ഒരു സ്ഥാപനത്തില്‍ സൈക്കോളജിസ്‌റ് ആയി ജോലി  നോക്കുന്ന സമയം..
അവിടെ എല്ലാവരും തന്നെ വളരെ ഫ്രീ ആയിട്ട് ഇടപെടുന്ന വ്യക്തികള്‍ ആണ്. അതില്‍ ഒട്ടും അടുക്കാത്ത  ഒരാള്‍  ഉണ്ടായിരുന്നു. ആ സ്ത്രീ  ചിരിച്ചു  ഞാന്‍ കണ്ടിട്ടില്ല. അങ്ങോട്ട് സംസാരിച്ചാല്‍ എന്തെങ്കിലും പരുപരുത്ത ഭാഷയില്‍ ഉത്തരം ..ചത്ത കണ്ണുകള്‍..വല്ലാത്ത നെഗറ്റീവ് എനര്‍ജി ..!

അത് കൊണ്ട് തന്നെ അപ്രതീക്ഷിതമായി എന്റെ മുന്നില്‍ ഒരു കാര്യം പറയണം എന്ന് പറഞ്ഞു എത്തിയപ്പോ ആദ്യം അമ്പരന്നു. ഏറ്റവും വിരക്തി തോന്നുന്ന ഒരു സംസാരം മാത്രമേ അവരില്‍ നിന്നും പ്രതീക്ഷിക്കാനുള്ളു..

''എനിക്കൊരു കാര്യം പറയാനുണ്ട്..എന്ന് പറഞ്ഞു അവര്‍ അവരുടെ കുറച്ചു ജീവിതാനുഭവങ്ങള്‍ ഒക്കെ പറഞ്ഞു..
കുറെ ഒക്കെ പലരും പറഞ്ഞുകേട്ട കഥകള്‍.
ദാമ്പത്യ ജീവിതത്തിന്റെ വിള്ളലുകള്‍..
ഈ ഒരു സ്വഭാവം അല്ലെ..ഭര്‍ത്താവു എങ്ങനെ സഹിക്കും.?
ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

''എന്റെ പ്രശ്‌നം ഇപ്പൊ അതൊന്നുമല്ല..എനിക്കൊരാളോട് വല്ലാത്ത സ്‌നേഹം വരുന്നു..
എനിക്കത് അയാളോട് പറയണം..എനിക്ക് അദ്ദേഹത്തിന്റെ കൂട്ട് വേണം.''
എനിക്ക് കേട്ട വാക്കുകളെ വിശ്വസിക്കാന്‍ വയ്യ. 47 വയസ്സ് അന്നുണ്ടാകും അവര്‍ക്ക്.. അതൊരു പ്രശ്‌നമല്ല.പക്ഷെ ഈ ഒരു വ്യക്തിയില്‍ നിന്നും ഇത്തരം ഒരു കാര്യം..!!

മരവിച്ച മനസ്സോടെ ജീവിക്കുന്ന ഒരു സ്ത്രീയുടെ എല്ലാ ശാരീരിക ഭാഷയും അവരിലുണ്ട്..അതിനപ്പുറം ഇത്തരം ഒരു വികാരം..എനിക്കത് ഉണ്ടാക്കിയ അത്ഭുതം ചില്ലറ അല്ല. അവരുടെ ഇഷ്ട പുരുഷന്‍ അവിടെ തന്നെ ഉണ്ട്..
ഏറ്റവും സീനിയര്‍ ആണ്..അദ്ദേഹത്തിന്റെ കുടുംബജീവിതത്തില്‍ കുറച്ചു പ്രശ്‌നങ്ങള്‍ ഉള്ളത് എന്നോട് പറഞ്ഞിട്ടുണ്ട്.. പക്ഷെ അതൊക്കെ മാറ്റി വെച്ചിട്ടു ബഹളം വെച്ച് ചിരിച്ചു സന്തോഷിച്ചു ജീവിക്കുന്ന ഒരു ആള്‍.

''എനിക്കദ്ദേഹം മറ്റു സ്ത്രീകളോട് മിണ്ടുന്നതു ഒന്നും സഹിക്കില്ല. ടൂര്‍ വന്നപ്പോ നിങ്ങളൊക്കെ എത്ര ഫ്രീ ആയിട്ട് ഇടപെട്ടു..സത്യത്തില്‍ എനിക്കത് ഒട്ടും പിടിച്ചിട്ടില്ല.''

എനിക്കും കൂടി ഒരു താങ്ങാണ്..!!ചമ്മി ഇരുന്ന എന്നോട് അവര്‍ മനസ്സിലുള്ള കാര്യം മുഴുവന്‍ അഴിച്ചു വെച്ചു..ഓരോ ദിവസവും അദ്ദേഹം ഇടുന്ന ഷര്‍ട്ട്..
കാന്റീനില്‍ വെച്ചു പറഞ്ഞ തമാശ..ഇതൊക്കെ കൃത്യമായി ഓര്‍ത്തിരിക്കുന്നു.

