മാതാപിതാക്കളുടെയും വീട്ടുകാരുടെയുമൊക്കെ ഏറ്റവും കൂടുതല്‍ സ്‌നേഹം കിട്ടുന്നത് മൂത്തകുട്ടിക്കായിരിക്കും.പക്ഷേ മൂത്തത് ആണ്‍കുട്ടിയാണെങ്കില്‍ കടിഞ്ഞൂല്‍ പൊട്ടനെന്നും പെണ്‍കുട്ടിയാണെങ്കില്‍ കടിഞ്ഞൂല്‍ പൊട്ടിയെന്നുമുള്ള വിളി കേള്‍ക്കാത്തവരും കുറവായിരിക്കും. എന്നാല്‍ മൂത്തകുട്ടികളെ ഇങ്ങനെ വിളിക്കേണ്ട എന്നാണ് പഠനം പറയുന്നത്. വീട്ടിലെ ആദ്യത്തെ കുട്ടി മറ്റുകുട്ടികളെക്കാള്‍ ബുദ്ധിയുള്ളവരും കഴിവുള്ളവരുമായിരിക്കും എന്ന് ദ ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ റിസോഴ്‌സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കുഞ്ഞ് ഉദരത്തില്‍ ജന്മം കൊള്ളുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ നല്‍കുന്ന ശ്രദ്ധയും പരിഗണനയുമാണ് ഈ കഴിവിനു പിന്നിലെ രഹസ്യം. മൂന്നു വ്യത്യസ്ത പഠനങ്ങള്‍ പറയുന്നത് അനുസരിച്ച് കുടുംബത്തിലെ മൂത്തകുട്ടിക്ക് ബുദ്ധി കൂടുതല്‍ ഉണ്ടാകും. രണ്ടര ലക്ഷം  നോര്‍വിജിയന്‍ കുട്ടികളില്‍ നടത്തിയ പഠന പ്രകാരം മൂത്തകുട്ടികള്‍ക്ക് ഇളയ കുട്ടികളെക്കാള്‍ വളരെയധികം ബുദ്ധിയും കഴിവും ഉള്ളതായി കണ്ടെത്തി. മറ്റൊരു പഠനത്തില്‍ മൂത്തവരുടെ ഐക്യൂ സ്‌കോര്‍ ഇളയവരുടേതിനേക്കാള്‍ 2.3 പോയിന്റ് ഉയര്‍ന്നു നില്‍ക്കുന്നുണ്ടെന്നും പറയുന്നു.

യൂണിവേഴ്‌സിറ്റി ഓഫ്  ഇലിനോയിസ് നടത്തിയ പഠനപ്രകാരം മൂത്ത കുട്ടികള്‍ക്ക് ഉയര്‍ന്ന ഐക്യൂ ഉള്ളതായി കണ്ടു. മാത്രമല്ല അവരാണ് കൂടുതല്‍ സ്മാര്‍ട്ടും മറ്റുള്ളവര്‍ക്ക് സ്വീകാര്യരെന്നുമായിരുന്നു ഈ പഠനത്തിലെ കണ്ടെത്തല്‍.

Content Highlights: Firstborn Children Are More Intelligent