അവള്‍ ചോദിച്ചു: ''ഡാഡിയെന്താണ് പറയുന്നത്? ഒരു പരിചയവുമില്ലാത്ത ഒരാളിന്റെകൂടെ ഒരു ഏര്‍ളി മോണിങ്ങില്‍ കല്യാണം കഴിക്കണന്നോ? അരമണിക്കൂര്‍ വര്‍ത്തമാനം പറഞ്ഞ ഒരാളിന്റെകൂടെ ജീവിതം മുഴുക്കെ ഷെയര്‍ചെയ്യണന്നോ. ഇംപോസിബ്ള്‍''. ഡാഡി ചോദിച്ചു: ''പിന്നെ നിനക്ക് എന്താ വേണ്ടേ? വാട്ടീസ് യുവര്‍ പ്‌ളാന്‍?'' അവള്‍ വിശദീകരിച്ചു: ''ഡാഡി എന്നെ മനസ്സിലാക്ക്. ഞാന്‍വിവാഹത്തിനെതിരല്ല.
ബട്ട്, പരിചയവും അടുപ്പവും തോന്നാത്ത ഒരാളിന്റെകൂടെ ജീവിക്കണമുടനെയെന്ന് പറയരുത്.'' മമ്മി ഇടപെട്ടു: ''നിന്റെ മമ്മിയും ഗ്രാന്‍ഡ് മദറുമൊക്കെ അങ്ങനെ കല്യാണം കഴിച്ചവരാ. എന്നിട്ടെന്താ വല്ല അപകടോണ്ടായോ?'' അവള്‍ കണിശമായി പറഞ്ഞു: ''അത് നിങ്ങളുടെയൊക്കെ രീതി. എനിക്കത് പറ്റില്ല''. പിന്നെ ആര്‍ക്കുമൊന്നും പറയാനില്ലാതായി.
കരിയര്‍ ഫസ്റ്റ്, ഫാമിലി ലേറ്റര്‍
കൗമാരസ്വഭാവങ്ങള്‍ പലതും പഴയതല്ല. പല കൗമാരക്കാരുടെയും വിവാഹസങ്കല്പവും മാറിയിരിക്കുന്നു. മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ എന്തുചെയ്തു എന്നത് പ്രശ്‌നമല്ലിവര്‍ക്ക്. പുതു തലമുറയ്ക്ക് വിവാഹം മതപരമോ സാമൂഹികമോ ആയ ഒരു കാര്യമല്ലാതാവുകയാണ്. പല കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും വിവാഹം സഹവര്‍ത്തിത്വത്തിന്റെ കൂട്ടായ്മയാണ്. സമാന ചിന്താഗതിക്കാര്‍ക്ക് ഒന്നിച്ച് ജീവിക്കാനാവുമെന്നവര്‍ കരുതുന്നു. പരസ്പരവിശ്വാസത്തില്‍നിന്നും അംഗീകാരത്തില്‍നിന്നുമാണ് വൈവാഹികജീവിതം ആഹ്‌ളാദകരമായിത്തീരുന്നത് എന്നവര്‍ വിചാരിക്കുന്നു. പരസ്പരം മനസ്സിലാക്കലും അംഗീകരിക്കലും നടക്കാനിടയുള്ളതിനാല്‍ കൗമാരക്കാര്‍ വിവാഹപൂര്‍വ ബന്ധത്തിന് പ്രയോജനകരമായ അനിവാര്യതയുണ്ടെന്ന് കരുതുന്നുണ്ട്.
