1993 ഡിസംബറിലാണ് ആകാശവാണി കോഴിക്കോട് നിലയത്തിലെ ശ്രോതാക്കള്‍ ഒരു പുതിയ സ്വരം കേട്ടു. പാരമ്പര്യത്തിന്റെ പ്രൗഢിയും പുതുകാലത്തിന്റെ പ്രസരിപ്പും ആവാഹിച്ച ഒരു സ്വരം. അതവരുടെ ഹൃദയത്തിലാണ് വന്ന് തൊട്ടത്. സ്റ്റുഡിയോയില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റുകളായും പരിപാടികളിലെ വിവരണങ്ങളായും തത്സമയ പ്രക്ഷേപണത്തിന്റെ അവതാരകയായും അവിടുന്നിങ്ങോട്ട് ആ സ്വരത്തിന്റെ ഉടമയായ വി. പ്രീത എന്ന സ്റ്റാഫ് അനൗണ്‍സര്‍ കേള്‍വിക്കാരുടെ പ്രിയപ്പെട്ട് പ്രീത ചേച്ചിയായി. 28 വര്‍ഷത്തിന് ശേഷം ശ്രോതാക്കള്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു പിടി നല്ല ഓര്‍മകള്‍ നല്‍കിയിട്ടാണ് പ്രീതചേച്ചി ആകാശവാണിയുടെ പടിയിറങ്ങുന്നത്. 

ഗാനമാലിക, സിനിമാ സല്ലാപം, എഫ്.എം ചോയ്‌സ്, സ്‌നേഹപൂര്‍വ്വം, സഹയാത്രിക, വനിതാവേദി, കിഞ്ചന വര്‍ത്തമാനം, കഥാനേരം, ഫോണ്‍ ഇന്‍  ഇഷ്ടഗാനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളിലൂടെ കേള്‍വിക്കാരെ ആകര്‍ഷിച്ച ആ സ്വരം ഏറ്റവും കൂടുതല്‍ കാലം അവതരിപ്പിച്ച പരിപാടി, 2003-ല്‍ ആരംഭിച്ച് ,18 വര്‍ഷമായി  പ്രക്ഷേപണം തുടരുന്ന ദില്‍ സേ ദില്‍ തക്ക് ആണ്. മന്നാഡേ, രവിബോംബേ, പ്യാരേലാല്‍, ഖയ്യാം, അമീന്‍ സയാനി തുടങ്ങിയ പ്രശസ്തര്‍ മുതല്‍ സാധാരണക്കാര്‍ വരെ തങ്ങളുടെ പ്രിയ ഗാനങ്ങള്‍ അവതരിപ്പിച്ച ഈ പരമ്പര പോലൊന്ന് മറ്റെവിടെയും കാണില്ല. മുഹമ്മദ് റഫി എന്ന മഹാഗായകനെ പറ്റി മാത്രം 30-ലേറെ ഭാഗങ്ങളുള്ള പരിപാടിയാണ് പ്രീത ചെയ്തത്.

മലയാള പ്രക്ഷേപണ ചരിത്രത്തിലെ ഒരു നേട്ടവും പ്രീതയുടെ പേരിലാണ്, ശബരിമലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ആദ്യ വനിതാ മാധ്യമ പ്രവര്‍ത്തക എന്ന നേട്ടം. ദേശീയോദ്ഗ്രഥനത്തിനുള്ള ലാസാ കൗള്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ രണ്ട് ആകാശവാണി ദേശീയ പുരസ്‌ക്കാരങ്ങള്‍, മികച്ച പ്രക്ഷേപകയ്ക്കുള്ള റോട്ടറി വൊക്കേഷണല്‍ എക്‌സ്‌ലന്‍സ് അവാര്‍ഡ്, മൊയ്തു മൗലവി സ്മാരക അക്ഷരം പുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഇരുപത്തെട്ട് വര്‍ഷം മുമ്പ്

