'മോന്‍, മോന്‍ എന്നു ഞാന്‍ പറയുമെങ്കിലും സുകേഷ് മുതിര്‍ന്നില്ലേ. 30 വയസ്സായി. വെരി ഗുഡ് ബോയ് എന്ന് പറയുമ്പോള്‍ അവന്‍ പറയും വെരി ഗുഡ് മാന്‍ ആയി എന്ന്. പത്തിരുപത് വയസ്സ് കഴിഞ്ഞാല്‍ പിന്നെ കുട്ടികള്‍ അച്ഛനും അമ്മയുമൊന്നും പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ. ഫ്രണ്ട്‌സിനൊപ്പം പോകും, കറങ്ങും അവരുടെ ലോകമല്ലേ..ആ സമയം സുകേഷിന് ഇപ്പോഴാണെന്ന് തോന്നുന്നു. പുറത്തുപോകാനൊന്നും അവന് താല്പര്യമില്ല. അവനവനിലേക്ക് തന്നെ ഒതുങ്ങിക്കൂടുകയാണ് സുകേഷ്. വരുന്നത് അനുഭവിക്കുക എന്നല്ലാതെ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ലല്ലോ..' പാലക്കാട് കൊട്ടേക്കാടുള്ള വീട്ടിലിരുന്ന് സ്മിത സുകേഷ് കുട്ടന്റെ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു. റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സില്‍ ചേക്കേറിയ സുകേഷ് എന്ന പാട്ടുകാരന്‍ ഇപ്പോള്‍ പാട്ടുകളില്‍ നിന്നും തിരക്കുകളില്‍ നിന്നും അകലാന്‍ ശ്രമിക്കുകയാണ്.. ഓട്ടിസ്റ്റിക്കായ മകന്റെ ഇണക്കങ്ങളും പിണക്കങ്ങളും ഈ അമ്മക്ക് ശീലമായിക്കഴിഞ്ഞെങ്കിലും പാട്ടിനോടുള്ള സുകേഷിന്റെ പിണക്കം സ്മിതയെ അല്പമൊന്ന് ഭയപ്പെടുത്തുന്നുണ്ട്. 

പകച്ച് നിന്നിട്ടുണ്ട് എത്രയോവട്ടം 

ഒരിക്കല്‍ ഫ്‌ലൈറ്റില്‍ വരുമ്പോള്‍ സുകേഷ് വല്ലാതെ ബഹളം വച്ചു. ഞങ്ങളിറങ്ങാതെ ഫ്‌ലൈറ്റ് എടുക്കില്ലെന്നായി ജീവനക്കാര്‍. സുകേഷിന് കുട്ടികളോട് വലിയ പ്രതിപത്തിയില്ല, ഞങ്ങള്‍ ഇരിക്കുന്നതിന്റെ സമീപത്തായി അഞ്ച് - ആറുവയസ്സുളള ഒരു കുട്ടി ഇരിക്കുന്നുണ്ടായിരുന്നു അതായിരുന്നു പ്രശ്‌നം. നാലുമണിക്കൂര്‍ നീളുന്ന യാത്രയാണ്, മറ്റുള്ള യാത്രക്കാരുടെ സുരക്ഷിത്വം കൂടി നോക്കണ്ടേ എന്നാണ് അവര്‍ എന്നോട് ചോദിച്ചത്. അവരെ കുറ്റംപറയാന്‍ പറ്റില്ലല്ലോ.  അവര്‍ എന്നോട് ഭര്‍ത്താവിനെ വിളിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കാന്‍ പറഞ്ഞു. ഞാന്‍ പുള്ളിയെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് കരയുന്നു. യാത്രക്കാര്‍ കുറവാണ്. ഞാന്‍ സുകേഷ് കുഴപ്പമൊന്നുമുണ്ടാക്കില്ലെന്ന് അവര്‍ക്ക് വാക്കുകൊടുത്തു. 

