മൂന്നാര്‍: പ്രണയത്തിന്റെ നിത്യസ്മാരകമായി മൂന്നാറില്‍ എലേനര്‍ ഇസബെല്ല മേയുടെ ശവകുടീരം നിര്‍മ്മിച്ചിട്ട് 125 വര്‍ഷമാകുന്നു. പഴയ മൂന്നാറിലെ സി.എസ്.ഐ. ദേവാലയത്തിന് സമീപം കുന്നിന്‍മുകളിലാണ് ഇംഗ്ലണ്ടുകാരി എലേനര്‍ ഇസബെല്ല മേയുടെ ശവകുടീരം.

ഇംഗ്ലീഷുകാരുടെ അധീനതയിലുള്ള മൂന്നാറിലെ തേയിലത്തോട്ടത്തിന്റെ മാനേജരായിരുന്ന ഹെന്‍ട്രി മാന്‍സ്ഫീല്‍ഡ് നൈറ്റിന്റെ ഭാര്യയായിരുന്നു എലേനര്‍. ഇംഗ്ലീഷുകാരനായ ബേഫോര്‍ട്ട് ബ്രാബസോണിന്റെ ഇളയമകളായ എലേനര്‍ വിവാഹശേഷം 1894 ഒക്ടോബറിലാണ് ഭര്‍ത്താവിനൊപ്പം മൂന്നാറിലെത്തുന്നത്.

എലേനറുടെ മധുവിധു ഇവിടെയായിരുന്നു. ഒരു ദിവസം അവര്‍ ഭര്‍ത്താവുമൊന്നിച്ച് പഴയ മൂന്നാറിലെ കുന്നിന്‍മുകളിലെത്തി. മൂന്നാറിന്റെ പ്രകൃതിസൗന്ദര്യത്തില്‍ മയങ്ങിയ എലേനര്‍ പ്രിയന്റെ മടിയില്‍ കിടന്നുകൊണ്ട് തമാശയായി പറഞ്ഞു- 'ഞാന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്‍മുകളില്‍ അടക്കം ചെയ്യണം'.

വാക്കുകള്‍ അറംപറ്റി. അക്കാലത്ത് മൂന്നാറിലെ തോട്ടം മേഖലയില്‍ മലമ്പനിയും കോളറയും സാധാരണയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ കോളറ ബാധിച്ച് 1894 ഡിസംബര്‍ 23-ന് എലേനര്‍ മരിച്ചു.

24 വയസ് മാത്രമായിരുന്നു പ്രായം. പ്രിയതമയുടെ ആഗ്രഹം ഭര്‍ത്താവ് ഹെന്‍ട്രിയും മറ്റ് സഹപ്രവര്‍ത്തകരും ചേര്‍ന്ന് സഫലീകരിച്ചു. ക്രിസ്മസിന് തലേന്ന് പ്രിയതമയുടെ ഭൗതികശരീരം ആഗ്രഹപ്രകാരം കുന്നിന്‍മുകളില്‍ അടക്കി. പ്രണയത്തിന്റെ സ്മാരകമായി ശവകുടീരവും പണിതു.

ഇതിനുശേഷവും നിരവധി ഇംഗ്ലീഷുകാരെ ഈ കുന്നിന്‍മുകളില്‍ അടക്കം ചെയ്തു. പിന്നീടാണ് ആരാധനയ്ക്കായി പള്ളി വേണമെന്ന ആശയം ബ്രിട്ടീഷുകാരായ മാനേജര്‍മാര്‍ക്കുണ്ടായത്. 1910-ല്‍ ഇവിടെ സ്‌കോട്ടിഷ് മാതൃകയില്‍ പള്ളി നിര്‍മ്മിച്ചു.

Church
സി.എസ്.ഐ. ദേവാലയം

അങ്ങനെ സെമിത്തേരിയുണ്ടായശേഷമുള്ള ആദ്യപള്ളിയായി ഇത് മാറി. 44 വിദേശികളെ കുന്നിന്‍മുകളിലുള്ള സെമിത്തേരിയിലും അടക്കം ചെയ്തിട്ടുണ്ട്.

എലേനറുടെ 125-ാം ചരമവാര്‍ഷികം ആചരിക്കാനുള്ള ഒരുക്കത്തിലാണ് പഴയ മൂന്നാറിലെ സി.എസ്.ഐ. ദേവാലയ ഇടവകാംഗങ്ങള്‍.

Content Highlights: True love story of Henry Mansfield and Eleanor Isabella