പാട്ടു പാടിയും കഥകൾ പറഞ്ഞും സോഷ്യൽ മീഡിയയുടെ മനം കവർന്ന കൊച്ചു മിടുക്കിയാണ് കൃഷ്ണവേണി. കൊറോണ ബോധവത്‌കരണ സന്ദേശം ഒരുക്കിയും താളമിട്ട് പാട്ടു പാടിയും കുഞ്ഞിക്കഥകൾ പറഞ്ഞും ആ കുറുമ്പി ഏവരെയും കയ്യിലെടുത്തുകഴിഞ്ഞു. വൈറൽ വീഡിയോകളിലെ ഈ താരത്തിന് പക്ഷേ, പറയാനുള്ളത് കളിചിരികളുടെ മാത്രമല്ല, കരളലിയിക്കുന്ന കഥകൾ കൂടിയാണ്. മകളെ ബാധിച്ച അപൂർവരോഗത്തെക്കുറിച്ചും സാമ്പത്തിക പരിമിതികൾ മൂലം അവളുടെ ചികിത്സ നിർത്തിവയ്ക്കേണ്ടി വന്നതിനെക്കുറിച്ചുമാണ് കൃഷ്ണവേണിയുടെ അച്ഛന് പറയാനുള്ളത്.
തൃശൂർ കൊടകര സ്വദേശി ജയന്റെയും സനിതയുടെയും ഏക മകളാണ് അഞ്ച് വയസുകാരി കൃഷ്ണവേണി. മരത്തിൽ വിവിധ കലാരൂപങ്ങൾ കൊത്തിയെടുക്കുന്ന കലാകാരനാണ് ജയൻ. ഇരിഞ്ഞാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൽ നഴ്സാണ് സനിത. കൃഷ്ണവേണിയെക്കുറിച്ചും അവളെ കീഴടക്കിയ അപൂർവരോഗത്തെക്കുറിച്ചും ജയന്റെ വാക്കുകൾ
"കൃഷ്ണവേണിക്ക് അഞ്ച് വയസായി. യു.കെ.ജിയിൽ പഠിക്കുന്നു. കൊടകര ആലത്തൂർ സ്കൂളിലാണ് പഠിക്കുന്നത്. എനിക്കും ഭാര്യ സനിതയ്ക്കും ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മോളാണ്. ഒരു വയസുള്ള സമയത്ത് അവൾക്ക് ഒരു മേജർ സർജറി വേണ്ടി വന്നിട്ടുണ്ട്. തലയിൽ ദ്രാവകം കെട്ടിനിൽക്കുന്ന ഹൈഡ്രോസഫാലസ് (hydrocephalus) എന്ന അവസ്ഥയായിരുന്നു. രണ്ട് വയസായപ്പോഴാണ് സാധാരണ കുട്ടികൾക്കുള്ള പോലെ ഒരു വളർച്ച അവൾക്കില്ലെന്ന് കാണുന്നത്. തൃശ്ശൂരിലെ ആശുപത്രിയിലാണ് കാണിച്ചത്. ഒരുപാട് ടെസ്റ്റുകൾ നടത്തി. പരിശോധനയ്ക്കായി രക്തം എടുത്ത് എടുത്ത് ഒടുക്കം രക്തം കിട്ടാത്ത അവസ്ഥ വരെയായി. അവൾക്ക് ലാരോൺ ഡ്വാർഫിസം എന്ന അവസ്ഥയാണെന്ന് (laron dwarfism) അതിൽ നിന്ന് കണ്ടുപിടിക്കാനായി. അവളുടെ ചിത്രങ്ങളും മറ്റും കാണുമ്പോൾ ആർക്കും അത് പെട്ടെന്ന് മനസിലാവില്ല. എന്നാൽ അവളുടെ പ്രായമുള്ള ഒരു കുട്ടിയുടെ അടുത്ത് നിർത്തിയാൽ അവളവരുടെ പകുതിയേ ഉള്ളൂ. 74.5 സെന്റിമീറ്ററാണ് അവളുടെ ഉയരം. എട്ട് കിലോ ഭാരമേയുള്ളൂ.