ആ കുട്ടിയുടെ രക്ഷിതാക്കള്‍ സഹകരിച്ചതുകൊണ്ടാണ് അന്ന് യാത്ര നടന്നത്. അവര്‍ കുട്ടിയുമായി പുറകില്‍ പോയിരുന്നു. ആരാണ് അങ്ങനെയൊക്കെ ചെയ്യുക. ഇപ്പോള്‍ വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ ബുദ്ധിമുട്ടാണ്. കാരണം സുകേഷിന് ഇഷ്ടമല്ല. ഞങ്ങള്‍ ഇപ്പോള്‍ ഒരുനാട്ടിന്‍പുറത്താണ് താമസിക്കുന്നത്. അവനെ കാണണമെന്ന് ഒരുപാട് പേര്‍ പറയും പക്ഷേ അവന്‍ കൂട്ടാക്കില്ല. 

ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സുകേഷ് വിതുമ്പി കരയും 

സുകേഷിന് ഓട്ടിസമാണെന്ന് എനിക്കറിയില്ലായിരുന്നു. അന്ന് അങ്ങനെ ഒരു വാക്കുതന്നെ കേട്ടിട്ടില്ല. സംസാരിക്കേണ്ട പ്രായമായപ്പോള്‍ അവന്‍ സംസാരിക്കാതായി. ഞങ്ങള്‍ ബഹ്‌റെയ്‌നിലായിരുന്നു, സുകേഷിന്റെ അച്ഛന്‍ കുട്ടന്‍ ജോലിക്ക് പോയാല്‍ പിന്നെ ഞങ്ങള്‍ തനിച്ചല്ലേ. കുഞ്ഞ് സംസാരിക്കാത്തത് കൊണ്ട് ചോദിക്കും മുമ്പേ വേണ്ടത് ചെയ്തുകൊടുക്കും. 

പിന്നെ സുകേഷിന് മൂന്നരവയസ്സുള്ളപ്പോഴാണ് വെല്ലൂര്‍ സിഎംസിയിലേക്ക് കൊണ്ടുവന്നത്.. മൂന്നുമാസമായിരുന്നു അവിടെ. കൃത്യമായ ടൈംടേബിള്‍ പ്രകാരമുള്ള പരിശീലനമാണ് അവിടെ. എനിക്ക് പരിശീലനമൊന്നും വേണ്ട തിരിച്ച് പോകണമെന്നൊക്കെ പറഞ്ഞ് ആദ്യമെല്ലാം ഞാന്‍ കരഞ്ഞിട്ടുണ്ട്. കരഞ്ഞിരുന്നാല്‍ കാര്യമില്ല. ഇത് ഒരു യാഥാര്‍ഥ്യമാണ്. ലൈഫ്‌ലോങ് നീണ്ടുനില്‍ക്കുന്ന ഒന്നാണ്. കുഞ്ഞ് നന്നാകേണ്ടത് നിങ്ങളുടെ ആവശ്യമല്ലേ എന്നൊക്കെ അവിടുത്തെ ഡോക്ടര്‍മാര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. ഒടുവില്‍ മൂന്നുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കി ഒരുമാസം കൂടെ അവിടെ നിന്ന ശേഷമാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്.

ഗര്‍ഭാവസ്ഥയില്‍ തന്നെ പാട്ടുകേട്ട് വളര്‍ന്ന കുട്ടിയാണ് സുകേഷ്. ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും നന്നായി പാടുമായിരുന്നു. ആ പാരമ്പര്യവും ഉണ്ടാകാം. ഭര്‍ത്താവിന്റെ സഹോദരന്‍ മനോജ് കൃഷ്ണന്‍ നല്ല പാട്ടുകാരനായിരുന്നു. മനോജ് പാടുന്നത് കേട്ട് കുഞ്ഞ് വിതുമ്പി കരയുമായിരുന്നു. പ്രമദവനം, നീരാടുവാന്‍ ഈ പാട്ടുകളുടെ ഹമ്മിങ് കേട്ടാല്‍ മതി കുട്ടി കരഞ്ഞുതുടങ്ങും. കുട്ടിക്കാലം മുതല്‍ അവനില്‍ പാട്ടിനോടുള്ള ഇഷ്ടം കണ്ടിട്ടുണ്ട്. 

