നാലുവർഷം മുമ്പ്‌ പ്രണയിച്ചുവിവാഹം കഴിച്ചവരാണവർ. ബി.ടെക്കിന് ഒരുമിച്ച് പഠിച്ചതാണ്. ഭർത്താവ് ഐ.ടി. കമ്പനിയിൽ. ഭാര്യ ബാങ്കിൽ. തങ്ങളുടെ വിവാഹജീവിതം തകർച്ചയുടെ വക്കിലാണെന്ന ആമുഖത്തോടെയാണ് അവർ കൗൺസിലിങ്ങിനെത്തിയത്. സ്‌നേഹം വറ്റിപ്പോയതുപോലെ...മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറെ അകന്നു. ആകെ മാനസിക പിരിമുറുക്കം..

‘നിങ്ങൾ എന്തിനാണ് വന്നത്, വേർപിരിയുന്നതിനോ, ഒന്നിക്കുന്നതിനോ..?’കൗൺസിലറുടെ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ അവർക്കായില്ല. പറയുമ്പോൾ വലിയ പ്രശ്‌നങ്ങളില്ല...പക്ഷേ, പരസ്പരമുള്ള ലയം നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കൂരയ്ക്ക് കീഴിൽ കഴിയുന്ന രണ്ട് അപരിചിതർ. അല്പനേരത്തെ സംഭാഷണം കഴിഞ്ഞ് കൗൺസിലർ അവരെ ഒരുമുറിയിൽ തനിച്ചാക്കി, അദ്ദേഹം പറഞ്ഞു, ‘നിങ്ങൾ ഒന്നും സംസാരിക്കണ്ട, പരസ്പരം കൈകൾ ചേർത്തുപിടിച്ച് മുഖത്തോടുമുഖം നോക്കി അല്പസമയമിരിക്കുക, കണ്ണുകളിൽത്തന്നെ നോക്കണം...അവിടെ സ്‌നേഹം കണ്ടെത്തിയാൽ നിങ്ങൾ രക്ഷപ്പെട്ടു, ഇല്ലെങ്കിൽ പിരിയുന്നതാകും ഉചിതം.’

പത്തുമിനിറ്റ് കഴിഞ്ഞ് കൗൺസിലർ തിരിച്ചെത്തുമ്പോൾ ഇരുവരും കെട്ടിപ്പിടിച്ച് കണ്ണീരൊഴുക്കുകയായിരുന്നു. സന്തോഷവും സങ്കടവും സമാശ്വാസവുമൊക്കെ ചേർന്ന സ്‌നേഹം തുളുമ്പുന്ന കണ്ണീരായിരുന്നു അത്. എന്തുമാജിക്കാണ്  സംഭവിച്ചത്? ഭാര്യയുടെ നിർജ്ജീവമെന്ന് തോന്നിയ കണ്ണുകൾ താൻ നോക്കിയിരിക്കെ പ്രകാശമാനമാകുന്നതും അവിടെ തന്നോടുള്ള പ്രണയം പൂത്തിരിപോലെ തെളിയുന്നതും അയാൾ കണ്ടു...അവൾക്കും അതേ അനുഭവമാണുണ്ടായത്.

ദാമ്പത്യവഴിയിൽ കൈമോശം വന്നു എന്നുകരുതിയ സ്‌നേഹത്തിന്റെ തിരയിളക്കം ഇരുവരുടെയും കണ്ണുകളിൽ നിറഞ്ഞനിമിഷം ഹൃദയങ്ങളുടെ അകൽച്ച ഇല്ലാതായി. ഇന്നലെകളിൽ അവർ പങ്കുവെച്ച സ്‌നേഹത്തിന്റെ സ്മരണകൾ ആ നിമിഷം ഒരു പുതിയ ഊർജപ്രവാഹമായി...അതിൽ പരിഭവങ്ങളുടെ കരിയിലക്കൂട്ടങ്ങൾ ഒഴുകിപ്പോയി.