ഒരു കുടുംബിനിയായി ജീവിതകാലം മുഴുവന്‍ കഴിയാന്‍ പല പെണ്‍കുട്ടികളും ആഗ്രഹിക്കുന്നില്ല. ഭര്‍ത്താവ് ചെയ്യുന്നത്, വരുമാനമുണ്ടാക്കുന്നത് മാത്രം പ്രധാനപ്പെട്ടതാണെന്ന് പുതുതലമുറ വിശ്വസിക്കുന്നില്ല. വീട്ടിലെ വരുമാനമില്ലാത്ത പ്രയോജനജോലി മാത്രം ചെയ്ത് കഴിയേണ്ടവളല്ല ഭാര്യയെന്നും ആണ്‍കുട്ടികള്‍പോലും പലരും വിശ്വസിക്കുന്നുണ്ട്. അടുക്കള ജോലിക്കൊപ്പം വരുമാനലബ്ധിയുള്ള ജോലിയും സ്ത്രീകള്‍ ആഗ്രഹിക്കുന്നു. അടുക്കള-വീട്ടുകാര്യങ്ങളില്‍ പുരുഷ പങ്കാളിത്തം പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ആശിക്കുന്നുണ്ട്. ഒരു ദിവസം ഭര്‍ത്താവ് അടുക്കളയില്‍ സഹായിച്ചിട്ടില്ലെങ്കില്‍ ഭാര്യ ചോദിച്ചേക്കും: ''എന്താണെടോ, ഇന്നൊന്നും തിന്നണ്ടേ?'' കുട്ടികളെ വളര്‍ത്തുന്നതിലും ഭര്‍തൃപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞയുടനെ കുട്ടിയാവണമെന്ന് പുതുതലമുറക്കാര്‍ പൊതുവേ മോഹിക്കുന്നില്ല. അറിഞ്ഞും അടുത്തും ജീവിക്കുമ്പോള്‍ ഇരുവര്‍ക്കും വേണമെന്ന് തോന്നിയാല്‍ കുട്ടിയാകാമെന്നത് തത്ത്വത്തില്‍ യുവാക്കള്‍ അംഗീകരിക്കുന്നു. കുട്ടികള്‍ വൈകിയാകാം എന്നതുപോലെ കുട്ടികള്‍ ഒന്നോ രണ്ടോ മതി എന്നതിലും അവര്‍ക്ക് യോജിപ്പുണ്ട്. പൊതുവേ കൗമാരക്കാരുടെ വിവാഹസങ്കല്പം കരിയറിനോട് ചേര്‍ന്നതാണ്; കരിയര്‍ ഫസ്റ്റ്, ഫാമിലി ലേറ്റര്‍.
കല്യാണമുറപ്പിക്കുംമുമ്പേ ഒരു പെണ്‍കുട്ടി മുന്നോട്ടുവെച്ച നിബന്ധനകള്‍
1. ബിരുദാനന്തരബിരുദം കഴിഞ്ഞാല്‍ വിദേശത്തുപോയി ഗവേഷണപഠനം നടത്താനനുവദിക്കണം.
2. അതിനിടയ്ക്ക് അമ്മയ്ക്കും മുത്തശ്ശിക്കും ഒരു കുഞ്ഞിക്കാലുകണ്ട് മരിക്കണമെന്നുപറഞ്ഞ് വരരുത്.
3. എനിക്ക് ജോലിചെയ്യാന്‍ അനുവാദം വേണം.
4. രണ്ടുപേര്‍ക്കും രണ്ടിടങ്ങളിലാണ് ജോലി എന്നാണെങ്കില്‍ ഒന്നിച്ചൊരു ജോലികിട്ടുന്നതുവരെ സമ്മര്‍ദംചെലുത്തരുത്.
5. കുട്ടികളെ വളര്‍ത്തുന്നതില്‍ തുല്യപങ്കാളിത്തമുണ്ട് ഭര്‍ത്താവിനും.
6. എനിക്കെന്റെ പഴയ ചില സുഹൃത്തുക്കളുമായി ബന്ധം തുടരാന്‍ അനുവദിക്കണം. അപ്പോള്‍ സംശയരോഗവുമായി നടക്കരുത്.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുവാക്കളുടെ വൈവാഹികജീവിതത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളും പ്രതീക്ഷകളും പാടെ മാറിക്കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതചിന്തകളെ അവരെടുത്തു വലിച്ചെറിഞ്ഞിരിക്കുന്നു. കുട്ടികളെ വേണ്ടെന്നുവെച്ച് ഇരുവരുമാനക്കാരായി (Double Income No Kids- DINK) ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ വിവാഹത്തിനുമുമ്പ്, ആ ആഗ്രഹവും കൈമാറും. തങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ സഫലമാകുമോ എന്ന ഭയം കൗമാരവിവാഹാലോചന നടക്കുമ്പോള്‍ പലര്‍ക്കുമുണ്ട്.