ഹാര്‍മോണിയത്തിനൊപ്പം മൂളിത്തുടങ്ങി, പിന്നെ സംസാരത്തിലേക്ക് 

വെല്ലൂരില്‍ നിത്യവും രണ്ടുനേരം പ്രാര്‍ഥനയുണ്ടാകും. ഹാര്‍മോണിയം വായിക്കും. അപ്പോള്‍ മോന്‍ അതേ ട്യൂണില്‍ മൂളിത്തുടങ്ങി. അതാണ് അവന്റെ സംസാരത്തിന്റെ തുടക്കം. പിന്നെ പതുക്കെ പതുക്കെ വാക്കുകള്‍ വന്നു..വെല്ലൂരില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ അവന്റെ മുത്തച്ഛന്‍ അവനെ പുതിയ വാക്കുകളും സംഗീതവും പഠിപ്പിച്ചു. കുടുംബം മുഴുവന്‍ കൂടെ നിന്നു..

1994-ലാണ് സുകേഷ് പാട്ട് പഠിക്കാന്‍ തുടങ്ങുന്നത്. അതുവരെ അവന്‍ കാസറ്റുകള്‍ നിത്യവും കേള്‍ക്കുമായിരുന്നു. ഒന്നോ രണ്ടോ തവണയല്ല. സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ദുബായില്‍ ഷൈനി എന്ന ടീച്ചറുടെ അടുത്താണ് അവനെ സപ്തസ്വരങ്ങള്‍ പഠിപ്പിക്കാന്‍ വിടുന്നത്. ടീച്ചറുടെ മടിയിലിരുന്ന് പഠിച്ച കുട്ടിയാണ്. ഗിരിജാ അടിയോടി, സുഷമ സുനില്‍, കൃഷ്ണകുമാരി തുടങ്ങി ഒരുപാട് പേരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. ഇതിനിടയില്‍ നിരവധി പരിപാടികളില്‍ അവന്‍ പാടിത്തുടങ്ങി. ദുബായിലെ ശ്രുതി ആന്‍ഡ് ക്രിസ്റ്റല്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2011 വരെ സുകേഷ് സംഗീതം പഠിച്ചു. ദുബായിലെ അല്‍നൂര്‍ ട്രെയിനിങ് സെന്ററിലായിരുന്നു സുകേഷിന്റെ വിദ്യാഭ്യാസം.

ഇടക്കവന്‍ പിണങ്ങും. പാട്ടു പഠിക്കുന്നിടത്ത് പിണങ്ങിയിരിക്കും പരിപാടികളില്‍ പങ്കെടുക്കാന്‍ പോയി പാടാതെ പോന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്.  അപ്പോള്‍ ഞാന്‍ കരയും..വീട്ടില്‍ എല്ലാവരും പറയും സുകേഷ് പാടിയാല്‍ അമ്മയും മകനും കൂടെ ചിരിച്ചുവരുന്നത് കാണാം അല്ലെങ്കില്‍ രണ്ടുപേരും കൂടെ കരഞ്ഞഅ വരുമെന്ന്.  

നമ്മുടെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ സദ്യ കൊടുക്കുന്നത് പോലെയാണ് സുകേഷിന്റെ പാട്ട്. അവര്‍ക്ക് നിറയെ പാട്ട് കൊടുക്കുമായിരുന്നു സുകേഷ്. മൃദംഗം, തബല, കീബോര്‍ഡ് എല്ലാം വായിക്കും. സംഗീതവുമായി ബന്ധപ്പെട്ട എന്തുസംശയവും സുകേഷിനോട് ചോദിക്കാം. ഞങ്ങളുടെ മ്യൂസിക് അക്കാദമിയായിരുന്നു സുകേഷ്. 

