യിടെ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചര്‍ച്ചചെയ്യുകയും ചെയ്ത ഒരു വീഡിയോയുണ്ട്. 'ഖാനേ മേം ക്യാഹെ' എന്ന ഹ്രസ്വചിത്രം. മകള്‍ അമ്മയോട് ലൈംഗികകാര്യങ്ങള്‍ തുറന്നു പറയുന്നതാണ് ആ വീഡിയോ. ഹണിമൂണ്‍ കഴിഞ്ഞെത്തിയ മകളോട് അമ്മ വിശേഷങ്ങള്‍ ചോദിച്ചുതുടങ്ങുന്നു. മകള്‍ അമ്മയോട് ലൈംഗികകാര്യങ്ങള്‍ തുറന്നുചര്‍ച്ചചെയ്യുന്നു. അടുക്കളയില്‍ പാചകത്തിനിടയിലാണ് ഇരുവരുടെയും സംസാരം. ലൈംഗിക ആസ്വാദ്യതയെ പാചകത്തോടും രൂചിക്കൂട്ടുകളോടും താരതമ്യം ചെയ്ത് രസകരമായി നടത്തുന്ന വര്‍ത്തമാനം. കുക്കറിന്റെ വിസില്‍ ശബ്ദത്തെ രതിമൂര്‍ച്ഛയോടാണ് അവള്‍ ഉപമിക്കുന്നത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ അമ്മ സങ്കോചത്തോടെ നില്‍ക്കുമ്പോള്‍ മകള്‍ അത് ദാമ്പത്യത്തിന്റെ ഒരു ഭാഗം മാത്രമായി കണ്ട് മടിയില്ലാതെ പറയുന്നു. 

സെക്സിനോടുള്ള മനോഭാവത്തില്‍ തലമുറകള്‍ തമ്മിലുള്ള വ്യത്യാസം ഈ ഹ്രസ്വചിത്രം അടയാളപ്പെടുത്തുന്നുണ്ട്.  പുതിയ കാലത്തെ സ്ത്രീകള്‍ മടിയില്ലാതെ സെക്സിനെക്കുറിച്ച് സംസാരിക്കാന്‍ പ്രാപ്തിനേടിയിരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ പറഞ്ഞത് ഒരു ഹ്രസ്വചിത്രത്തില്‍ അവതരിപ്പിച്ച പ്രമേയം മാത്രമല്ലേയെന്ന് വിലയിരുത്താം. ശരിയാണ്. യഥാര്‍ഥ ജീവിതത്തിലേക്ക് വരുമ്പോള്‍ സ്ഥിതി എന്താണ്. ലൈംഗികതാത്പര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി തുറന്ന് ചര്‍ച്ചചെയ്യാന്‍ സ്ത്രീകള്‍ തയ്യാറാവുന്നുണ്ടോ, അതിനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതൊക്കെ ലൈംഗിക സംതൃപ്തിയിലും ഇണകള്‍ തമ്മിലുള്ള വൈകാരിക അടുപ്പത്തിലും പ്രധാനമാണ്.

വണ്‍വേ അല്ല സെക്‌സ് 
ലൈംഗികത ആണിന്റെ ഏകപക്ഷീയ കാര്യമാണെന്ന് കരുതിയ കാലമുണ്ടായിരുന്നു. പെണ്ണിന് സെക്സില്‍ കാര്യമായ റോളില്ല. ഭര്‍ത്താവിന്റെ ഇഷ്ടങ്ങളെ സാധിച്ചുകൊടുക്കാനുള്ള, അധികാരസ്വഭാവത്തിനുമുന്നില്‍ അടിയറവ് പറയാനുള്ള ഉത്തരവാദിത്വം മാത്രമേ സെക്സില്‍ ഭാര്യയ്ക്കുള്ളൂ എന്ന് കരുതിയിരുന്ന കാലം. സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒന്നും പ്രതീക്ഷിക്കാതെ, കിട്ടുന്നതില്‍ സായൂജ്യമടയുന്ന രീതി. എല്ലാം നല്‍കാനുള്ളത് മാത്രമാണെന്നും തനിക്ക് ഒന്നും ലഭിക്കാനില്ലെന്ന തോന്നലും സ്ത്രീ മനസ്സില്‍ കൊണ്ടുനടന്നിരുന്ന കാലം. സെക്സില്‍ സ്ത്രീയുടെത് നിസ്സംഗപങ്കാളിത്തം മാത്രമായിരുന്നു. 