ഇൻസുലിൻ ഗ്രോത്ത് ഫാക്ടർ കുറവാണ് അവളുടെ ശരീരത്തിൽ. അത് കുത്തിവയ്ക്കുകയേ പ്രതിവിധിയുള്ളൂ എന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനുള്ള മരുന്ന് ഇന്ത്യയിൽ ലഭ്യമല്ല. വിദേശത്തു നിന്ന് എത്തിക്കണം. ഒരു പതിനാറ് വയസ് വരെ തുടർച്ചയായി എടുക്കേണ്ട ഹോർമോൺ ഇഞ്ചക്ഷൻ ആണ്. പക്ഷേ അത് ഒരു ഡോസിന് ഏതാണ്ട് അരലക്ഷം രൂപ ചെലവ് വരും. ഞങ്ങളെ സംബന്ധിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാനാവാത്ത തുകയാണ് അത്. അതുകൊണ്ട് തന്നെ ഇപ്പോൾ അവളുടെ ചികിത്സ നിർത്തിവച്ചിരിക്കുകയാണ്.
പഠിക്കാനോ സംസാരിക്കാനോ മറ്റുള്ള കാര്യങ്ങൾ ചെയ്യുന്നതിലോ ഒന്നും അവൾക്ക് ഒരു പ്രശ്നവുമില്ല. ഭയങ്കര ആക്ടീവാണ് എല്ലാ കാര്യങ്ങളിലും. അവൾക്ക് അഞ്ച് വയസായെന്ന് പറഞ്ഞാൽ ആണ് ആളുകൾക്ക് അത്ഭുതം തോന്നുക. രണ്ട് വയസായിട്ടേയുള്ളൂ എന്ന് പറഞ്ഞാൽ വിശ്വസിക്കുകയും ചെയ്യും.
ഏത് അച്ഛനമ്മമാരും മക്കൾക്ക് കഥയും പാട്ടുകളുമെല്ലാം പറഞ്ഞു കൊടുക്കുമല്ലോ. ഞങ്ങളും അതുപോലെ തന്നെയാണ്. ഭക്ഷണം കൊടുക്കുമ്പോഴും മറ്റുമെല്ലാം പറഞ്ഞുകൊടുത്ത കഥകളും പാട്ടുമെല്ലാം കേൾക്കാൻ അവൾക്ക് വലിയ ഇഷ്ടമാണ്. അത് കേട്ടാണ് അവൾ ഓരോന്നും പഠിച്ചിട്ടുള്ളത്. ഈ വൈറലായ വീഡിയോകളിൽ പറയുന്നതെല്ലാം അങ്ങനെ പഠിച്ചെടുത്തതാണ്. അതെല്ലാം അവൾക്ക് വലിയ ഇഷ്ടമുള്ള കാര്യങ്ങളാണ്. ഇപ്പോൾ ഒരു യൂട്യൂബ് ചാനലും അവളുടെ പേരിൽ തുടങ്ങിയിട്ടുണ്ട്.
സ്കൂളിലും എല്ലാ കാര്യങ്ങളിലും ഭയങ്കര ആക്ടീവ് ആണ്. ക്ലാസിലും ഫസ്റ്റാണ്. എത്ര വയ്യെങ്കിലും സ്കൂളിൽ പോവണം അവൾക്ക്. ഒടുവിൽ തീരെ വയ്യെന്ന് ടീച്ചർ വിളിച്ച് പറയുമ്പോൾ ഞാൻ ചെന്ന് കൂട്ടികൊണ്ടുവരും. ഇപ്പോഴത്തെ ഈ കൊറോണ സാഹചര്യത്തെക്കുറിച്ച് അവൾക്ക് നല്ല അറിവുണ്ട്. അതിനെ കുറിച്ച് ചെയ്ത ഒരു വീഡിയോയും ഇതേ പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വീട്ടിലെ കാര്യങ്ങൾ ചെയ്യാനും മോൾക്ക് വലിയ ഇഷ്ടമാണ്. അടിച്ച്വാരുക, തുടക്കുക, അവളുടെ ചെറിയ തുണികൾ അലക്കുക, ഇതൊക്കെ വലിയ ഇഷ്ടമുള്ള കാര്യങ്ങളാണ്. ഈ പ്രായത്തിലുള്ള ഏത് കുട്ടിക്കും ഉണ്ടാകുന്ന വാശിയേ മോൾക്കും ഉള്ളൂ.