പണ്ട് എന്നെ കാണുമ്പോള്‍ പലരും പറഞ്ഞിരുന്നത് 'പ്രീത ചേച്ചി പരിപാടി ഞങ്ങള്‍ കേള്‍ക്കാറുണ്ട് എന്നാണ്, ഇപ്പോള്‍ അടുത്തതലമുറ ചേച്ചീ ഞങ്ങളുടെ അമ്മമ്മ ചേച്ചിയുടെ പരിപാടി കേള്‍ക്കാറുണ്ട്' എന്നാണ്. അത്രയും നീണ്ട കാലഘട്ടം കഴിഞ്ഞിരിക്കുന്നു. മുപ്പത്തൊന്നാമത്തെ വയസ്സിവലാണ് ഞാന്‍ ആകാശവാണിയില്‍ ജോയിന്‍ ചെയ്യുന്നത്. അതുവരെ ഒരു കോളേജില്‍ ഇംഗ്ലീഷ് അധ്യാപികയായിരുന്നു. കോഴിക്കോടുകാരിയല്ലെങ്കിലും ഇവിടെ മരുമകളായി എത്തി സെറ്റിലായി. ആ സമയത്താണ് കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സര്‍മാരെ വിളിക്കുന്നത്. എനിക്കാണെങ്കില്‍ സംസാരിക്കാന്‍ വലിയ ഇഷ്ടമായിരുന്നു, പിന്നെ മലയാളത്തോടുള്ള ഭയങ്കര താല്‍പര്യവും. അങ്ങനെയാണ് ഇതിലേക്ക് അപേക്ഷ അയക്കുന്നതും ജോലി കിട്ടുന്നതും.

അകാലത്ത് ആകാശവാണിയിലെ അനൗണ്‍സര്‍ എന്നാല്‍ ഒരു ഹീറോ പരിവേഷമാണ്. വലിയ ഗ്ലാമറും താരപദവിയും തന്നെ. പരീക്ഷയും ഇന്റര്‍വ്യൂവും എല്ലാം കഴിഞ്ഞ് ജോലി കിട്ടിയതും കോഴിക്കോട്ട്. എല്ലാ താല്‍പര്യങ്ങളും ഒത്തുവന്നതോടെ കണ്ണുമടച്ച് ജോലിക്കെത്തി. 

കോഴിക്കോട് ആകാശവാണിയില്‍ ഇന്‍ര്‍വ്യൂവിന് എത്തുമ്പോള്‍ തന്നെ ഒരു അഭിമാനമായിരുന്നു മനസ്സില്‍. എത്രയോ മഹാന്മാര്‍ വന്നുപോയ ഇടമാണ്. മ്യൂസിക്ക് സ്റ്റുഡിയോ ഒക്കെ കണ്ടപ്പോള്‍ പ്രത്യേകിച്ചും. ഇവിടെയാണ്  ചെമ്പൈസ്വാമികള്‍ വന്ന് പാട്ട് റെക്കോഡ് ചെയ്തിട്ടുള്ളത്. ഇവിടെയാവും കക്കാട് മാഷ് കവിത വായിച്ചിട്ടുള്ളത്. ഇവിടെയാവും രാഘവന്‍ മാഷ് കംപോസ് ചെയ്തിട്ടുണ്ടാവുക. ഇതൊക്കെയാണ് മനസ്സില്‍ വരുക. എന്റെ കാലഘട്ടത്തില്‍ ആ അനുഭവങ്ങളൊക്കെ വലിയ കാര്യങ്ങളായിരുന്നു. സന്തോഷമോ അഭിമാനമോ അഹങ്കാരമോ എല്ലാം ഉണ്ടായിരുന്നു ഇവിടേക്ക് വരുമ്പോള്‍. 

ഇന്നും മൈക്കിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു വിറയലാണ്. ജോലിയോടുള്ള ആ എക്‌സൈറ്റമെന്റാവാം അത്. എന്റെ ജോലി എനിക്ക് മടുത്തിട്ടില്ല എന്നതിന് തെളിവല്ലേ അത്. 