പകലത്തെ ജോലികളെല്ലാം തീര്‍ത്താല്‍ രാത്രി ഭര്‍ത്താവ് ആവശ്യപ്പെടുമ്പോള്‍ അയാളുടെ സംതൃപ്തിക്ക് വേണ്ടിയുള്ള ചടങ്ങായി സെക്സിനെ വിലയിരുത്തിപ്പോന്നവര്‍. അതാണ് ശരിയെന്ന് കരുതിവെച്ചിരുന്നവര്‍. രതിമൂര്‍ച്ഛ എന്ന ആനന്ദാനുഭവത്തെപോലും മനസ്സിലാക്കാതെ പോയിരുന്ന അവസ്ഥ.
എന്നാല്‍ അത്തരം പഴയ ചിന്തകളില്‍ നിന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു. അറിവിന്റെ മേഖലകളില്‍ സ്ത്രീകള്‍ ഒട്ടേറെ ദൂരം സഞ്ചരിച്ചിരിക്കുന്നു. ആരോഗ്യകരമായ ലൈംഗികതയെക്കുറിച്ച് അറിയാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്. 

അതിന്റെ പ്രതിഫലനം സെക്സിലെ സമത്വ ചിന്തകളായും കാണാവുന്നതാണ്. ലൈംഗികതയില്‍ പങ്കാളികളുടെ പരസ്പര അവകാശങ്ങളെയും ചുമതലകളെക്കുറിച്ചുമെല്ലാമുള്ള അവബോധം വര്‍ധിച്ചിട്ടുണ്ട്. ലൈംഗികജീവിതത്തെക്കുറിച്ച് പണ്ടത്തേക്കാള്‍ അറിവ് ഇന്ന് സ്ത്രീകള്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് സെക്സിനെക്കുറിച്ച് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അതിലെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും വേര്‍തിരിച്ചറിയാനുള്ള വിവേകമുണ്ട്. അത് തുറന്നുപറയാനുള്ള പ്രാപ്തിയും അറിവുമുണ്ട്. സെക്സില്‍ പരസ്പര പങ്കാളിത്തത്തിന്റെ ഗുണത്തെക്കുറിച്ച് അറിയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. 

മുന്‍കൈയെടുക്കാന്‍ മുന്‍പരിചയം വേണ്ട 
സെക്സിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള സ്ത്രീയുടെ അവബോധം വര്‍ധിച്ചിട്ടുണ്ടെന്നത് വാസ്തവമാണ്. എങ്കിലും പഴയകാലത്തിന്റെ ഹാങ്ഓവറില്‍ നിന്ന് സമൂഹം പൂര്‍ണമായും പുറത്തുകടന്നോ എന്നും ചിന്തിക്കേണ്ടതുണ്ട്. സെക്സ് എന്നത് പലരും രഹസ്യവിഷയമായി കാണുന്നതും അതുകൊണ്ടുതന്നെ. അത് ആണ്‍സഭകളില്‍ മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന മിഥ്യാബോധം സൂക്ഷിക്കുന്ന ആണ്‍മനസ്സുകളെ ഇപ്പോഴും കാണാം. പ്രത്യേകിച്ചും ലൈംഗികതാത്പര്യങ്ങള്‍ സ്ത്രീ തുറന്നുപറഞ്ഞാല്‍ സംശയത്തോടെ നെറ്റിചുളിക്കുന്നവര്‍ കുറവൊന്നുമല്ല.
 
കിടപ്പറയില്‍ സ്ത്രീ മുന്‍കൈയെടുക്കുമ്പോള്‍ അതിനെ സംശയത്തോടെ നോക്കിക്കാണുന്ന പുരുഷന്മാരുമുണ്ട്. ഇവള്‍ക്ക് സെക്സില്‍ മുന്‍പരിചയമുണ്ടോയെന്നാണ് അത്തരക്കാരുടെ സംശയം. എന്നാല്‍ പുരുഷന്മാര്‍ മുന്‍കൈയെടുക്കുമ്പോള്‍ ഈ 'മുന്‍പരിചയ'ത്തിന്റെ സംശയം പെണ്‍ മനസ്സില്‍ ഉണ്ടായിക്കൂടേ എന്ന ചിന്ത ഉയരാറുമില്ല. കാരണം സെക്സ് പുരുഷന്റെ അധികാര പരിധിയിലുള്ളതാണെന്ന ലൈംഗികനിരക്ഷരതയുണ്ടാക്കിയ ബോധം മനസ്സിലുണ്ട് എന്നതുതന്നെ. സങ്കുചിതമായ ലൈംഗികബോധങ്ങള്‍ പലപ്പോഴും ആണിന്റെ മാത്രം പ്രശ്നവുമല്ല. പങ്കാളിയോട് ലൈംഗികതാത്പര്യങ്ങള്‍ തുറന്നുപറയാന്‍ ആശങ്കപ്പെടുന്ന സ്ത്രീകളുമുണ്ട്.