വിദേശത്തായിരുന്നപ്പോള്‍ എല്ലാ വെള്ളിയാഴ്ചയും പരിപാടികള്‍ ഉണ്ടാകും സുകേഷിന്റെ മലയാളം പാട്ടുകളും. 12 വയസ്സുള്ളപ്പോള്‍ തൊട്ട് അവിടെ അവന്‍ പാടുമായിരുന്നു. ഒപ്പം പാടുന്നവര്‍ക്ക് സുകേഷ് ഉണ്ടെങ്കില്‍ ധൈര്യമാണ്. തുടങ്ങേണ്ടത് എവിടെ എന്നൊക്കെ പറഞ്ഞുകൊടുക്കും. റിഹേഴ്‌സലിന് വന്നില്ലെങ്കിലും സുകേഷ് ഉണ്ടല്ലോ നമുക്ക് കേറാമെന്ന് പറയും. പാട്ട് നോക്കി പാടില്ല, ഒറിജിനല്‍ പിച്ചിലേ പാടൂ..

കണ്ണീര് വീണ ട്രോഫികളാണ് ഇവിടെ ഇരിക്കുന്ന ഓരോന്നും

പ്രതാപ് നായര്‍ എന്ന വ്യക്തി കാരണമാണ് ഇന്ന് സുകേഷിനെ നിങ്ങളൊക്കെ അറിയുന്നത്. ഗള്‍ഫില്‍ വെച്ചുനടന്ന ഒരു പരിപാടിക്കിടയില്‍ സുകേഷിനെ അദ്ദേഹം കണ്ടിരുന്നു. അന്നവിടെ അവസാന റൗണ്ടില്‍ പാടാതെ പിണങ്ങി നിന്നിട്ടുണ്ട് സുകേഷ്. ഇതൊക്കെ കണ്ടിട്ടും റിയാലിറ്റി ഷോയുടെ ഓഡീഷന് ഞങ്ങളെ ക്ഷണിച്ചു. പക്ഷേ ഓഡീഷന് പങ്കെടുക്കാന്‍ വന്ന സുകേഷ് സ്ഥലത്തെത്തിയപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങിയില്ല. തിരിച്ചുപോകുകയാണെന്ന് ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. വിദേശത്ത് നിന്ന് ഇത്രദൂരം വന്നിട്ട് മടങ്ങുകയാണോ എന്നായിരുന്നു അവരുടെയും സങ്കടം. തിരിച്ചുപോയി റൂമിലിരുന്ന് ഞാന്‍ കുറേ കരഞ്ഞു. പക്ഷേ ഓഡിഷന്‍ തീരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അവന്‍ പാടാന്‍ തയ്യാറായി. ഞങ്ങള്‍ തിരിച്ചെത്തി പാടി. ആ സമയത്ത് അനുഭവിച്ച മാനസിക പ്രയാസം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല..

ചിത്രയും അനുരാധയുമൊക്കെയാണ് എനിക്ക് പിന്തുണ നല്‍കിയത്. അതുപോലെ ഏഷ്യാനെറ്റ് സ്റ്റാഫും. ഒരു ഘട്ടത്തില്‍ അവന്‍ സ്റ്റേജില്‍ ഒറ്റപാട്ടുപോലും പാടാതെ അവന്‍ ഇരുന്നിട്ടുണ്ട്. ഫൈനലില്‍ അവന്‍ പാടിയില്ല. ഞങ്ങളുടെ കണ്ണീര് വീണ ട്രോഫികളാണ് ഇവിടെ ഇരിക്കുന്ന ഓരോന്നും. പക്ഷേ അങ്ങനെ ഞാന്‍ പുറത്തിറങ്ങി. സംസാരിച്ച് സംസാരിച്ച് ദാ ഇപ്പോ ഇങ്ങനെ കരയാതെ സംസാരിക്കാന്‍ പഠിച്ചു. എല്ലാവരും ചോദിക്കാറുണ്ട് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കുന്നെന്ന്. അപ്പോള്‍ ഞാന്‍ പറയും എന്റെ 25 വര്‍ഷത്തെ അനുഭവത്തില്‍ നിന്നാണ് പറയുന്നതെന്ന്..കാരണം പാട്ടിലാണ് സുകേഷ് എല്ലാം. 

