കലാമണ്ഡലം കെ.വി രാമകൃഷ്ണൻ മാസ്റ്ററുടെ മകളും നർത്തകിയുമായ കലാമണ്ഡലം രാധ തന്റെ നൃത്തനാളുകളിൽ ഒപ്പം ചേർത്തുനിർത്തിയ കലാമണ്ഡലം സരസ്വതിയെക്കുറിച്ച് എഴുതുന്നു.

ലാമണ്ഡലം സരസ്വതി ടീച്ചറുടെ ആത്മകഥ 'സാരസ്വതം' മാതൃഭൂമി ഡോട്കോമിലൂടെ വായിച്ചുവരികയാണ്. ടീച്ചറെക്കുറിച്ച് ഓർമ്മകൾ ഒരുപാട് ഉണ്ട്. ഒരു ടീച്ചർ എന്നതിലുപരി എന്റെ സ്വന്തം ചേച്ചി തന്നെ ആണ്. ചേച്ചി എന്നു വിളിച്ചാണ് ശീലവും. ഞാൻ ഓർമ വെച്ച് തുടങ്ങിയ കാലം തൊട്ടുള്ള ബന്ധമാണ് അവരുമായിട്ട്. എന്റെ അച്ഛൻ കെ.വി രാമകൃഷ്ണൻ കലാമണ്ഡലത്തിലെ മൃദംഗം അധ്യാപകനായിരുന്നു. ചേച്ചി ഞങ്ങളുടെ ബന്ധുവും. അതുകൊണ്ട് തന്നെ ഞങ്ങളുടെ ബന്ധത്തിന് ആഴം കൂടുതൽ ആണ്, അന്നും ഇന്നും. ചേച്ചിയുടെ കൂടെ ചെന്നൈയിൽ ഡാൻസ് ക്ലാസ്സുകളിൽ പോകാനും, അവിടുത്തെ രീതികൾ മനസ്സിലാക്കാനും സാധിച്ചിട്ടുണ്ട്. നൃത്തമവതരിപ്പിക്കുനപോൾ സമയോചിതമായി ചേച്ചി ചെയ്യുന്ന ചില അഭിനയ വിന്യാസങ്ങൾ ആയരുന്നു ചേച്ചിയുടെ നൃത്തങ്ങളുടെ പ്രത്യേകതകൾ. അതുകൊണ്ടുതന്നെ അവരുടെ നൃത്തപരിപാടികൾ മുടങ്ങാതെ കാണുമായിരുന്നു. പ്രത്യേകിച്ചും നാട്ടകുറിഞ്ചി വർണ്ണത്തിന്റെ ചരണത്തിൽ നടരാജ ദേവാ ചെയ്യുമ്പോൾ... നന്തനാർ, ശിവനെ ദർശിക്കാൻ വേണ്ടി, നന്തിയോട് കുറച്ചു മാറിയിരിക്കാൻ അപേക്ഷിക്കുന്ന ഒരു ഭാഗമുണ്ട്. അത് ചേച്ചി ചെയ്യുന്നത് ഇന്നും രോമാഞ്ചത്തോട് കൂടിയേ ഓർക്കാൻ സാധിക്കുകയുള്ളൂ.
മുരുകനെ കുറിച്ച് കാണ ആയിരം കൺ വേണ്ടും, മീനാക്ഷി തായെ, ഹിന്ദോളവർണ്ണം അങ്ങിനെ ഒരുപാട് സന്ദർഭങ്ങളുണ്ട് എടുത്തുപറയാൻ.

ഒരു അധ്യാപിക എങ്ങിനെ ആയിരിക്കണം എന്നതും ഞാൻ പഠിച്ചത് നൃത്യാലയ ക്ലാസ്സിൽ നിന്ന് തന്നെ ആണ്. ചേച്ചിയുടെ കൂടെ പരിപാടികൾക്ക് പങ്കെടുക്കാനും ഡാൻസ് ക്ലാസ്സുകൾ എടുക്കാനും ഉള്ള ഭാഗ്യം എനിക്കുണ്ടായത് ഒരു അനുഗ്രഹം തന്നെ ആണ്. ഇതിനെല്ലാറ്റിനുമുപരി കുടുംബത്തിലെ മൂത്ത ഒരു സഹോദരിയുടെ അവകാശം പോലെയായിരുന്നു എന്റെ അച്ഛന്റെ വിയോഗത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിന് വേണ്ടി ചേച്ചി കൂടെ നിന്നത്. സത്യത്തിൽ കൂടെ ചേർത്തിനിർത്തുകയായിരുന്നു. എന്റെ ജീവിതത്തിൽ ചേച്ചിയുടെ സ്ഥാനം എന്നത് ഒരുപാട് മുകളിലാണ്. മറക്കാൻ പറ്റാത്ത ഓർമ്മകളുണ്ട്. സാരസ്വതം വായിക്കുമ്പോൾ ചേച്ചിയോടൊത്തു നടത്തിയ യാത്രകളും പരിപാടികളുമെല്ലാം ഓർമവരുന്നു. ജീവിതം തന്നെ നൃത്തത്തിന് വേണ്ടി അർപ്പിച്ച സരസ്വതി ചേച്ചിയുടെ കൂടെ ഇന്നും മാനസികമായി നിൽക്കാൻ പറ്റുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാവാൻ പ്രാർത്ഥനയോടെ കലാമണ്ഡലം രാധ.

Content Highlights : Kalamandalam Radha Writes about Saraswatham Autobiography of Kalamandalam Saraswathi