അവളുടെ വീഡിയോകൾ കണ്ട് കുറേ പേർ അവളെ സ്നേഹിക്കുന്നുണ്ട്. അത് വലിയ അനുഗ്രഹമാണ്. നെഗറ്റീവ് കമന്റുകളും കാണാറുണ്ട്. അത് എല്ലാ കാര്യത്തിലും കാണറുണ്ടല്ലോ. അത്തരം കമന്റുകളൊന്നും ശ്രദ്ധിക്കാതിരിക്കാനാണ് ശ്രമിക്കാറുള്ളത്. ഞങ്ങൾ അവളെക്കൊണ്ട് ഓരോന്ന് പറഞ്ഞു ചെയ്യിക്കുകയാണെന്നാണ് ചില ആരോപണം. മക്കൾക്ക് അച്ഛനമ്മമാർ തന്നെയല്ലേ ഓരോന്ന് പറഞ്ഞു കൊടുത്ത് പഠിപ്പിച്ചെടുക്കുക. അല്ലാതെ ആരും വളർന്നു വരില്ലല്ലോ. മോളുടെ ചികിത്സയുടെ കാര്യത്തിന് ഒരു വീഡിയോ ചെയ്യാമെന്ന് ഒക്കെ ചില നിർദേശങ്ങൾ വന്നിരുന്നു. പക്ഷേ അതിനും ഇതേപോലെ നെഗറ്റീവ് കമന്റുകൾ ഉണ്ടാവുമെന്ന് കരുതിയാണ് മടിച്ചിരുന്നത്. ഞങ്ങൾ അവളെ വച്ച് കാശുണ്ടാക്കുകയാണെന്ന് വർത്തമാനം വരും. അതുകൊണ്ട് തന്നെ ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.

അവളുടെ പല വീഡിയോകളും കണ്ട് നമ്പർ തപ്പിയെടുത്ത് എന്നെ വിളിച്ചവരുണ്ട്. മോൾക്ക് ഒരു സമ്മാനം കൊടുക്കാനാണ് അക്കൗണ്ട് നമ്പർ അയച്ചു തരൂ എന്ന് പറഞ്ഞ്. അവരാരും തന്നെ മോളുടെ അവസ്ഥ അറിഞ്ഞ് വിളിക്കുന്നവരല്ല. എങ്കിലും അവരോടൊക്കെ ഞങ്ങൾ പറഞ്ഞത് നിങ്ങളുടെ പ്രാർഥനയും അനുഗഗ്രഹവും എന്റെ മോൾക്ക് ഉണ്ടാകണം എന്നാണ്. അല്ലാതെ വേറൊന്നും വേണ്ട എന്നാണ്.
എന്നാൽ ഞങ്ങൾക്ക് എല്ലാവിധ സഹായവും പിന്തുണയും തരുന്ന ഒരു മാഷുണ്ട്. ഇങ്ങനെ അക്കൗണ്ട് നമ്പർ പലരും ചോദിക്കുമ്പോഴും സഹായങ്ങൾ പറയുമ്പോഴും അദ്ദേഹം പറഞ്ഞത് ചിലപ്പോൾ അവളുടെ ചികിത്സയ്ക്കും മറ്റുമായി ദൈവം കാണിച്ചു തരുന്ന വഴിയായിരിക്കാം അതെന്നാണ്. അങ്ങനെയാണെങ്കിൽ അതാവട്ടെ..."
കൃഷ്ണവേണിയുടെ അച്ഛന്റെ വിലാസം: JAYAN. K. K. Account. SBI. Kodaly. Branch :no:67198249011 IFSC-SBIN0070736
Jayan phone number 8590797022
Content Highlights : Viral Singer Krishnaveni Larone Dwarfism kid little Singer