വിവാഹിതരാകുന്നവര്‍ക്കുമാത്രമല്ല, അവരെ മനസ്സിലാക്കിയ രക്ഷാകര്‍ത്താക്കള്‍ക്കും ഈ ഭീതി ഇന്നുണ്ട്. അതുകൊണ്ടുതന്നെ ഇഷ്ടവിവാഹം (Preferencial Marriage) വിവാഹം കഴിക്കാന്‍പോകുന്നവര്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളും അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. കൗമാരക്കാര്‍ പറയുന്നു; ഇതു ഞങ്ങളുടെ ജീവിതം, ഇത് ഞങ്ങളുടെ വിവാഹം.
കൗമാരക്കാര്‍ പൊതുവേ ബിരുദാനന്തരബിരുദം കഴിഞ്ഞ് വിവാഹം മതി എന്നുകരുതുന്നു. അവര്‍ പറയുന്നു: ''നേരത്തേയുള്ള വിവാഹം ഞങ്ങളുടെ പഠനം മുടക്കും.
വിവാഹത്തിനുമുമ്പ് പഠനം തുടരാമെന്നൊക്കെ പറയും. വിവാഹം കഴിഞ്ഞാല്‍ കുഞ്ഞുവേണമെന്ന സമ്മര്‍ദംവരും. ചെറുപ്പകാലത്തുതന്നെ ഉത്തരവാദിത്വങ്ങള്‍ ഒരുപാടെടുത്ത് തലപുണ്ണാക്കാനാശിക്കുന്നില്ല'' ചില പെണ്‍കുട്ടികള്‍ ചോദിക്കുന്നു: ''മാനസികമായി തയ്യാറാവാതെ വിവാഹത്തിന് മുതിരുന്നത് പ്രശ്‌നങ്ങളുണ്ടാക്കില്ലേ? യൗവനാരംഭത്തിലെ സവിശേഷതകള്‍ ആസ്വദിക്കാനും ആഘോഷിക്കാനുമുള്ള സൗഭാഗ്യം ആണ്‍കുട്ടികള്‍ക്ക് മാത്രമോ?''
രക്ഷാകര്‍ത്താക്കളറിയേണ്ടത്, മാറേണ്ടതും
കൗമാരക്കാരും മാതാപിതാക്കളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു പ്രധാന വിഷയമായി വരുന്നത് വിവാഹമാണ്. വിവാഹത്തിന് തയ്യാറാവാതെ വരുമ്പോള്‍, ചിലപ്പോള്‍ അതുമുടക്കുമ്പോള്‍, കലഹം ആരംഭിക്കുന്നു. സമ്മര്‍ദങ്ങള്‍ സംഘര്‍ഷത്തെ അധികരിപ്പിക്കുന്നു. രക്ഷാകര്‍ത്താക്കള്‍ ന്യായവാദം നടത്തുന്നു: 'പ്രായമേറുന്തോറും അനുയോജ്യബന്ധങ്ങള്‍ ലഭിക്കാതാവും.
വിവാഹം വൈകുന്നത് മറ്റെന്തെങ്കിലും പ്രശ്‌നംകൊണ്ടാണെന്ന് പറയും. വൈകി കല്യാണം കഴിച്ചാല്‍ കുട്ടികളുടെ പഠനവും കല്യാണവുമൊക്കെ പ്രശ്‌നമാകും'. പൊതുവേ ഇന്ന് പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങളെ എതിര്‍ക്കുന്നു.
ആണ്‍കുട്ടികളുടെ വിവാഹപ്രായം ഏറിയാലും നിങ്ങള്‍ക്ക് പ്രശ്‌നമില്ലല്ലോയെന്ന് പെണ്‍കുട്ടികള്‍ ചോദിക്കുന്നു. ആണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ഏറെയും കൗമാരപ്രേമത്തെ വിവാഹത്തിലേക്കുള്ള മാര്‍ഗമായി കണക്കാക്കുന്നുമില്ല. രക്ഷാകര്‍ത്താക്കളും പെണ്‍കുട്ടികളും തമ്മിലുള്ള സംഘര്‍ഷം ഇക്കാര്യങ്ങളില്‍ കൂടിക്കൂടിവരുകയും ചെയ്യുന്നു. 'വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്കില്ലാത്ത അവകാശങ്ങള്‍, ആണ്‍കുട്ടികള്‍ക്കെന്തിന്?' -അവര്‍ ചോദിക്കുന്നു.
