തൊരു നാട്ടിലാണെങ്കിലും കൗമാരവും യൗവനത്തുടക്കവും വിവാഹപൂര്‍വബന്ധങ്ങള്‍ക്ക് ഹരിശ്രീ കുറിക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള കാലമാണ്. ഏറെക്കൊല്ലം അച്ഛനമ്മമാരുടെ ചുറ്റിക്കെട്ടുകളില്‍നിന്ന് പുറത്തുകടക്കുമ്പോഴുണ്ടാകുന്ന ആശ്വാസവും 'താനുമൊരു മുതിര്‍ന്ന വ്യക്തിയായി' എന്ന ബോധവും ചില കൂട്ടുകാരുടെ ദുസ്സ്വാധീനവുമൊക്കെ ചേര്‍ന്ന് മനസ്സിന്റെ കുഞ്ഞുകടിഞ്ഞാണുകളറുക്കാം. കൗമാരസഹജമായ വികാരവിക്ഷുബ്ധതകളെ മറികടക്കാനുള്ള ഒറ്റമൂലിയായി ലൈംഗികബന്ധങ്ങളെ ഉപയോഗിച്ചേക്കാം. ഉദാഹരണത്തിന്, വല്ലാത്ത ഇന്‍ഫീരിയോറിറ്റി കോംപ്ലക്‌സോ അരക്ഷിതത്വബോധമോ ഉള്ള പെണ്‍കുട്ടികള്‍ പുരുഷന്മാര്‍ തങ്ങളോടു കാണിക്കുന്ന താല്‍പര്യത്തെ സ്വന്തം പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയായിക്കാണാം.

ആരോഗ്യവും ലൈംഗികതയും

ഇടയ്ക്കിടെയുള്ള വേഴ്ചകള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നും മാനസികസമ്മര്‍ദ്ദം കുറയ്ക്കുമെന്നും നല്ല ഉറക്കം തരുമെന്നും വേഴ്ചകളിലടങ്ങിയ വ്യായാമം ഹൃദയാരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന് ഒരൊറ്റപ്പങ്കാളിയെത്തന്നെ വേണോ എന്ന ചോദ്യം ഉയരാം. അതിനുള്ള ഉത്തരമിതാണ്. പരിണാമപരമായി നോക്കുമ്പോള്‍ മനുഷ്യനു മനുഷ്യനായി വളരാനായത് ഒരൊറ്റപ്പങ്കാളിയില്‍ ഒതുങ്ങിനില്‍ക്കുന്ന ശീലമുള്ളതുകൊണ്ടാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഏറ്റവുമുത്തമം ആ ശീലം തുടരുന്നതു തന്നെ.

ഏകപങ്കാളീവ്രതം കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്. പങ്കാളിയെ ആഴത്തിലടുത്തറിയാനും, ദൃഢമായൊരു വൈകാരികബന്ധം വളര്‍ത്തിയെടുക്കാനും, അനാവശ്യ സംശയങ്ങളില്ലാതെ ശാന്തമായി ബന്ധങ്ങളില്‍ മുഴുകാനും സാധിക്കും.

പോണ്‍ വീഡിയോയും ലൈംഗികതയും

ഒരിക്കലെങ്കിലും പോണ്‍ കാണുന്നവരില്‍ മൂന്നിലൊന്നും സ്ത്രീകളാണ് എങ്കിലും പോണ്‍ ഒരഡിക്ഷനായി വളരുന്നതു മുഖ്യമായും പുരുഷന്മാര്‍ക്കാണ്. പുരുഷന്മാര്‍ പ്രകൃത്യാതന്നെ സെക്‌സില്‍ ഏറെ പുതുമയും വൈവിദ്ധ്യവും കാംക്ഷിക്കുന്നവരാണെന്നതും, ലൈംഗികദൃശ്യങ്ങളാല്‍ കൂടുതല്‍ ഉത്തേജിതരാവുമെന്നതും, സ്ത്രീകള്‍ പ്രധാനമായും കാണാറുള്ളത് അഡിക്ഷന്‍ സാധ്യത കുറഞ്ഞ 'സോഫ്റ്റ് പോണ്‍' ആണെന്നതുമൊക്കെ ഇതിന് കാരണമാവുന്നുണ്ട്.

ലൈംഗികതയെയും ബന്ധങ്ങളെയുമൊക്കെപ്പറ്റി പോണില്‍ നിന്നു മാത്രം പഠിച്ചെടുത്തവര്‍ക്ക് രക്തവും മാംസവുമുള്ള ഒരു പങ്കാളിയുമായി പ്രേമ, ലൈംഗിക ബന്ധങ്ങള്‍ ഉരുവപ്പെടുത്തിയെടുക്കാനും നിലനിര്‍ത്താനുമുള്ള പാടവമുണ്ടായേക്കില്ല. പരസ്പരം ഉണര്‍ത്തിയെടുക്കലോ ചുംബനങ്ങളോ ഇല്ലാതെ നേരെ 'കാര്യത്തിലേക്ക് കടക്കുന്ന' പോണ്‍രതികള്‍ കാഴ്ചക്കാരുടെ ലൈംഗികസങ്കല്‍പങ്ങളെ മോശമായി സ്വാധീനിക്കാം. രതിമൂര്‍ച്ഛയുടെ ശാരീരികാനുഭൂതിക്കൊപ്പം പങ്കാളിയുമായുള്ളൊരു ഹൃദയബന്ധത്തിന്റെയും സാന്നിദ്ധ്യമുണ്ടെങ്കിലേ ലൈംഗികതയുടെ ആസ്വാദ്യത പൂര്‍ണമാവൂ. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്.