറുതേ അവിടെ നിന്ന് ഇറക്കിവിടാതെ അയാള്‍ക്ക് ലഭിക്കേണ്ട ശിക്ഷ വാങ്ങികൊടുക്കണമായിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്. അഞ്ച് വയസ്സില്‍ എനിക്ക് കുറച്ചുകൂടി അറിവുണ്ടായിരുന്നെങ്കില്‍, ശക്തിയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്. അതിലുമേറെ ചോക്ലേറ്റുകളെയും പാവകളെയും ഇഷ്ടപ്പെടാത്ത ഒരു അഞ്ചുവയസ്സുകാരി ആയിരുന്നെങ്കില്‍ എന്നും ആഗ്രഹിക്കാറുണ്ട്. 

Content Highlights: A doctor open up about she sexually abused in childhood and trauma