സ്‌നേഹമുള്ള വീടുകള്‍ ഒരു രസമാണ്. അവിടെ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഇടപെടലുകളില്‍ ആ സ്‌നേഹം തലനീട്ടും. അതിഥികള്‍ പോലും അതിന്റെ രസമറിയും. ശ്വേതാ മേനോന്റെ വീടിനും അങ്ങനെയൊരു സ്പാര്‍ക്ക് ഉണ്ട്. സബൈന എന്ന കൊച്ചുസുന്ദരിക്ക് ചുറ്റും കറങ്ങുമ്പോഴും അത് ശ്വേതാ മേനോനെയും കൂട്ടുകാരന്‍ ശ്രീവല്‍സനെയും പതിനേഴുകാരാക്കി നിര്‍ത്തി. എന്നാലും ഇത്തിരി സങ്കടമുള്ള സമയമായിരുന്നു അത്. ശ്വേതയുടെ അച്ഛന്‍ പോയിട്ട് ഒരു മാസം. ഓര്‍മകള്‍ ബാക്കിയാണ്. 

ഏറ്റവും അടുപ്പം അച്ഛനോടായിരുന്നോ?
അച്ഛനോട് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട് എനിക്ക്. പക്ഷേ ഇപ്പോ ഓര്‍ക്കുമ്പോ അതെല്ലാം സ്‌നേഹമായി മാറുന്നു. ജീവിതത്തില്‍ എനിക്കു തെറ്റുപറ്റിയിട്ടുണ്ട്. അച്ഛനായിരുന്നു ശരി. 

എന്തു തെറ്റാണ് പറ്റിയത്? 
ഒരേ ഒരു തെറ്റ്. എന്റെ ആദ്യ വിവാഹം. അതിലെന്തോ കുഴപ്പമുണ്ടെന്ന് എനിക്കു മനസ്സിലാവുംമുമ്പേ അച്ഛന്‍ മനസ്സിലാക്കിയിരുന്നു. എനിക്കോര്‍മയുണ്ട് എന്‍ഗേജ്‌മെന്റിന്റെ അന്ന് അച്ഛനെന്നെ കാണാന്‍ വന്നു. ഞാന്‍ ഒരുങ്ങുകയായിരുന്നു. അച്ഛന്‍ കുറേനേരം നോക്കി നിന്നു. ഞാന്‍ പറഞ്ഞു, ''പുറത്തെല്ലാരും കാത്തു നില്‍ക്കുന്നുണ്ടാവും, അച്ഛന്‍ ചെല്ലൂ..'' അച്ഛന്‍ തലചെരിച്ച് എന്നെ നോക്കി, ''നിനക്ക് ഒന്നും സംസാരിക്കണ്ട എന്നോട്? '' എന്നെ പ്രയാസപ്പെടുത്താതെ, എന്നാല്‍ കരുതലോടെയുള്ള ചോദ്യം. ഞാനൊന്നും പറഞ്ഞില്ല. അച്ഛന്‍ പതുക്കെ പുറത്തിറങ്ങി. എന്റെ ബ്യൂട്ടീഷ്യന്‍ എന്നോടു പറഞ്ഞു, ''ശ്വേതാജിയുടെ വായില്‍നിന്ന് എന്തോ കേള്‍ക്കാന്‍ വേണ്ടിയാണ് അച്ഛന്‍ നിന്നത്..'' അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞു, ''ഒരു വാക്കു നീ അന്ന് പറഞ്ഞിരുന്നെങ്കില്‍ അച്ഛന്‍ ആ കല്യാണം തടഞ്ഞേനേ..'' പേടിയാവുന്നു എന്നെങ്കിലും പറയാമായിരുന്നു. പറഞ്ഞില്ല. ശരിയാണ് ചെയ്യുന്നതെന്ന് ഞാന്‍ വിചാരിച്ചു. 

