ചുടുകട്ട കൊണ്ട് മറച്ച പണിപൂര്‍ത്തിയാകാത്ത വീടിന്റെ മുമ്പില്‍ നിന്ന് ശ്രീധന്യയുടെ അമ്മ കമലയും അച്ഛന്‍ സുരേഷും മകളുടെ നേട്ടത്തെക്കുറിച്ച് മാധ്യമങ്ങളോട് സന്തോഷം പങ്കുവച്ചു. മകളുടെ വിജയത്തില്‍ ഈ മാതാപിതാക്കള്‍ അങ്ങേയറ്റം സന്തോഷത്തിലാണ്. അത്ര കഷ്ട്ടപ്പെട്ടാണ് ശ്രീധന്യയെ പഠിപ്പിച്ചതെന്ന് അഭിമാനം നിറഞ്ഞ സന്തോഷത്തോടെ ആ അമ്മ പറഞ്ഞു. വയനാട്ടിലെ സാധാരണ ഗവണ്‍മെന്റ് സ്‌കൂളില്‍ മലയാളം സിലബസില്‍ പഠിച്ച ശ്രീധന്യ ഒരു സ്വപ്‌നത്തിന് പിന്നാലെയുള്ള യാത്രയിലായിരുന്നു. കുട്ടിക്കാലത്ത് എന്നോ മനസില്‍ കയറിക്കൂടിയ സിവില്‍ സര്‍വീസ് എന്ന സ്വപ്‌നത്തിനു പിന്നാലെ...  അവളുടെ പരിശ്രമത്തില്‍ മുമ്പില്‍ തടസങ്ങള്‍ നിഷ്പ്രഭമായി. പിന്തിരിയാത്ത നിശ്ചയദാര്‍ഢ്യത്തിനും തളര്‍ന്നു പോകാത്ത കഠിനാധ്വാനത്തിനും മുമ്പില്‍ ഒരു ചരിത്രം പിറവിയെടുത്തു. 

കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടുന്ന ആദ്യത്തെ ആദിവാസി വനിത എന്ന ചരിത്രം. നിറഞ്ഞ ആത്മവിശ്വാസത്തോടെ  ശ്രീധന്യ തന്റെ നേട്ടത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഇതിലും മികച്ച ഒരു റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും  സന്തോഷമുണ്ട് ഇവിടെ വരെ എത്താന്‍ സാധിച്ചല്ലോ. വയനാട് പൊഴുതന അമ്പലകൊല്ലി കോളനിയിലെ ഇടിയംവയല്‍ സ്വദേശികളായ കമലയുടെയും സുരേഷിന്റെയും മൂന്നുമക്കളില്‍ മൂത്തയാളാണ് ശ്രീധന്യ. മൂന്നുവര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ശ്രീധന്യ ഈ റാങ്ക് കരസ്ഥമാക്കിയത്. ചെറുപ്പം മുതല്‍ ശ്രീധന്യയ്ക്ക് സിവില്‍ സര്‍വീസില്‍ താല്‍പ്പര്യം ഉണ്ടായിരുന്നു. ഇത്രയും ആദിവാസികളുള്ള വയനാട്ടില്‍ നിന്ന് ഒരു സിവില്‍ സെര്‍വന്റ് പോലും ഉണ്ടായിട്ടില്ല എന്ന വസ്തുത ശ്രീധന്യയെ ചിന്തിപ്പിച്ചു. 

ഇത് എല്ലാവര്‍ക്കും നേടിയെടുക്കാന്‍ പറ്റുന്ന ഒരു മേഖലയാണെന്ന് തെളിയിക്കുക കൂടിയായിരുന്നു തന്റെ ലക്ഷ്യം എന്ന് ഇവര്‍ പറയുന്നു. സ്‌കൂള്‍ പഠനകാലം മുതല്‍ മനസില്‍ ആഗ്രഹം ഉണ്ടായിരുന്നു. എങ്കിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ പോസ്റ്റ്ഗ്രാജ്വേഷന്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് സിവില്‍ സര്‍വീസ് എന്ന് ആ്രഗഹത്തെ ഗൗരവത്തോടെ സമീപിക്കുന്നത്. പിജി കഴിഞ്ഞപ്പോള്‍ ഷെഡ്യൂള്‍ കാസ്റ്റ് ഡെവലപ്പമെന്റ് ഡിപ്പാര്‍ട്ട്‌മെന്റ സിവില്‍ സര്‍വീസില്‍ നല്‍കിവരുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍ട്രന്‍സ് പരീക്ഷ എഴുതിയപ്പോള്‍ പാസായി. അതിനു ശേഷമാണ് സിവില്‍ സര്‍വീസ് എന്താണ്, എങ്ങനെ പഠിക്കണം എന്നൊക്കെ മനസിലായത്. പ്രിലിമിനറി കിട്ടിയ ശേഷം മെയിന്‍സിനുള്ള തയാറെടുപ്പുകള്‍ക്കായി ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ ചേര്‍ന്നു. ഫോര്‍ച്യൂണിലും ശങ്കേഴ്‌സിലുമായിരുന്നു ഇന്റര്‍വ്യൂവിന്റെ തയാറെടുപ്പുകള്‍ നടത്തിയത്. 

wynd
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ
ശ്രീധന്യയുടെ വയനാട് ഇടിയംവയലിലെ വീട്. ഫോട്ടോ: പി ജയേഷ്. 