അടിസ്ഥാനപരമായി നമ്മുടെ നാട്ടിലെ രക്ഷിതാക്കള്‍ ഇന്നും പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയെ പിന്താങ്ങുന്നവരാണ്. പെണ്‍കുട്ടികളുടെ ചുറുചുറുക്കുള്ള സമയം വിവാഹം നടത്തണമെന്നവര്‍ വിശ്വസിക്കുന്നു.
അടിസ്ഥാനപരമായി സ്ത്രീയെ ഒരു ലൈംഗികവസ്തുവാക്കിമാത്രം കാണുന്നവരുടെ കാഴ്ചപ്പാടുമാണത്. ചിലര്‍ക്ക് പ്രേമവും ഒളിച്ചോടലും വലിയ പേടിയുണ്ടാക്കുന്ന കാര്യങ്ങള്‍. വിജാതീയ വിവാഹങ്ങളോടുള്ള പ്രതികൂല കാഴ്ചപ്പാട് രാഷ്ട്രീയസാഹചര്യങ്ങളാല്‍ ദൃഢമായിവരുന്നു. എന്നാല്‍, രക്ഷാകര്‍ത്താക്കളുടെ മനോഭാവത്തില്‍ സാരമായ മാറ്റം ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട്. വിവാഹക്കാര്യത്തില്‍ തീവ്രസംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ഇത് അനിവാര്യമാണുതാനും.
ചില പ്രധാനകാര്യങ്ങള്‍
1. വിവാഹമാണ് ജീവിതത്തിലെ കേന്ദ്രവ്യവസ്ഥ എന്ന മനോഭാവം മാറേണ്ടതുണ്ട്. പെണ്‍കുട്ടികള്‍ കൗമാരത്തിലേക്ക് കടക്കുംമുമ്പേതന്നെ 'നീയൊരു വീട്ടിലേക്ക് പോകേണ്ടവളാ', 'നാളെ കല്യാണം കഴിഞ്ഞ് ഒരു വീട്ടിലെത്തുമ്പോള്‍ പഠിച്ചോളും' എന്നിങ്ങനെ വിവാഹത്തെക്കുറിച്ചുള്ള നെഗറ്റീവായ പ്രസ്താവനകള്‍ ഒഴിവാക്കുക.
2. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ഒരുപോലെയാണ് എന്ന ധാരണയില്‍ പെരുമാറുക. കരിയര്‍ സ്വപ്നങ്ങള്‍ പെണ്‍കുട്ടികള്‍ക്കുമുണ്ട് എന്ന് അംഗീകരിക്കുക. അവതരിപ്പിക്കുക.
3. പഠനത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത് എന്ന ആശയത്തിന് പ്രാധാന്യം നല്‍കുക, പറയുക. കൗമാരകാലത്തും അക്കാര്യത്തിന് ഊന്നല്‍ നല്‍കുക.
4. ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള വ്യക്തികളായിരിക്കാന്‍ സഹായിക്കുക. ആവശ്യമായ പ്രോത്സാഹനവും അംഗീകാരവും വിദ്യാഭ്യാസത്തിനും മറ്റുനേട്ടങ്ങള്‍ക്കും നല്‍കുക.
5. വിവാഹം ഇരുവരുടെയും അതാരായാലും സമ്മതത്തോടെ മാത്രമേ നിശ്ചയിക്കൂ എന്ന് ആവശ്യമുള്ളപ്പോള്‍ അറിയിക്കുക.
6. വിവാഹബന്ധത്തിന് മാനസികമായി ഒരുങ്ങാത്തവരും ഇണങ്ങാത്തവരുമാണ് ചിലരെന്ന് മാതാപിതാക്കളറിഞ്ഞിരിക്കണം. അവരെ സമ്മര്‍ദങ്ങള്‍ക്ക് വിധേയമാക്കി വിവാഹത്തിന് മുതിരരുത്. കൗണ്‍സലിങ് ചിലപ്പോള്‍ അവരില്‍ മാറ്റമുണ്ടാക്കാന്‍ സഹായിച്ചേക്കാം.
Content Highlights: Changing marital choices among youth