ശാരീരിക ആരോഗ്യം മാത്രമല്ല മാനസിക ആരോഗ്യം കൂടി നഷ്ടപ്പെടുത്തുന്ന ഒന്നാണ് ഉറക്കമില്ലായ്മ. ചിലമരുന്നുകളുടെ ഉപയോഗം, ടെന്‍ഷന്‍, ശരിയായ ജീവിതക്രമമില്ലായ്മ തുടങ്ങിയവയെല്ലാം ഉറക്കം കെടുത്തുന്ന കാരണങ്ങളാണ്. മാത്രമല്ല ചില പ്രണയബന്ധങ്ങളും സൗഹൃദങ്ങളും ഉറക്കം നഷ്ടപ്പെടുത്താം. എന്തെല്ലാം മാര്‍ഗങ്ങള്‍ പരീക്ഷിച്ചാലും ഉറക്കം ലഭിക്കാത്തവരും ഉണ്ട്. എന്നാല്‍ ആരോഗ്യകരമായ പ്രണയ ബന്ധം മികച്ച ഉറക്കം സമ്മാനിക്കുമെന്ന് പഠനം പറയുന്നു. ജേര്‍ണല്‍ ഓഫ് സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്‍ഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് തുര്‍ക്കിയാണ് പഠനം നടത്തിയത്.

സ്‌നേഹസമ്പന്നമായ പങ്കാളിയുടെ സാമീപ്യം എങ്ങനെ ഉറക്കത്തെ ബാധിക്കുന്നു എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍. തങ്ങളെ വളരെയധികം സ്‌നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന പങ്കാളി ഒപ്പമുണ്ടെങ്കില്‍ നന്നായി ഉറക്കം ലഭിക്കുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. വിവാഹമാണെങ്കിലും ലിവിങ് ടുഗെദറാണെങ്കിലും പങ്കാളിയുടെ സ്‌നേഹവും കരുതലും സുഖമായ ഉറക്കത്തിലേയ്ക്ക് നയിക്കും. മാത്രമല്ല മനോഹരമായ പ്രണയബന്ധമുള്ളവര്‍ക്ക് ഡിപ്രഷന്‍ വരില്ല എന്ന് ഇവര്‍ പറയുന്നു. സ്‌നേഹബന്ധത്തിലുള്ളവര്‍ക്ക് ഇടമുറിയാതെ സുഖകരമായ ഉറക്കം ലഭിക്കുന്നതിന് കാരണം പങ്കാളിയില്‍ നിന്ന് ലഭിക്കുന്ന സുരക്ഷിതത്വവും സംരക്ഷണവുമാണ്.

ഒരു കുഞ്ഞ് തങ്ങളുടെ മാതാപിതാക്കളെ ആശ്രയിക്കുന്നത് പോലെ തന്നെയാണ് ഒരു വ്യക്തി തങ്ങളുടെ പ്രണയ പങ്കാളിയെ ആശ്രയിക്കുന്നതും. പങ്കാളിയെ ആശ്രയിക്കുന്നത് അവരില്‍ കൂടുതല്‍ സുരക്ഷിതത്വ ബോധം നിറയ്ക്കും. മാത്രമല്ല നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം ഉറങ്ങുന്നത് മാനസീകസമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. മാത്രമല്ല മനസില്‍ സ്‌നേഹവും പ്രണയവുമുള്ള പങ്കാളികള്‍ ഒന്നിച്ച് ഉറങ്ങുന്നത് ഓക്‌സിറ്റോസിന്റെ ലെവല്‍ ഉയര്‍ത്തുകയും അത് ഇരുവരുടെയും ലൈംഗീക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. അതുകൊണ്ട് തന്നെ ഉറക്കമില്ലായ്മ പരിഹരിക്കാന്‍ പറ്റിയ മികച്ച മാര്‍ഗങ്ങളില്‍ ഒന്നാണ് സ്‌നേഹവും പ്രണയവും നിറഞ്ഞ പങ്കാളിയുടെ സാന്നിധ്യം എന്നും ഗവേഷകര്‍ പറയുന്നു. 

എന്നാല്‍ എന്നും പങ്കാളിയുമായി കലഹിക്കുന്നതും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും ഇരുവരുടെയും ഉറക്കം തന്നെ ഇല്ലതാക്കും. പ്രണയം മൂലം ഉറക്കം നഷ്ടപ്പെടുന്നതിന്റെ ്രപധാന കാരണം പങ്കാളികള്‍ക്കിടയിലെ മാനസീക അടുപ്പത്തിന്റെ കുറവും സ്‌നേഹമില്ലായ്മയും ആണെന്നും ഗവേഷകര്‍ വ്യക്തമാക്കി.  ഇരുവരും തമ്മില്‍ കലഹത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം ഉറങ്ങാന്‍ പോകുന്നതും ഉറക്കം നഷ്ടപ്പെടുത്തും.

Content Highlights: you sleep better if you have a loving partner