‘ഭാഗ്യം, സ്‌നേഹം മരിച്ചിട്ടില്ല, നിങ്ങൾക്ക് പോകാം, പിന്നെ സ്‌നേഹം പത്താഴത്തി നു ള്ളിൽ പൂട്ടിവെയ്ക്കാനുള്ളതല്ലെന്നോർക്കണം’ എന്ന ഉപദേശത്തോടെ കൗൺസിലർ അവരെ യാത്രയാക്കി.വിവാഹജീവിതത്തിൽ അകലാൻ ഒട്ടേറെ കാരണങ്ങളുണ്ടാകാം. മനസ്സിലാക്കുന്നില്ല, അംഗീകരിക്കുന്നില്ല, അവഗണിക്കുന്നു...തുടങ്ങി രോഗവും പീഡനവും സ്വഭാവദൂഷ്യവുമെല്ലാം ഇതിൽപ്പെടും. പക്ഷേ, അകലാതിരിക്കാൻ, ചേർത്തു പിടിക്കാൻ ഒറ്റ കാരണമേയുള്ളൂ..അത് സ്‌നേഹമാണ്. യഥാർത്ഥ സ്‌നേഹത്താൽ നിങ്ങൾ ബന്ധിതരാണെങ്കിൽ ഒരിക്കലും വിച്ഛേദിക്കപ്പെടില്ല.
ചില സാഹചര്യങ്ങളിൽ ചാരംമൂടിയ കനൽപോലെ ഹൃദയത്തിലെ സ്‌നേഹം തണുത്തുപോകാം, പക്ഷേ, ഊതിത്തെളിച്ചെടുക്കുമ്പോൾ അത് ആളിക്കത്തും. അകലാനുള്ള പ്രേരണകൾ വെണ്ണീറാകും.

ആദ്യം പറഞ്ഞ ദമ്പതിമാരുടെ ജീവിതത്തിൽ തിരക്കുകളാണ് പ്രശ്‌നമായത്. ഔദ്യോഗികജീവിതത്തിന്റെ സമ്മർദ്ദങ്ങൾ കൂടിയപ്പോൾ സ്‌നേഹത്തിന്റെ വിനിമയങ്ങൾ കുറഞ്ഞു. ഓഫീസും സുഹൃത്തുക്കളും വാട്‌സാപ്പ് ഗ്രൂപ്പുകളും സമയം വീതിച്ചെടുത്തു. അകൽച്ച ശീലമായതോടെ അടുപ്പം കുറഞ്ഞു. പക്ഷേ, പരസ്പരം ഹൃദയങ്ങളിൽ അവർ നേരത്തേ നിക്ഷേപിച്ച പ്രണയം, പിന്നീടുണ്ടായ സ്‌നേഹദാരിദ്ര്യത്തെ മറികടക്കാൻ തുണയായി.പഞ്ചസാരയ്ക്ക് മധുരം ലഭിക്കുന്നത് ഒരാളുടെ നാവിലെത്തുമ്പോഴാണ്. ടിന്നിൽ സൂക്ഷിക്കുമ്പോഴോ, ഉള്ളംകൈയിൽ വെച്ചാലോ അത് മധുരിക്കില്ല. സ്‌നേഹവും ഇതുപോലെയാണ്...പങ്കാളിക്ക് അനുഭവവേദ്യമാകാത്ത സ്‌നേഹം ടിന്നിൽ സൂക്ഷിക്കുന്ന പഞ്ചസാര മാത്രമാണ്.