ആ വിവാഹത്തിന് പിന്നെ എന്തു സംഭവിച്ചു?
അത് കല്യാണം കഴിഞ്ഞ ദിവസംതന്നെ പൊട്ടി. ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരുമാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെപോയി. നാലഞ്ചു മാസം കഴിയുേമ്പാ പിന്നെയും വരും. ഏഴുവര്‍ഷം പ്രേമിച്ചവരാണ്‌ ഞങ്ങള്‍. എന്നിട്ടും കക്ഷി കഞ്ചാവ് വലിക്കുന്നതുപോലും എനിക്ക് മനസ്സിലായിരുന്നില്ല. മുംബൈയില്‍ ആ സമയത്ത് ബോബിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍! വാതില്‍ ചവിട്ടി പൊളിക്കുന്നു, പത്രക്കാര്‍ കൂടുന്നു..ആദ്യമായി ഞാന്‍ അച്ഛനോട് പറഞ്ഞു കരഞ്ഞു.

അച്ഛന്‍ ഒച്ചയുയര്‍ത്തി, ''ഷട്ടപ്പ്. നീ ഈ പറയുന്നതിന് ഇപ്പോ പ്രസക്തിയുമില്ല. അന്നു പറഞ്ഞിരുെന്നങ്കില്‍ എന്തും ചെയ്യാമായിരുന്നു. അവന്‍ ചെയ്യുന്നത് ക്രൈമാണ്. പക്ഷേ അതില്‍ നിനക്കുമുണ്ട് പങ്ക്.'' ഞാന്‍ അന്തം വിട്ടു. എത്രയോ അച്ഛന്‍മാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യുന്നു. എന്തൊരു അച്ഛനാണിത്! അച്ഛന്‍ പറഞ്ഞു, ''നിന്റെ ഇമോഷനനുസരിച്ച് തുള്ളാനുള്ളതല്ല ഞാന്‍. ഞാന്‍ നിന്റെ അച്ഛനാണ്. ഐ ഷുഡ് ഷോ യു ദ മിറര്‍.'' അന്ന് ഞാന്‍ അച്ഛനെ വീണ്ടും വെറുത്തു. ഇന്നു നോക്കുമ്പോള്‍, അച്ഛനായിരുന്നു ശരി. 

Swetha

അച്ഛന്‍ ശാസിച്ചാണോ വളര്‍ത്തിയത്?
ഒരു പ്രായം വരെ. അതുവരെ നന്നായിട്ട് അടിയൊക്കെ കിട്ടിയിട്ടുണ്ട്. ആദ്യം അമ്മേടടുത്തുന്നായിരുന്നു. ഒരു പ്രായമായപ്പോ അമ്മയ്ക്കു തോന്നി, 'ഇവള്‍ ഇനി എന്റെ കൈയില്‍ നില്‍ക്കില്ല..' അപ്പോപ്പിന്നെ അച്ഛന്‍ ഏറ്റെടുത്തു. അതുവരെ എന്റെ ഹീറോ ആയിരുന്നു അച്ഛന്‍. അടിക്കാന്‍ തുടങ്ങിയപ്പോ ശത്രുവായി.

പക്ഷേ ടീന്‍ഏജിലെത്തിയപ്പോഴേക്കും അച്ഛന്‍ വീണ്ടും ഫ്രന്റായി മാറി. അപ്പോഴേക്കും ഭയം ഉള്ളില്‍ കയറ്റാന്‍ അച്ഛനു കഴിഞ്ഞല്ലോ. പിന്നീടുളള എല്ലാ തീരുമാനങ്ങളും അച്ഛന്‍ എനിക്കു വിട്ടുതന്നു. സാമ്പത്തിക കാര്യങ്ങളില്‍പോലും ഇടപെട്ടില്ല. ചിലരുണ്ടല്ലോ മക്കളുടെ സമ്പാദ്യമെടുത്ത് അവര്‍ക്കുവേണ്ടിത്തന്നെ വല്ലതുമൊക്കെ വാങ്ങിച്ചിടുന്നവര്‍. അച്ഛന്‍ അങ്ങനെപോലും ചെയ്തില്ല. ചിലപ്പോ ശ്രീ പറയും, ''ഒരു ദൂരദര്‍ശി ഇല്ലാത്ത ആള്. ഒന്നും ഉണ്ടാക്കിെവച്ചില്ല...''

