ലൈംഗിക ജീവിതത്തില്‍ സ്ത്രീകള്‍ കൂടുതലും അസന്തുഷ്ടരാണെന്നും വലിയ തോതില്‍ സ്‌ട്രെസ്സ് അനുഭവിക്കുന്നുണ്ടെന്നും കണ്ടെത്തല്‍. അഞ്ചിലൊരു സ്ത്രീയും ലൈംഗിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നും അടുത്തിടെ പുറത്തു വന്ന പഠനത്തില്‍ പറയുന്നു.

ഓസ്‌ട്രേലിയയിലെ മൊണാഷ് സര്‍വകലാശാലയുടെ വിമന്‍സ് ഹെല്‍ത്ത് റിസര്‍ച്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള്‍ ഫെര്‍ട്ടിലിറ്റി ആന്‍ഡ് സ്റ്റെറിലിറ്റി എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ഓസ്‌ട്രേലിയന്‍ യുവതികളില്‍ പകുതിയോളം പേരും ലൈംഗികതയുമായി ബന്ധപ്പെട്ട സ്വകാര്യ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും അഞ്ചിലൊരു സ്ത്രീകളും സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ട ഫീമെയില്‍ സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ അനുഭവിക്കുന്നുണ്ടെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. 

18-39 പ്രായപരിധിയിലുള്ള സ്ത്രീകളിലാണ് പഠനം നടത്തിയത്. ലൈംഗികതയുമായി ബന്ധപ്പെട്ട സ്വകാര്യ പ്രശ്‌നങ്ങള്‍ 50.2 ശതമാനം ഓസ്‌ട്രേലിയന്‍ സ്ത്രീകളും അനുഭവിക്കുന്നുണ്ട്. സെക്‌സ് ജീവിതത്തെക്കുറിച്ചുള്ള കുറ്റബോധം, സ്‌ട്രെസ്സ്, അസന്തുഷ്ടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 

ലൈംഗിക തകരാറുകള്‍ അല്ലാത്ത സ്വകാര്യ ലൈംഗിക പ്രശ്‌നങ്ങള്‍ 29.6 ശതമാനം സ്ത്രീകളും അനുഭവിക്കുന്നുണ്ട്. 20.6 ശതമാനം പേര്‍ ഒരിക്കലെങ്കിലും ഫീമെയില്‍ സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ പ്രശ്‌നങ്ങള്‍ അനുഭവിച്ചവരാണ്. 

ഫീമെയില്‍ സ്‌ക്ഷ്വല്‍ ഡിസ്ഫങ്ഷനില്‍ ഏറ്റവും കൂടുതലുള്ളത് സെക്‌സിലുള്ള ആത്മാഭിമാനം നഷ്ടപ്പെടുന്നതാണ്. പഠനത്തില്‍ പങ്കെടുത്ത പതിനൊന്ന് ശതമാനം പേരിലും ഈ പ്രശ്‌നമുണ്ട്. 

ലൈംഗിക ഉത്തേജനം(ഒമ്പതു ശതമാനം), രതിമൂര്‍ച്ഛ(7.9 ശതമാനം), ലൈംഗിക ആഗ്രഹം(8 ശതമാനം), പ്രതികരണക്കുറവ്(3.4 ശതമാനം) എന്നീ കാര്യങ്ങളിലും സ്ത്രീകള്‍ സ്‌ട്രെസ്സ് അനുഭവിക്കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു. 

സെക്‌സില്‍ ആത്മാഭിമാനം നഷ്ടപ്പെടുത്താന്‍ ഇടയായ ഘടകങ്ങളില്‍ അമിതഭാരം, അമിതവണ്ണവുമൊക്കെയുണ്ട്. 

പഠനത്തില്‍ പങ്കെടുത്ത 20 ശതമാനം സ്ത്രീകളും ആന്റി ഡിപ്രസന്റുകള്‍ കഴിക്കുന്നുണ്ട്. തുടര്‍ച്ചയായി ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നതും ലൈംഗിക തകരാറുകള്‍ക്ക് ഇടയാക്കുന്നുണ്ട്. 

നല്ല ലൈംഗികത ഒരു മൗലിക അവകാശമാണെന്നും പഠനത്തിലെ ഈ കണ്ടെത്തലുകള്‍ വളരെ ശ്രദ്ധയോടെ പരിഗണിക്കേണ്ട വിഷയമാണെന്നും പഠനത്തിന് നേതൃത്വം നല്‍കിയ സൂസന്‍ ഡേവിസ് പറയുന്നു. 

Content Highlights: study suggests most young women remain stressed about their sex lives