കൊച്ചുതുറ സ്വദേശി ജെനി ജെറോമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സ്വപ്നം സാക്ഷാത്‌കരിച്ച് ആകാശനീലിമയിലേക്ക് പറന്നുയർന്ന പെൺകുട്ടി എന്നാണ് ജെനി ജെറോമിനെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കൊമേഷ്യൽ വനിതാ പൈലറ്റാണ് ഈ ഇരുപത്തിമൂന്നുകാരി.കുട്ടിയായിരിക്കുമ്പോഴെ മനസ്സിൽ പതിഞ്ഞുപോയ പൈലറ്റ് ആവുകയെന്ന സ്വപ്നം സാക്ഷാത്‌കരിച്ചിരിക്കുകയാണ് ഇന്ന് അവൾ. അവളുടെ കന്നിപ്പറക്കലാകട്ടെ ഷാർജയിൽനിന്ന് സ്വന്തം നാടായ കേരളത്തിലേക്കും.

തീരദേശ സമൂഹത്തിൽ ജനിച്ചുവളർന്ന ജെനി ഇന്ന് ചിറകുവിരിച്ച് പറക്കുകയാണ്. കൊമേഴ്സ്യൽ പൈലറ്റായി തിളങ്ങുക അത്ര കടുപ്പംപിടിച്ച പണിയല്ലെന്നും അവൾ തെളിയിക്കുന്നു. പറക്കാൻ ആഗ്രഹിച്ച മനസ്സായിരുന്നു ജെനിക്കെന്ന് സഹോദരൻ ജെബി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

കരകുളം പഞ്ചായത്തിലെ കൊച്ചുതുറയാണ് ജെനിയുടെ സ്വദേശം. എങ്കിലും വളർന്നതും പഠിച്ചതുമെല്ലാം യു.എ.ഇയിലെ അജ്മാനിലാണ്. ജെനിയുടെ അച്ഛൻ ജെറോം ജോറിസ് യു.എ.ഇയിൽ ലാംപെറൽ എനർജി ലിമിറ്റഡിൽ ഫാബ്രിക്കേഷൻ മാനേജരാണ്. അമ്മ ബിയാട്രീസ്. ജെനിയുടെ സഹോദരൻ ജെബിയും യുഎയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, 'തനിക്ക് വിമാനം പറപ്പിച്ചാലെന്താ?' എന്ന തോന്നൽ ജെനിയിൽ ഉദിക്കുന്നത്. പിന്നെ അതിന് പിന്നാലെയായി അന്വേഷണങ്ങൾ. സ്വന്തം നിലയിൽ തന്റേതായ ചില അന്വേഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു അവൾ. പ്ലസ്ടു കഴിഞ്ഞതോടെ അവൾ തീരുമാനിച്ചു.'എനിക്ക് പൈലറ്റാകണം.' നിശ്ചയദാർഢ്യത്തോടെയുള്ള ജെനിയുടെ വാക്കുകളെ കുടുംബം തള്ളിക്കളഞ്ഞില്ല, പെൺകുട്ടിയെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തിയുമില്ല.

പന്ത്രണ്ടാം ക്ലാസ് പഠനത്തിന് ശേഷം ജെനിയുടെ ആഗ്രഹത്തിനനുസരിച്ച് ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പഠനത്തിനായി ചേർത്തു. പഠനമെല്ലാം പൂർത്തിയായി പൈലറ്റ് ലൈസൻസ് നേടിയ ജെനിയുടെ ആദ്യ പൈലറ്റായിട്ടുള്ള കന്നിപ്പറക്കൽ കേരളത്തിലേക്കാണ്.

ശനിയാഴ്ച രാത്രി 10.30-ന് തിരുവനന്തപുരത്തെത്തുന്ന ഷാര്‍ജയില്‍നിന്നുള്ള എയര്‍ അറേബ്യ ഫ്‌ളൈറ്റില്‍ കോ പൈലറ്റിന്റെ സീറ്റില്‍ ജെനിയുമുണ്ട്, തല ഉയര്‍ത്തിപ്പിടിച്ച്...

Content Highlights:Kerala woman pilot first flight to kerala from Sharjah a childhood dream come true