കാര്യം പ്രണയമാണെങ്കിലും എപ്പോഴും മധുരിക്കണം എന്നില്ല. അതിനുള്ളിലും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. ഇരുഭാഗത്തുനിന്നും ഒരുമയോടെ മുന്നോട്ടു പോയാല്‍ മാത്രമെ പ്രണയമാണെങ്കിലും മനോഹരമാകു.  എന്നാല്‍ ചില പ്രണയങ്ങള്‍ സമ്മാനിക്കുന്നത് സങ്കടം മാത്രമായിരിക്കും. തുടക്കത്തില്‍ വളരെ മനോഹരമായ ബന്ധം മുന്നോട്ട് പോകുമ്പോള്‍ ഭാരമായി തോന്നാം. ഇങ്ങനെയുള്ള ബന്ധങ്ങള്‍ സഹിച്ചു മുന്നോട്ട് പോകുന്നതിലും നല്ലത് ബന്ധം അവസാനിപ്പിക്കുന്നതാണ്. 

പ്രണയം തുടങ്ങുമ്പോള്‍ പരസ്പരം അറിയാനും പങ്കുവയ്ക്കാനുമുള്ള ആകാംക്ഷയായിരിക്കും രണ്ടുപേര്‍ക്കും. ചില ബന്ധങ്ങളില്‍ മുമ്പോട്ട് പോകും തോറും ഈ ആകാംഷ കുറഞ്ഞുവരും. 

ആരെല്ലാം അവഗണിച്ചാലും ഏതു വിഷമഘട്ടത്തിലും പങ്കാളിക്ക് ഒപ്പം നില്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ഒരു പരിഭവവും ഇല്ലാതെ പരസ്പരം സമയം നല്‍കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങളെ നിങ്ങളായി കാണുന്നുണ്ടെങ്കില്‍ ആ ബന്ധം മനോഹരമായിരിക്കും. എന്നാല്‍ ഇതൊന്നുമില്ലാതെ വേദന മാത്രമാണ് പ്രണയം നല്‍കുന്നത് എങ്കില്‍ ഒന്നുകൂടി ചിന്തിക്കാന്‍ സമയമായി. 

പ്രണയത്തില്‍ നിന്നു ലഭിക്കുന്നത് സന്തോഷത്തെക്കാള്‍ കൂടുതല്‍ വേദനയാണെങ്കില്‍ അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ പങ്കാളി നിങ്ങളെ പരിഗണിക്കുന്നില്ല എന്നാതാണ്. നിങ്ങളുടെ ഫോണ്‍ വിളികളോടും ഇഷ്ടങ്ങളോടും ആഗ്രഹത്തോടുമൊന്നും താല്‍പര്യം കാണിക്കുന്നില്ലെങ്കില്‍ ഒന്നുകൂടി ചിന്തിക്കൂ. നിങ്ങള്‍ക്ക് വേണ്ടി സമയം മാറ്റിവയ്ക്കാതെ എപ്പോഴും തിരക്കിലാണെന്ന മനോഭാവവും അ്രത നല്ല സൂചനയല്ല. എപ്പോള്‍ സംസാരിച്ചു തുടങ്ങിയാലും അത് അവസാനിക്കുന്നത് കരച്ചിലിലോ വഴക്കിലോ ആണെങ്കില്‍ എത്തിപ്പെട്ടിരിക്കുന്ന ബന്ധത്തെക്കുറിച്ച് ഒന്നുകൂടി ചിന്തിക്കുന്നത് നന്നായിരിക്കും. 

തന്റെ ഇഷ്ടങ്ങളനുസരിച്ച് മാത്രം പങ്കാളി പെരുമാറിയാല്‍ മതി എന്നു ചിന്തിക്കുന്നതും അങ്ങനെ അല്ലാതെ വരുമ്പോള്‍ ഇമോഷ്ണല്‍ ബ്ലാക്ക് മെയിലിങ്ങ് നടത്തുന്നതും അപകടമാണ്. ഫോണിലെ കോള്‍ ലിസ്റ്റും സന്ദേശങ്ങളും പരിശോധിക്കുകയും സാമൂഹ്യമാധ്യമങ്ങളുടെ പാസ്‌വേഡുകള്‍ ചോദിക്കുകയും ചെയ്യുന്നത് അത്ര നല്ലതല്ല. 

ഇത്തരം ബന്ധങ്ങളില്‍ എല്ലായ്‌പ്പോഴും പങ്കാളികളില്‍ ഒരാള്‍ എല്ലാം ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നുണ്ടാകും. പ്രണയം അവസാനിപ്പിക്കുന്നത് ഒരു തെറ്റാണെന്നു ചിന്തിക്കുന്നതു കൊണ്ടും മറ്റെയാള്‍ എന്നെങ്കിലും തന്നെ മനസിലാക്കുകയും നല്ലനാളുകള്‍ തിരിച്ചുവരികയും ചെയ്യുമെന്ന് ചിന്തിച്ച് സഹിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ തുടരും മുമ്പ് വീണ്ടും ചിന്തിക്കുന്നത് നന്നായിരിക്കും.

Content Highlights:love relationship