v preetha

മറക്കാനാവില്ല

ശബരി മലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ആദ്യത്തെ വനിതാ മാധ്യമപ്രവര്‍ത്തക എന്ന അംഗീകാരം ഞാന്‍ പോലും ഓര്‍ക്കാതെ എന്നെ തേടി വന്ന ഒന്നാണ്. അവിടേക്ക് പോകുന്ന സമയത്ത് ഞാനെന്നല്ല ആരും അങ്ങനെയൊന്ന് ചിന്തിച്ചിരുന്നില്ല. ഞാനൊരു വിശ്വാസിയാണ്, ഇതെല്ലാം ഒരു നിയോഗമാണെന്ന് കരുതാനാണ് എനിക്ക് ഇഷ്ടം. എല്ലാ സ്‌റ്റേഷനില്‍ നിന്നും ഒരാള്‍ക്ക് പോകാം എന്ന് പറഞ്ഞപ്പോള്‍ ഒന്നും ആലോചിക്കാതെയാണ് ഞാന്‍ റെഡിയാണെന്ന് പറഞ്ഞത്. പക്ഷേ അവിടെയെത്തിയപ്പോള്‍ ആകെ ഒരു പന്തികേട്, എല്ലാവരും വന്ന് വലിയ പരിഭ്രമത്തോടെ നോക്കുന്നു. പിന്നെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. ആദ്യമായാണ് ഒരു വനിതാ മാധ്യമപ്രവര്‍ത്തക ശബരിമലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന്. പിന്നെ അത് വാര്‍ത്തയായി, ഞാന്‍ താരമായി. 

മറക്കാനാവാത്ത മറ്റൊന്ന് ലൈവ് പ്രോഗ്രാമുകളാണ്. ചിലരോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്ന അനുഭവങ്ങള്‍ ഉണ്ടാവുന്ന ഞെട്ടലുകളൊക്കെ ഭീകരമാണ്. ഒരിക്കല്‍ ഒരു സ്ത്രീ വിളിച്ചു. അവരുടെ അച്ഛന്‍ മരിച്ചിട്ട് ഒരു മാസമായതേ ഉണ്ടായിരുന്നുള്ളു. 'കഴിഞ്ഞ നാല് അഞ്ച് കൊല്ലമായി അച്ഛന്‍ ചേച്ചിയുടെ പ്രോഗ്രാം കേള്‍ക്കുന്നു, വിളിക്കാന്‍ ശ്രമിക്കുന്നു. കിട്ടിയതേ ഇല്ല. പിന്നെ ഇപ്പോള്‍ ആദ്യമായാണ് കിട്ടുന്നത്, അച്ഛന്‍ മരിച്ചു കഴിഞ്ഞ്. എനിക്ക് കിട്ടി, അച്ഛന് കിട്ടിയതേ ഇല്ല.' അവര് അത് പറഞ്ഞു കരയുകയായിരുന്നു. ഗൂഡല്ലൂര് നിന്നോ മറ്റോ ആണ് അവര്‍ വിളിച്ചത്. വലിയ ഷോക്കാവും അതൊക്കെ കേള്‍ക്കുമ്പോള്‍. തിരിച്ച് എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പറ്റും. ആളുകള്‍ മനസ്സു തുറക്കാന്‍ ഒരിടം തേടിയാണ് ഇത്തരം പരിപാടികളില്‍ വിളിക്കുന്നതെന്ന് തോന്നും. 

ഒരിക്കല്‍ 'എന്നെ ശബ്ദം കൊണ്ട് ബ്രെയിന്‍വാഷ് ചെയ്തു, വീട്ടിലെ സമാധാനമൊക്കെ നഷ്ടപ്പെട്ടു അവരെ അറസ്റ്റ് ചെയ്യണം' എന്ന് പറഞ്ഞ് ഒരാള്‍ ഇവിടെ വന്നു. അയാള്‍ക്ക് ഉറക്കം കിട്ടുന്നില്ലെന്നാണ് പരാതി. അന്ന് ഓഫീസിലെല്ലാവരും കൂടി എങ്ങനെയൊക്കയോ അയാളെ സമാധാനിപ്പിച്ചു എന്നെ രക്ഷപ്പെടുത്തി. 