ചിത്രയ്ക്ക് മകനാണ് സുകേഷ് 

ഇന്നും ഏത് തിരക്കിനിടയിലും സുകേഷ് മെസേജിട്ടാല്‍ ഉടന്‍ ചിത്രയുടെ മെസേജ് വരും. ഷോയില്‍ പങ്കെടുക്കുമ്പോള്‍ മറ്റെല്ലാ കുട്ടികളും ക്യാമ്പില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ ചിത്രക്കൊപ്പമാണ് ഇരുന്നിരുന്നത്. സുകേഷിന് ചോറ് കൊടുക്കും ചോക്ലേറ്റ് കൊടുക്കും. നിരവധി പ്രോഗ്രാമുകളില്‍ പാടാന്‍ കൊണ്ടുപോയിട്ടുണ്ട്. അവന്‍ പിണങ്ങി നിന്ന അനുഭവങ്ങള്‍ അവിടെയും ഉണ്ടായിട്ടുണ്ട്. ചിത്രയായാലും വിജയന്‍ ചേട്ടനായാലും അതുസാരമില്ലെന്ന് പറയും. അങ്ങനെയൊന്നും ആര്‍ക്കും പറ്റുന്നതല്ല. ഒരിക്കല്‍ ഓണത്തിനുള്ള ഒരു ആല്‍ബത്തിന്റെ ട്രാക്ക് സുകേഷിന് കൊടുത്തു. സുകേഷ് പഠിക്കാന്‍ കൂട്ടാക്കിയില്ല..ഒന്നരവര്‍ഷമാണ് സുകേഷിന് വേണ്ടി അന്നവര്‍ കാത്തിരുന്നത്. അതൊന്നും ആരും ചെയ്യില്ല. എത്രപേര്‍ക്ക് അങ്ങനെ ക്ഷമിച്ചിരിക്കാന്‍ പറ്റും.  

സുകേഷിന്റെ ഉളളില്‍ സംഗീതമുണ്ട്

സുകേഷിനെപ്പോലുള്ള കുട്ടികളെ ശ്രദ്ധിക്കണം, അവര്‍ക്ക് സമയം കൊടുക്കണം എങ്കില്‍ മാത്രമേ ഉയര്‍ത്തികൊണ്ടുവരാന്‍ സാധിക്കൂ. എനിക്ക് സിനിമാ ലോകത്തോടും സംഗീതസംവിധായകരോടും പറയാനുള്ളത് ഇതുമാത്രമാണ്. ഒരു കോംപറ്റീഷന് വേണ്ടി ഒരു കീര്‍ത്തനം പഠിച്ചെത്തിയ കുട്ടിയല്ല സുകേഷ്. അവന്റെ ഉള്ളില്‍ സംഗീതമുണ്ട്. സ്വന്തമായി അഞ്ചോ ആറോ ഗാനങ്ങള്‍ അവന്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ചിത്ര ചേച്ചിയെപോലെ ഒരു വലിയ സ്റ്റുഡിയോ ആരംഭിക്കണമെന്ന വലിയൊരു മോഹമുണ്ട് സുകേഷിന്‌. സുകേഷിന് പാട്ട് ഡൗണ്‍ലോഡ് ചെയ്തുകൊടുക്കുന്നതും ഐപാഡില്‍ സംഗീതവുമായി ബന്ധപ്പെട്ട ആപ്പുകള്‍ ഡൗണ്‍ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തുകൊടുക്കുന്നതും അനിയന്‍ ജിഷ്ണുവാണ്.