''പുള്ളിയ്ക്കും എന്നോട് താല്പര്യം ഉണ്ട്..എനിക്ക് തോന്നാറുണ്ട്..നിങ്ങളൊക്കെ കളിയാക്കി ശെരി ആക്കും എന്നത് കൊണ്ടാണ് പ്രകടിപ്പിക്കാത്തത്..''
ആണോ .! ഞാനും കാര്യത്തിലേക്കു  ഇറങ്ങി ചെന്നു..സത്യത്തില്‍ ആത്മഹത്യയിലേക്കു നടന്നു നീങ്ങി കൊണ്ട് ഇരിക്കുന്ന എന്നെ ആ ഒരു നോട്ടവും പുഞ്ചിരിയും പിടിച്ചു നിര്‍ത്തിയിരിക്കുക ആണ്..'

ശബ്ദത്തില്‍ കടുപ്പം കുറഞ്ഞില്ലെങ്കില്ക്കും ആദ്യമായി കണ്ണില്‍ ഒരു തിളക്കം!!!ആ ഒരു നിമിഷം മിന്നി.. പിന്നെ ഉള്ള ഓരോ ദിവസവും എന്നെ തേടി അവര്‍ എത്തുക പതിവായി..ചിലരൊക്കെ അത് അതിശയമായി പറഞ്ഞു.

''ആരോടും എടുക്കാത്ത കക്ഷി ആണ്..സൂക്ഷിച്ചോ ..കടത്തിന് മേല്‍ കടമാണ് ..''പലതരത്തില്‍ എനിക്ക്  താക്കീതു കിട്ടി..അവര്‍ എന്നോട് കാശിന്റെ കാര്യം പോയിട്ട് പിന്നെ സ്വന്തം ദാമ്പത്യ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍ പോലും പറഞ്ഞിട്ടില്ല..

''അദ്ദേഹം ഇന്ന് നേരെ വന്നു, എന്റെ കണ്ണില്‍ നോക്കി..പുള്ളിയ്ക്കും എന്തോ പറയണം .എനിക്കറിയാം അതെന്താണെന്ന്..പക്ഷെ തുറന്നു പറഞ്ഞാല്‍ ; എങ്ങനെ..? ഞങ്ങളുടെ ജീവിതം പിന്നെ എങ്ങനെ പോകും..കലയ്ക്ക് എന്ത് തോന്നുന്നു..'' ചോദ്യം ചോദിക്കുന്നെങ്കിലും ഉത്തരം അവര്‍ക്ക് വേണമെന്നില്ല..
ഉത്തരവും അവര്‍ തന്നെ പറയും..കേള്‍വിക്കാരിയുടെ റോള്‍ മാത്രമേ എനിക്കുള്ളൂ..

പക്ഷെ , കുറച്ചു ദിവസങ്ങള്‍ ആ ഒരു രീതിയില്‍ പോകവെ അവരുടെ രൂപത്തിലും ഭാവത്തിലും കുറച്ചു വ്യത്യാസങ്ങള്‍ പ്രകടമായി..ഒരു കുഞ്ഞു ചുവന്ന  പൊട്ട്..! ആ മുഖത്തെ എല്ലാ കരിവാളിപ്പും  തേച്ചു മായ്ച്ചു കളഞ്ഞു.''കലയുടെ കൗണ്‍സിലിങ് ഏറ്റല്ലോ..'' ഒന്നും ചെയ്യാതെ അവരുടെ ഭാവമാറ്റത്തിലും പെരുമാറ്റത്തിലും ഉള്ള സൗമ്യതയ്ക്ക് എനിക്ക് മിടുക്കി എന്ന പേര് വീണു..

കാന്റീനില്‍ വെച്ചു അതെ കുറിച്ച് സംസാരിക്കുമ്പോ ആ പുരുഷനും ഉണ്ട്..അദ്ദേഹവും കാര്യമായി അതില്‍ പങ്കു ചേരുന്നുണ്ട്..ഒരു മനസ്സറിവും അയാള്‍ക്ക് ഈ ഒരു കാര്യത്തില്‍ ഇല്ല എന്ന് എനിക്കുറപ്പുണ്ട്..പക്ഷെ ...ആ പാവം സ്ത്രീയുടെ ജീവിതം , അവരുടെ ജീവന്‍ ഒക്കെ ഇപ്പൊ ഈ ഒരു കാരണം കൊണ്ടാണ് പ്രകാശിക്കുന്നത്.. തോന്നലുകള്‍ ആണ്. അത് ചിലപ്പോ അവര്‍ക്കും അറിയാമായിരുന്നിരിക്കണം..പക്ഷെ പിടിച്ചു നില്ക്കാന്‍ ഒരു കച്ചി തുരുമ്പ് ..അതാണിപ്പോ അവര്‍ക്ക്..ആ പുരുഷന്‍..! നിറം മങ്ങിയ ഒരേ സാരിയില്‍ നിന്നും കടുത്ത നിറമുള്ള സാരിയിലേക്ക് അവര്‍ എത്തിയതും എനിക്ക് അഭിനന്ദനം കിട്ടി..ഉടുത്ത് മുന്നില്‍ വന്നു നിന്നപ്പോ മാത്രമാണ് ഞാന്‍ കാണുന്നത് എന്നത് വാസ്തവം..അവിടെ നിന്നവര്‍ ഉയര്‍ന്ന ജോലി കിട്ടി പോയി..അതിനു ശേഷം ഒരിക്കല്‍ മാത്രം എന്നെ വിളിച്ചിട്ടുള്ളു..!