മഹാരഥന്മാര്‍

എത്രയോ മഹാന്‍മാരായ വ്യക്തികളെ അടുത്തുനിന്നുകാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഒപ്പം പരിപാടികള്‍ ചെയ്യാന്‍ പറ്റി. ആകാശവാണി തന്ന അനുഗ്രഹമാണ് അതൊക്കെ.  ശെമ്മങ്കുടി ശ്രീനിവാസ അയ്യര്‍, ഡോ. ബാലമുരളീ കൃഷ്ണ, കുന്നക്കുടി വൈദ്യനാഥന്‍...  തിരിഞ്ഞു നോക്കുമ്പോള്‍ ആകാശവാണി ആയതുകൊണ്ട് മാത്രം സാധിച്ച കാര്യങ്ങളാണ് ഈ മഹത് വ്യക്തികള്‍ക്കൊപ്പം പരിപാടികള്‍ ചെയ്യാന്‍ കഴിഞ്ഞത്. ആകാശവാണിയില്‍ നിന്നാണ് എന്ന് പറഞ്ഞ് ആരെ വിളിക്കുമ്പോഴും അതിനെന്താ നമുക്ക് ചെയ്യാമല്ലോ എന്ന മറുപടി അല്ലാതെ നോ എന്ന് കള്‍ക്കേണ്ടി വന്നിട്ടേയില്ല. 

മറ്റൊരു സന്തോഷം ദാസേട്ടനെ രണ്ട് മൂന്ന് തവണയില്‍ കൂടുതല്‍ ലൈവില്‍ കൊണ്ടുവരാനായി എന്നതാണ്. അദ്ദേഹത്തിന്റെ 75-ാം പിറന്നാള്‍, 80-ാം പിറന്നാള്‍, മൂകാംബികയില്‍ നിന്ന് നേരിട്ട് ഫോണ്‍ ഇന്‍ പ്രോഗ്രാം... എല്ലാം വലിയ അനുഗ്രഹങ്ങളാണ്.

ദില്‍ സേ ദില്‍ തക്ക് 

ആകാശവാണി എഫ്.എം. വന്നപ്പോള്‍ തന്നെ ഈ ഒരു പരിപാടി മനസ്സിലുണ്ടായിരുന്നു. ഹിന്ദിപ്പാട്ടുകള്‍ക്കു വേണ്ടി ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യാം എന്ന്. പതിനെട്ട് വര്‍ഷം തുടര്‍ച്ചയായി ചെയ്തു എന്നത് മാത്രമല്ല ഒരേ സ്‌പോണ്‍സര്‍ തന്നെ ഇത്രയും വര്‍ഷം സ്‌പോണ്‍സര്‍ ചെയ്ത പരിപാടിയും ദില്‍ സേ ദില്‍ തക്കായിരിക്കും. ആ ആശയം ഞാന്‍ പറഞ്ഞപ്പോഴേ എല്ലാവരും സമ്മതിക്കുകയായിരുന്നു. ദില്‍ സേ ദില്‍ തക്ക് എന്ന പേര് നിര്‍ദ്ദേശിച്ചതും ആദ്യം പാട്ടുകളും അവയുടെ പിന്നിലെ കഥകളും എല്ലാം കണ്ടെത്തിയതും ഒക്കെ ഞാനായിരുന്നു. ദില്‍ സേ ദില്‍ തക്കിന്റെ പേരില്‍ രണ്ട് സ്റ്റേജ് ഷോ നടത്തി. അത് വലിയ വലിയ വിജയമായിരുന്നു. അന്ന് മറ്റൊരു അറിയിപ്പും ഞങ്ങള്‍ നല്‍കിയിരുന്നില്ല, ആകാശവാണിയിലൂടെ ഇങ്ങനെ ഒരു പരിപാടി ഉണ്ടെന്ന് മാത്രം അറിയിച്ചു. എന്നാല്‍ അന്ന് ടാഗോര്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞത്ര ആള്‍ക്കാര്‍ ഉണ്ടായിരുന്നു, ആ പരിപാടിക്ക്.