 ദാമ്പത്യസ്‌നേഹത്തിന് നിയതമായ രൂപമോ അതിരുകളോ ഇല്ല എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. സാഹചര്യമനുസരിച്ച്‌ അത്‌ പ്രണയവും വാത്സല്യവും കരുതലും  സംരക്ഷണയും സമാശ്വാസവും സാന്ത്വനവും സംയമനവുമൊക്കെയായി പരിണമിക്കും. സ്‌നേഹം ബോണ്ടയോ, പഴംപൊരിയോ അല്ല, എന്നാൽ ചിലപ്പോഴത് ബോണ്ടയും പഴംപൊരിയുമാകും. മറ്റുചിലപ്പോൾ ഉപ്പിലിട്ട ഒരു നെല്ലിക്കയാകും. ഒരു ചിരി, സാരമില്ലെന്ന വാക്ക്, നന്നായിരിക്കുന്നു എന്ന പ്രോത്സാഹനം, ഒരു ചേർത്തുപിടിക്കൽ, ചുണ്ടാലൊപ്പിയെടുക്കുന്ന കണ്ണീർ...പൊട്ടിത്തെറിക്കുപകരമുള്ള  നിശ്ശബ്ദത.....അങ്ങനെ സ്‌നേഹഭാവങ്ങൾ അനന്തമാണ്.

ആദ്യദിനങ്ങളിലെ സ്‌നേഹം അവസാനം വരെ കൂടെക്കൊണ്ടുപോകുക എന്നതാണ് പ്രധാനം. കാലത്തിനൊപ്പം ഇതിന് പരിണാമഭേദങ്ങളുണ്ടാകും. വെറുക്കുന്നതിനുപകരം മറക്കാനും പൊറുക്കാനും സ്‌നേഹം നമ്മളെ ശക്തിപ്പെടുത്തും. സ്‌നേഹത്തിന്റെ രസനിരപ്പുകൾ താഴുകയും തളരുകയും ചെയ്യുമ്പോൾ ഇതിനെ കൈപിടിച്ചുയർത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങളും ആവശ്യമാണ്. ആത്മഹത്യചെയ്ത ഭർത്താവിന്റെ കല്ലറയിൽ പൂക്കളുമായി അവൾ പ്രാർഥിക്കാനെത്തി. കല്ലറയിൽ ചുംബിച്ച് പൂക്കളർപ്പിച്ച് അവൾ കരഞ്ഞുപ്രാർഥിച്ചപ്പോൾ കല്ലറയ്ക്കുള്ളിൽനിന്ന്‌ ഒരു ശബ്ദംകേട്ടു. ‘ഈ പൂക്കളും ചുംബനങ്ങളും നീ നേരത്തേ തന്നിരുന്നെങ്കിൽ ഞാനീ കല്ലറയ്ക്കുള്ളിൽ എത്തപ്പെടില്ലായിരുന്നു’.

ഇതൊരുവലിയ സത്യമാണ്. സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്, നൽകാനുള്ളതാണ്. ജീവിച്ചിരിക്കുമ്പോഴാണ് സ്‌നേഹിക്കേണ്ടത്. പങ്കാളി മരിച്ചശേഷം വേണ്ടവിധം സ്‌നേഹിക്കാനായില്ലെന്നും പരിചരിക്കാനായില്ലെന്നും പറഞ്ഞ് സങ്കടപ്പെടുന്ന ഒട്ടേറെപ്പേരെ കണ്ടുമുട്ടിയിട്ടുണ്ട്.നിസ്സാരപ്രശ്‌നങ്ങളുടെ പേരിൽ ഹൃദയംകൊണ്ടകന്നവർ, ചില്ലറ പിടിവാശികളിൽ ജീവിതം തുലച്ചവർ...തിരുത്താവുന്ന തെറ്റുകളുടെ പേരിൽ പങ്കാളിയെ തിരസ്‌കരിച്ചവർ..

ഇനിയും വൈകിയിട്ടില്ല, നിങ്ങൾക്കിടയിലെ സ്‌നേഹം കാലത്തിന്റെ ഫ്രീസറിനുള്ളിലിരുന്ന് തണുത്തുറഞ്ഞ് പോയിട്ടുണ്ടോ? അത് പുറത്തെടുക്കുക, ചേർത്തുപിടിക്കുക...ഹൃദയച്ചൂടിനാൽ അതിനു ജീവൻവെയ്ക്കട്ടെ.

Content Highlights: Intimacy,Relationship,Love,Sex,Couple,Healthy Life,Healthy Living, Family