വര്‍ഷം ഏറെ ആയി..ഇന്നലെ ഒരു മകളെ അമ്മ കൊണ്ട് വന്നു..വിവാഹത്തിന് സമ്മതിക്കാതെ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്ന മണ്ടത്തരം എന്ന് അമ്മ ദേഷ്യത്തോടെ പറഞ്ഞു..ഈ കുട്ടിയുടെ അച്ഛന്‍ നേരത്തെ ഉപേക്ഷിച്ചു പോയതാണ്..തുടര്‍ന്ന് അമ്മയുടെ വളരെ കാര്‍ക്കശ്യം നിറഞ്ഞ സമീപനത്തില്‍ വളര്‍ന്നു.പഠിത്തം കഴിഞ്ഞു ജോലി ആയി.

ആ സ്ഥാപനത്തില്‍ വെച്ചു പരിചയപെട്ട, എല്ലാവരെയും ചിരിപ്പിച്ചും സന്തോഷിപ്പിച്ചും നടന്ന ഒരു ചെറുപ്പക്കാരന്‍.അധികം  സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആ യുവാവിനെ പറ്റിയുള്ള ചിന്തകളാണ് അവളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.മിതഭാഷി എന്നതില്‍ ഉപരി ഒട്ടും സ്മാര്‍ട്ട് അല്ലാത്ത ആ പെണ്‍കുട്ടിയെ അയാള്‍ സ്‌നേഹിച്ചിട്ടുണ്ട് എന്ന് അവളും ആദ്യം പറഞ്ഞ കേസിലെ സ്ത്രീയെ പോലെ ഉറപ്പിച്ചു പറഞ്ഞു.
അപ്പോഴൊക്കെ അമ്മ വായില്‍ വരുന്ന ചീത്ത എന്റെ മുന്നില്‍ വെച്ചു പറയുന്നുണ്ട്..

വല്ലാത്ത സങ്കടം തോന്നി..മനുഷ്യമനസ്സിന്റെ അവസ്ഥയും..തോന്നലാണ്..മോളോട് അങ്ങനെ ഒരു സ്‌നേഹം അയാള്‍ക്കുണ്ടായിരുന്നില്ല എന്ന് തറപ്പിച്ചു പറയാനും തോന്നിയില്ല.. അവള്‍ക്കറിയാം അതാണ് സത്യമെന്ന്! ഉറപ്പാണ് എനിക്ക്..! അമ്മയുടെ ദാമ്പത്യ ജീവിതം അവളിലുണ്ടാക്കിയ പേടി ആണ് ഈ ഒരു തീരുമാനത്തിന് പിന്നിലെന്ന് സംസാരത്തില്‍ നിന്നും മനസ്സിലായി.

'ആ ഒരു വ്യക്തി എന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം ഒരുപാടാണ്..എന്റെ സ്റ്റഡീസ് പോലും ഒരു നോട്ടത്തിന്റെയും പുഞ്ചിരിയുടെയും റിസള്‍ട്ട് ആണ്..'
അവളുടെ വാദഗതികള്‍ പ്രാക്റ്റിക്കല്‍ ആയി വെട്ടിമുറിക്കാന്‍ കഴിഞ്ഞില്ല. 

ചില ബന്ധങ്ങള്‍, വ്യക്തികള്‍, അതങ്ങനെ അല്ലെ..? അവര്‍ പോലുമറിയാതെ, നമ്മളില്‍ അവര്‍ ചെലുത്തുന്ന സ്വാധീനം...പ്രണയം എന്നൊരു കൊച്ചു വട്ടത്തില്‍ ഒതുക്കേണ്ട..പ്രാണന്‍ പിടിച്ചു നിര്‍ത്താന്‍ പോകുന്ന ഒന്നിന് എന്ത് പേരിട്ടു വിളിക്കാം..? ആള്‍കൂട്ടത്തില്‍ തനിച്ചാകുമ്പോള്‍, തന്റെ ഭാഷ മറ്റുള്ളവര്‍ക്കും, അവരുടേത് തനിക്കും അര്‍ത്ഥമറിയാതെ ഒറ്റപെടുമ്പോള്‍, അങ്ങ് ദൂരെ, എന്നാല്‍ അരികത്ത് ഒരു തോന്നല്‍ അല്ലേല്‍ ഇല്യൂഷന്‍  ആയിട്ടെങ്കിലും ഒരാള്‍ ഉള്ളത് നല്ലതാണ്..!