ശ്വേത ശ്രീവല്‍സനെ നോക്കി കണ്ണിറുക്കി. 'ദൂരദര്‍ശി' പോലത്തെ ചില വാക്കുകള്‍ പിന്നെയും വന്നു; മുംബൈ  ഹാങ് ഓവര്‍!

സിനിമയില്‍ വന്നപ്പോള്‍ അച്ഛന്‍ എന്തു പറഞ്ഞു?
അച്ഛന്‍ അതില്‍ ഇടപെട്ടതേയില്ല. അനശ്വരത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്കു പതിനേഴു വയസ്സായിരുന്നു. അച്ഛന്‍ റിട്ടയറായി. പക്ഷേ എനിക്ക് പണം കിട്ടുന്നുണ്ട്. ആ അഹങ്കാരത്തിലാണ് ഞാന്‍. അതിനിടെ ഷൂട്ടിന്റെ ബ്രേക്കില്‍ ഒരു ദിവസം ഞാന്‍ വീട്ടില്‍ വന്നു. അമ്മ അടുക്കളയിലാണ്. ഞാന്‍ വിളിച്ചു, ''അമ്മാ..എനിെക്കാരു ചായ വേണം..'' അമ്മ ചായയെടുത്തു പതുക്കെ വരുന്നു. അതുകണ്ട് അച്ഛന്‍ ബെഡ്‌റൂമില്‍നിന്ന് എഴുന്നേറ്റു വന്നു പറഞ്ഞു,  ''ശാരദേ..അത് തിരിച്ചുകൊണ്ടു പോ.'' എന്നിട്ട് എന്നെ നോക്കി. ''അത് സെറ്റില്‍ പറഞ്ഞാല്‍ മതി. ഇതേയ്, എന്റെ ഭാര്യയാണ്. വേണമെങ്കില്‍ നീ പോയി ഉണ്ടാക്കി കുടിക്ക്...'' അവിടെ തീര്‍ന്നു എന്റെ ഹീറോയിനിസം!

എനിക്ക് ആദ്യെത്ത അവാര്‍ഡ് കിട്ടിയപ്പോ അച്ഛന്‍ വിളിച്ചു. ആകെ പറഞ്ഞത് മൂന്ന് വാചകം. '''കണ്‍ഗ്രാജുലേഷന്‍. ഗുഡ് ലക്ക്. അടുത്തയാഴ്ച നിന്റെ മൊബൈല്‍ ബില്ലടക്കണം.'' കഴിഞ്ഞു! രണ്ടാമത് അവാര്‍ഡ് കിട്ടിയ സമയത്ത് ഞാന്‍ ഗര്‍ഭിണിയാണ്. അച്ഛന്‍ വിളിച്ചു. പക്ഷേ കിട്ടിയില്ല. അടുത്ത ദിവസം ഞാന്‍ അച്ഛനെ വിളിച്ചപ്പോ ചോദിച്ചു, ''അച്ഛനെെന്ന കണ്‍ഗ്രാജുലേറ്റ് ചെയ്തില്ലല്ലോ?'' ''ഞാന്‍ ഇന്നലെ വിളിച്ചിരുന്നു, കിട്ടിയില്ല''. ഞാന്‍ ചോദിച്ചു, ''എന്നാ ഇപ്പോ പറഞ്ഞൂടേ?'' ''അതു കഴിഞ്ഞില്ലേ. ഇനി നീ ആരോഗ്യത്തില്‍ ശ്രദ്ധിക്കൂ..'' 

Coverകൂടുതല്‍ വായിക്കാം പുതിയ ലക്കം ഗൃഹലക്ഷ്മിയില്‍. ഓണ്‍ലൈന്‍ വഴിവാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.