വേര്‍പിരിയലുകള്‍ വേദനാജനകമാണ്. ആ നൊമ്പരം മനസ്സിനെ അസ്വസ്ഥമാക്കുമ്പോള്‍ അത് പങ്കുവയ്ക്കാന്‍ ആരെങ്കിലുമുണ്ടാവുന്നത് വലിയ കാര്യമാണ്. പ്രയാസമേറിയ ഘട്ടങ്ങളിലൂടെ കടന്നുപോവുമ്പോള്‍ ആശ്വാസം പകരുന്ന ചിലരുണ്ടാവും നമ്മുടെയൊക്കെ ജീവിതത്തില്‍. സ്ഥിരമായി പോവാറുണ്ടായിരുന്ന കോഫിഷോപ്പിലെ ജീവനക്കാര്‍ അങ്ങനെയൊരവസരത്തില്‍ തന്റെ മനസ്സിനെ ശാന്തമാക്കിയതിനെക്കുറിച്ച് ഒരു സ്ത്രീ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കോഫിഷോപ്പിലെ ജീവനക്കാരാണ് കുറിപ്പ് പോസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് നന്ദിപറഞ്ഞ് ആ സ്ത്രീ എഴുതിയ കത്തിനെ വിലപ്പെട്ട നിധിയായാണ് ജീവനക്കാര്‍ കരുതുന്നത്.

viral letterനിങ്ങള്‍ ഈ ലോകത്തിലേക്കും ഏറ്റവും നല്ലവരാണ് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ആദ്യ വരികളില്‍ തന്റെ പ്രണയബന്ധത്തിന്റെ  തകര്‍ച്ചയെക്കുറിച്ചാണ് യുവതി എഴുതിയിരിക്കുന്നത്. പ്രണയിക്കുന്ന ആള്‍ക്ക് ഗര്‍ഭിണിയായ ഒരു ഭാര്യ ഉണ്ടെന്ന് യാദൃശ്ചികമായി അറിയേണ്ടിവരുന്നത് എത്ര വേദനാജനകമായിരിക്കുമെന്ന് യുവതി ചോദിക്കുന്നു. ഉറക്കം നഷ്ടപ്പെട്ട് എല്ലാം തകര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഒരു കാപ്പി കുടിച്ചാല്‍ ഇത്തിരി ആശ്വാസം ലഭിക്കുമെന്ന് ആരായാലും ചിന്തിച്ചു പോവുമെന്നും യുവതി പറയുന്നു.

അങ്ങനെ കോഫിഷോപ്പിലെത്തിയ തന്നോട് കരുണയോടെ പെരുമാറിയ ജീവനക്കാരുടെ മനസ്സിന്റെ നന്മ തന്നെ കരയിച്ചെന്നാണ് യുവതി കത്തില്‍ തുടര്‍ന്നെഴുതിയിരിക്കുന്നത്. റെഡ്ഡിറ്റ് ഡോട്ട് കോം എന്ന സോഷ്യല്‍ മീഡിയ സൈറ്റിലൂടെയാണ് കത്ത് വൈറലായത്. നമ്മള്‍ ചെയ്യുന്ന നന്മ നിറഞ്ഞ പ്രവൃത്തികള്‍ എത്ര ചെറുതായാലും അത് മറ്റുള്ളവരിലുണ്ടാക്കുന്ന പ്രതിഫലനം എത്ര വലുതായിരിക്കുമെന്ന സന്ദേശമാണ് ഈ സംഭവം പകരുന്നതെന്നാണ് പൊതുവെ അഭിപ്രായമുയരുന്നത്.