സൗഹൃദത്തിലാണെങ്കിലും പ്രണയത്തിലാണെങ്കിലും ബ്രേക്കപ്പ് ഉണ്ടാക്കുന്ന മാനസികബുദ്ധിമുട്ട് ചെറുതല്ല. ഓരോ ബ്രേക്കപ്പുകളും പലര്‍ക്കും ഒരു യുഗം അവസാനിക്കും പോലെയായിരിക്കും. ചെറിയ കാര്യങ്ങള്‍ക്ക് ബ്രേക്കപ്പിനെ ആശ്രയിക്കുകയും കുറച്ചു കാലങ്ങള്‍ക്കു ശേഷം ഒന്നാകാന്‍ ശ്രമിക്കുകയും ചെയ്യുന്ന ബന്ധങ്ങള്‍ മനസിനേല്‍പ്പിക്കുന്ന മുറിവ് വളരെ വലുതാണെന്ന് പഠനം വ്യക്തമാക്കുന്നു.  

വേര്‍പിരിയലും ഒന്നാകലും പതിവാക്കിയ ബന്ധങ്ങളില്‍ വളരെ കൂടിയ അളവില്‍ ചൂഷണം നടക്കുന്നുണ്ട്. മാത്രമല്ല കുറഞ്ഞ അളവിലുള്ള പ്രതിബദ്ധതയേ ഉണ്ടാകാറുള്ളു. ഒപ്പം ഇവര്‍ക്കിടയില്‍ വളരെക്കുറച്ച് മാത്രമായിരിക്കും ആശയവിനിമയം നടക്കുക എന്നും ഗവേഷകര്‍ പറയുന്നു. തുടര്‍ച്ചയായുള്ള കലഹത്തിന് ശേഷം വേദനയോടെ വേര്‍പിരിയുകയും കുറച്ച് കാലത്തിന് ശേഷം വീണ്ടും ഒന്നാകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ഇലിനോയി നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ജേര്‍ണല്‍ ഓഫ് ഫാമിലി റിലേഷന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലെ കണക്കുകള്‍ പ്രകാരം അറുപത് ശതമാനം യുവാക്കളും എന്തെങ്കിലും കാരണത്തെ തുടര്‍ന്ന് വേര്‍പിരിയുകയും പിന്നീട് കൂടി ചേരുകയും ചെയ്യുന്നു. നിലവില്‍ 60 ശതമാനം യുവാക്കളും വേര്‍പിരിയലും കൂടിചേരലും പതിവാക്കിയ ബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണെന്ന് പറയുന്നു. ബന്ധം വേര്‍പിരിഞ്ഞ ശേഷം വീണ്ടും ആ വ്യക്തിയിലേയ്ക്ക് തന്നെ തിരിച്ചു പോകുന്നതും പല കാരണങ്ങള്‍ കൊണ്ട് പിന്നെയും വേര്‍പിരിയുകയും ചെയ്യുന്നത് മാനസിക ബുദ്ധിമുട്ട് ഇരട്ടിയാക്കും. ഇത് വിഷാദത്തിനും ഉത്ക്കണ്ഠയ്ക്കും കാരണമാകും. 

എന്നാല്‍ ചില ബന്ധങ്ങളില്‍ ഇടയ്ക്ക് ഒരു ബ്രേക്കപ്പ് നല്ലതാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് പങ്കാളികള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും അവരുടെ പ്രാധാന്യവും തിരിച്ചറിയാന്‍ സഹായിക്കും. അപ്പോഴും എന്തെങ്കിലുമൊക്കെ കാരണം കണ്ടെത്തി ബ്രേക്കപ്പും ഒന്നാകലും പതിവാക്കുന്ന ബന്ധങ്ങളില്‍ നിന്ന് ഒഴിവായി നില്‍ക്കുന്നത് തന്നെയാണ് മാനസികാരോഗ്യത്തിന് നല്ലതെന്ന് ഗവേഷകര്‍ വീണ്ടും ഓര്‍മപ്പെടുത്തുന്നുമുണ്ട്‌.

Content Highlights: relationship toxic for mental health