എല്ലാവര്‍ക്കും കഴിയുമെങ്കിലും അല്‍പ്പം പണച്ചെലവുള്ള കാര്യമാണ് സിവില്‍ സര്‍വീസ് എന്ന് ശ്രീധന്യ പറയുന്നു. പ്രിലിമിനറി, ഇന്റര്‍വ്യൂ, ടെസ്റ്റ്‌സീരീസുകള്‍, ഹോസ്റ്റല്‍ ഫീസ് എല്ലാം സാമ്പത്തികമായി സുരക്ഷിതത്വമുള്ള കുട്ടികള്‍ക്ക് പറ്റുന്നത് തന്നെയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റൊരുതരത്തിലുള്ള വെല്ലുവിളിയും പഠനകാലത്ത് നേരിടേണ്ടി വന്നിട്ടില്ല. സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ 40,000 രൂപയുമായാണ് ശ്രീധന്യ റാങ്കെന്ന ലക്ഷ്യത്തോടെ ഡല്‍ഹിക്ക് വണ്ടി കയറിയത്. പഠനത്തിനാവശ്യമായ പത്രം വാങ്ങാനുള്ള സമ്പത്തിക ശേഷി മാതാപിതാക്കള്‍ക്കുണ്ടായിരുന്നില്ല.  ശ്രീധന്യയുടെ സുഹൃത്തുക്കളുടെയും അച്ഛന്റെ സുഹൃത്തുക്കളുടെയും പിന്നെ ഷെഡ്യൂള്‍ഡ് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെയും സഹായം ഉണ്ടായിരുന്നു.  ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ സ്‌കോളര്‍ഷിപ്പോടു കൂടിയാണ് മെയിന്‍സിന് പഠിച്ചത്. ഇത് തന്റെ സാമ്പത്തിക പരിമിതികളെ അതിജീവിക്കാന്‍ സഹായിച്ചു എന്ന് ശ്രീധന്യ പറയുന്നു. 

പിജി പഠനത്തിനു ശേഷം കുറച്ചുനാള്‍ ജോലി ചെയ്തിരുന്ന പണം കൂടി സ്വരൂപിച്ചാണ് സിവില്‍ സര്‍വീസ് പഠനത്തിന് എത്തിയത്. പ്ലസ്ടുവരെ വയനാട്ടില്‍ തന്നെയുള്ള മലയാളം മീഡിയത്തിലായിരുന്നു പഠനം. 10 വരെ തരിയോടുള്ള നിര്‍മല സ്‌കൂളിലും  +1 , +2 പെരിയോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലുമായായിരുന്നു പഠനം. ഡിഗ്രി പഠനം കാലിക്കട്ട് ദേവഗിരി കോളേജിലായിരുന്നു. സുവോളജിയായിരുന്നു വിഷയം. പോസ്റ്റ്ഗ്രാജുവേഷന്‍ കാലിക്കറ്റ് യൂണിവേഴ്‌സറ്റി ക്യാമ്പസിലായിരുന്നു. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. അമ്മ തൊഴിലുറപ്പിനു പോകുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന ശ്രീധന്യ  പത്താം ക്ലാസിലും ഡിഗ്രിക്കും പിജിക്കും ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് പാസ്സായത്.  ആദിവാസികളില്‍  തന്നെ ഒരുപാട് വിഭാഗങ്ങള്‍ ഉണ്ടെങ്കിലും കുറുമ, കുറിച്യാസ് ഒക്കെ വിദ്യാഭ്യാസകാര്യത്തില്‍ കുറച്ചുകൂടി മുന്നോക്കം വന്നവരാണ്. ആദിവാസി വിഭാഗത്തില്‍ വിദ്യാഭ്യാസ കാര്യത്തില്‍ പിന്നാക്കാം നില്‍ക്കുന്നവരെ മുന്നോട്ട് കൊണ്ടുവന്നാലെ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് പൂര്‍ണമാകുകയുള്ളു എന്ന് ശ്രീധന്യ പറയുന്നു. അങ്ങനെ ഉള്ളവര്‍ക്ക് തന്റെ വിജയം ഒരു പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ് ശ്രീധന്യ.

Content Highlights: Sreedhanya Suresh first tribal woman from Kerala to crack UPSC civil services exam