താനടക്കം മിക്ക സ്ത്രീകളും ലൈംഗിക ചൂഷണത്തിന് ഇരയായവരാണെന്ന് ബ്രിട്ടീഷ് നടിയായ കെയ്റ നൈറ്റ്ലി. ഹാർപ്പേഴ്സ് ബസാർ' മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

'ആരെങ്കിലും കുത്തി പരുക്കേൽപ്പിക്കുമെന്നും മുഖത്തിനടിക്കുമെന്നും കഴുത്തറുത്ത് കൊല്ലാൻ ശ്രമിക്കുന്നു എന്നും ഏതെങ്കിലും സ്ത്രീകൾ പറയാറുണ്ടോ? എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എപ്പോഴും സ്ത്രീകൾ നേരിടുന്നുണ്ട്. '-മുപ്പത്താറുകാരിയായ താരം പറയുന്നു.

മാർച്ചിൽ ലണ്ടനിൽ നടന്ന് സാറ എവറാഡിന്റെ കൊലപാതകത്തിന് ശേഷം രാത്രിയിൽ ഒറ്റയ്ക്ക് വീട്ടിലേക്കു പോകുമ്പോൾ സ്ത്രീകൾ സ്വീകരിക്കുന്ന മുൻകരുതലുകളെ പറ്റി പലരും ചർച്ച ചെയ്യുന്നത് താൻ കേട്ടിരുന്നുവെന്നും അവരെ പോലെ അത്തരം മുൻകരുതലുകൾ താനും സ്വീകരിക്കാറുണ്ടെന്ന് അപ്പോഴാണ് ഓർത്തതെന്നും കെയ്റ പറഞ്ഞു.

'പ്രശസ്തരെന്നോ സാധാരണക്കാരെന്നോ ഇല്ല. പലരും പലവിധത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. പലപ്പോഴും ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകുന്നവർ കടുത്ത മാനസികപ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും താരം പ്രതികരിച്ചു.

'ഏതെല്ലാം രീതിയിലാണ് ഓരോ സ്ത്രീകളും ചൂഷണത്തിന് ഇരകളാകുന്നതെന്ന് അക്ഷരാർഥത്തിൽ എനിക്ക് പറയാൻ അറിയില്ല. ഏതെങ്കിലും രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചു കഴിയുമ്പോഴാണ് അവർ നേരിട്ടിരുന്ന പ്രശ്നങ്ങൾ പലപ്പോഴും പുറംലോകം അറിയുന്നത്. വീടിനകത്തും പുറത്തും സ്ത്രീകൾ സുരക്ഷിതരല്ല. ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോൾ സ്വയരക്ഷ ഉറപ്പു വരുത്തണമെന്നും പൈറേറ്റ്സ് ഓഫ് കരീബിയൻ താരമായ കെയ്റ.

യുഎൻ നടത്തിയ സർവേ പ്രകാരം ലണ്ടനിൽ 70 ശതമാനത്തോളം സ്ത്രീകൾ പൊതുയിടങ്ങളിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നവരാണ്. 2021ലെ കണക്കു പ്രകാരം ഇവരിൽ 97 ശതമാനവും 18നും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ്.

ഇനി മുതൽ പുരുഷന്മാർ സംവിധാനം ചെയ്യുന്ന സിനിമകളിലെ അമിതമായ സെക്സ് സീനുകളിൽ അഭിനയിക്കില്ലെന്ന് കെയ്റ നൈറ്റ്ലി നേരത്തെ പറഞ്ഞിരുന്നു.

Content Highlights:Keira Knightley says all the women she knows have been sexually harassed