സുകേഷിന് സംബന്ധിച്ചിടത്തോളം ഒരു മ്യൂസിക് ഡയറക്ടറോ ഒരു സ്റ്റുഡിയോ തന്നെയോ തയ്യാറായി വരണം, കുറേ ആള്‍ക്കാര്‍ അതിന് തയ്യാറായാലേ ഇത്തരം കുട്ടികള്‍ മുന്നോട്ട് വരൂ. സുകേഷ് ഉള്‍വലിയുകയാണ് അവനില്‍ നിന്ന് സംഗീതം പോകുകയാണ്. അയ്യോ ആ കുട്ടി ചെയ്യില്ല എന്ന് കരുതരുത്. ആ കാഴ്ചപ്പാട് മാററണം. 

ഇപ്പോ എല്ലാവരും പറയും, നമ്മുടെ സുകേഷ് കുട്ടന്റെ പോലെയെന്ന്  

പണ്ടൊക്കെ ഇങ്ങനെ ഒരു കുട്ടി വീട്ടില്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് വലിയ വിഷമമാണ്. വീട്ടില്‍ ആരെങ്കിലും വരുമ്പോഴോ, കല്യാണം പോലുളള വിശേഷാവസരങ്ങളിലോ കുട്ടികളെ ബന്ധുവീടുകളിലോ, അയല്‍പ്പക്കത്തോ മാറ്റി നിര്‍ത്തും. എന്നാല്‍ ഇപ്പോള്‍ ആ സ്ഥിതി കുറേ മാറിക്കഴിഞ്ഞു. ഓട്ടിസ്റ്റിക്കായ ഒരു കുട്ടിയെ ചൂണ്ടി നമ്മുടെ സുകേഷ് കുട്ടനെ പോലെ എന്നാണ് പല മാതാപിതാക്കളും പറയുന്നത്. അങ്ങനെ ഒരു മാററം കൊണ്ടുവരാന്‍ എന്നിലെ അമ്മക്ക് കഴിഞ്ഞില്ലേ. ഇന്ന് കല്യാണങ്ങള്‍ക്കൊക്കെ പോകുമ്പോള്‍ കുറേ അമ്മമാര്‍ എന്റെ അടുത്ത് വരും.

എന്റെ കുട്ടി ഇങ്ങനെയാണ്, എന്റെ കുഞ്ഞിനും ഇതേ അവസ്ഥയാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്..കരഞ്ഞുകൊണ്ടല്ല അവരിന്ന് അതെല്ലാം പങ്കുവെക്കുന്നത്. രക്ഷിതാക്കള്‍ അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് ഒരു വലിയ മാറ്റം തന്നെയാണ്. സുകേഷ് കുട്ടന്‍ റിയാലിറ്റി ഷോയില്‍ വന്നു, അങ്ങനെ എല്ലാവരുമറിഞ്ഞു. എന്നാല്‍ ഇതുപോലെ വിവിധ മേഖലകളില്‍ കഴിവുള്ള നിരവധി കുട്ടികളുണ്ടാകും നാം അറിയാതെ പോകുന്നവര്‍. അവര്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സാധിക്കണം. 

ചെറിയ പ്രായത്തില്‍ തന്നെ പ്രശ്‌നമെന്താണെന്ന് കണ്ടെത്തി പരിശീലനം നല്‍കാന്‍ സാധിച്ചാല്‍ ഭിന്നശേഷിക്കാരായ കുട്ടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും. അതിന് മുന്‍കൈ എടുക്കേണ്ടത് മാതാപിതാക്കളാണ്.