സംഗീതരംഗത്തെ പ്രമുഖരില്‍ പലരെയും ദില്‍ സേ ദില്‍ തക്കില്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും വലിയ അനുഭവമായി. ഒരിക്കല്‍ മന്നാഡെ സാബിനെ അദ്ദേഹത്തിന്റെ ഒരു പിറന്നാളിന് ഞാന്‍ വിളിച്ചു. എന്തൊരു അത്ഭുതമായിരുന്നു അദ്ദേഹത്തിന്. സൗത്ത് ഇന്ത്യയില്‍ ഏതോ മൂലയിലുള്ള കോഴിക്കോടെന്ന സ്ഥലത്ത് ഇങ്ങനെയൊരു ഹിന്ദി പ്രോഗ്രാം ചെയ്യുന്നുണ്ട് എന്നത് തന്നെ അദ്ദേഹത്തിന് അത്ഭുതമായിരുന്നു. ഒരു എപ്പിസോഡിനുള്ള അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പാട്ടുകളെല്ലാം അന്ന് സാബ് പറഞ്ഞു തന്നു. അതുപോലെ ലക്ഷീമീകാന്ത് പ്യാരേലാല്‍ ടീമിലിലെ പ്യാരേലാല്‍, രവി ബോംബെ, ഇവരോടെല്ലാം സംസാരിക്കാനും പ്രിയഗാനങ്ങള്‍ കേള്‍വിക്കാര്‍ക്ക് നല്‍കാനും കഴിഞ്ഞു. 

സഹയാത്രിക

സ്ത്രീകള്‍ക്ക് വേണ്ടി മാത്രമുള്ള പരിപാടിയായിരുന്നു സഹയാത്രിക. ഞാന്‍ ഒറ്റയ്ക്കായിരുന്നില്ല. അശ്വതി എന്ന ഒരു അവതാരക കൂടി എന്റെ ഒപ്പം ഉണ്ടായിരുന്നു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ഒരിടം. അതിലൂടെ ചെറിയ ഉപദേശങ്ങള്‍. ഹലോ എന്ന് പറയുമ്പോഴേ പലരും പറഞ്ഞു തുടങ്ങും. വീട്ടിലെ കാര്യങ്ങള്‍, മനസ്സില്‍ കൊണ്ട് നടന്ന കാര്യങ്ങള്‍, സന്തോഷങ്ങള്‍, സങ്കടങ്ങള്‍.. അങ്ങനെ എല്ലാം. ഉപദേശങ്ങള്‍, ടിപ്പുകള്‍, ബ്യൂട്ടി, ആരോഗ്യം.. ഇതൊക്കെ വലിയ വിദഗ്ധരല്ലെങ്കിലും ഞങ്ങള്‍ അത് നന്നായി ചെയ്തു എന്നാണ് എന്റെ വിശ്വാസം. ഒരു മണിക്കൂര്‍  പ്രോഗ്രാമായിരുന്നു. പ്രോഗ്രാമുകള്‍ ഒരു മണിക്കൂര്‍ ഉണ്ടെങ്കിലും വേഗം തീര്‍ന്ന പോലും തോന്നും. അതിപ്പോള്‍ ഈ ജീവിതം ഇങ്ങനെ തന്നെ തുടര്‍ന്ന് പോകും എന്നല്ലേ ഞാന്‍ കരുതിയത്. എന്നാലിപ്പോള്‍ റിട്ടയര്‍മെന്റ് എത്തിയില്ലെ... ചിരിയില്‍ ചെറിയൊരു സങ്കടത്തോടെ പ്രീത ചോദിക്കുന്നു.   

എനിക്ക് ഈ ജീവിതവും ഇവിടവും മിസ്സ് ചെയ്യും. എനിക്കറിയാം, നല്ല സങ്കടവുമുണ്ട് പോകുന്നതില്‍. പക്ഷേ കാലത്തിന്റെ അനിവാര്യതയല്ലേ. ഞാനൊരു സിനിമാ പ്രാന്തിയാണ്. അതുകൊണ്ട് Show must go on എന്ന് പറയാനാണ് ഇഷ്ടം. 

മെയ് മുപ്പത്തൊന്നിന് എല്ലാവര്‍ക്കും പ്രിയപ്പെട്ട പ്രീത ചേച്ചി ആകാശവാണിയുടെ പടിയിറങ്ങും ഇനി കുടുംബത്തോടൊപ്പം എന്നാണ് സ്വപ്‌നങ്ങളെ പറ്റി ചേച്ചിയുടെ മറുപടി. ജലവിഭവ വകുപ്പില്‍ നിന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയറായി വിരമിച്ച പി.ഗോപിനാഥനാണ് ഭര്‍ത്താവ്. മകള്‍ അഞ്ജന, മരുമകന്‍ സജിത്ത് ഭാസ്‌ക്കര്‍. പേരക്കുട്ടി പ്രയാഗ്. 

Content Highlights: V. Preetha AIR Kozhikode program announcer life story